- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'ആ ഗോൾ എന്റെ തലയിൽ നിന്നും വന്നത്'; ഉറുഗ്വെക്കെതിരായ ഗോളിൽ അവകാശവാദമുന്നയിച്ച് സി.ആർ സെവൻ; ആരടിച്ചാലെന്താ പോർച്ചുഗൽ കളി ജയിച്ചില്ലേയെന്ന് ഷോട്ടുതിർത്ത ബ്രേൂണോ ഫെർണാണ്ടസും
ദോഹ:ലോകകപ്പിലെ എച്ച് ഗ്രൂപ്പിൽ ഇന്നലെ നടന്ന പോർച്ചുഗൽ-ഉറുഗ്വേ മത്സരത്തിൽ പറങ്കിപ്പടയുടെ വിജയഗോളിനെച്ചൊല്ലിയുള്ള തർക്കം ഇപ്പോഴും തുടരുകയാണ്.അവസാനം വരെ അത്യധികം അവേശം നിറഞ്ഞ മത്സരത്തിൽ ഉറുഗ്വെയെ തോൽപ്പിച്ച് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു.മധ്യനിര താരം ബ്രൂണോ ഫെർണാണ്ടസ് നേടിയ രണ്ട് ഗോളുകളാണ് പോർച്ചുഗലിന് ജയമൊരുക്കിയത്.ഒരു ഗോൾ ബോക്സിന് പുറത്ത് നിന്നായിരുന്നു.മറ്റൊന്ന് പെനാൽറ്റി കിക്കിലൂടേയും.എന്നാൽ, ബോക്‌സിന് പുറത്ത് നിന്നുള്ള ബ്രൂണോയുടെ ഗോളിനെ ചൊല്ലിയുള്ള വിവാദങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്.ഈ ഗോൾ ആരുടെ അക്കൗണ്ടിലാണ് കൂട്ടുക എന്നുള്ളതാണ് പ്രധാന പ്രശ്‌നം.
മത്സരത്തിനിടെ ബ്രൂണോ ക്രിസ്റ്റ്യാനോയ്ക്ക് ഹെഡ് ചെയ്യാൻ പാകത്തിൽ ക്രോസ് ചെയ്ത പന്തായിരുന്നു ഗോളായി മാറിയത്.ഉയർന്നുചാടിയ ക്രിസ്റ്റ്യാനോ പന്ത് ഹെഡ് ചെയ്യാൻ ശ്രമിച്ചു.എന്നാൽ താരത്തിന് ശരിയായ രീതിയിൽ കണക്റ്റ് ചെയ്യാൻ സാധിച്ചില്ല.ഒരുപക്ഷേ ക്രിസ്റ്റ്യാനോ ഹെഡ് ചെയ്യാൻ ശ്രമിച്ചതുകൊണ്ടാവാം ഉറുഗ്വെൻ ഗോൾ കീപ്പർക്ക് ആശയക്കുഴപ്പമായത്.എന്തായാലും ക്രിസ്റ്റ്യാനോ തന്റെ ഗോളെന്ന രീതിയിൽ തന്നെയാണ് ഗോളിന് പിന്നാലെ ആഘോഷവും നടത്തിയത്.
എന്നാൽ നിമിഷങ്ങൾക്കകം തിരുത്ത് വന്നു.ബ്രൂണോയ്ക്ക് അവകാശപ്പെട്ട ഗോളാണ് അതെന്ന് ഔദ്യോഗികമായി തെളിഞ്ഞു.എന്നാൽ, ഇപ്പോൾ ആ ഗോൾ തന്റേതാണെന്ന് റൊണാൾഡോ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നാണ് ഗിവ് മീ സ്‌പോർട് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്. മത്സരശേഷം ഗ്രൗണ്ടിൽ പന്ത് തന്റെ തലയിൽ കൊണ്ടുവെന്ന് ക്രിസ്റ്റ്യാനോ പറയുന്ന വീഡിയോകൾ പുറത്ത് വന്നിരുന്നു.പിന്നാലെ റൊണാൾഡോ പിയേഴ്‌സ് മോർഗന് പന്ത് തന്റെ തലയിൽ കൊണ്ടതായി സന്ദേശം അയച്ചുവെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
യുഎസ് മുൻ അന്താരാഷ്ട്ര താരം അലക്‌സി ലാലസ് ആണ് ഫോക്‌സ് സ്‌പോർട്‌സിനോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഗിവ് മീ സ്‌പോർട് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.ഇതിനിടെ ആ ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടേതാണെന്ന് പിയേഴ്‌സ് മോർഗൻ ട്വീറ്റ് ചെയ്തു. റൊണാൾഡോ പന്തിൽ ടച്ച് ചെയ്തുവെന്നും അദ്ദേഹത്തിന് തന്നെ ആ ഗോൾ നൽകണമെന്നുമാണ് മോർഗൻ ട്വീറ്റ് ചെയ്തത്.
ഇതെല്ലാം ഒരു ഭാഗത്ത് കൂടെ നടക്കുമ്പോൾ ബ്രൂണോ ഫെർണാണ്ടസിന് അതൊന്നും ഒരു വിഷയമേ ആകുന്നില്ല.ക്രിസ്റ്റ്യാനോ ആണ് ഗോൾ നേടിയതെന്ന് കരുതി തന്നെയാണ് ആഘോഷിച്ചതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞു.ക്രിസ്റ്റ്യാനോ പന്തിൽ ടച്ച് ചെയ്തതായി തോന്നി. അദ്ദേഹത്തിലേക്ക് ക്രോസ് ചെയ്യുക എന്നത് തന്നെയായിരുന്നു തന്റെ ലക്ഷ്യം. ആര് സ്‌കോർ ചെയ്താലും വിജയത്തിൽ സന്തോഷമുണ്ട്. അടുത്ത റൗണ്ടിൽ എത്തുക എന്ന ലക്ഷ്യം ഞങ്ങൾ നേടിയെടുത്തു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ബ്രൂണോ വ്യകതമാക്കി.
മറുനാടന് മലയാളി ബ്യൂറോ