- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഏഷ്യൻ കരുത്തിന്റെ അട്ടിമറി ആവർത്തിക്കാൻ കൊറിയ ഉറുഗ്വായ്ക്കെതിരെ; ആദ്യ മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് കാമറൂണും നേർക്കുനേർ; അർജന്റീനയുടെയും ജർമ്മനിയുടെയും അനുഭവം പാഠമാക്കി ദുർബലർക്കെതിരെ കരുതലോടെ ബ്രസീലും പോർച്ചുഗലും; വരവറിയിക്കാൻ ക്രിസ്റ്റ്യാനോയും നെയ്മറും ഇന്നു കളത്തിലേക്ക്
ദോഹ: ലോകകപ്പിൽ ഇന്നും ആവേശപ്പോരുകൾ.നെയ്മറും ക്രിസ്റ്റ്യോനോയും ഇന്ന് ആദ്യമത്സരത്തിനിറങ്ങുമെന്നത് തന്നെയാണ് അഞ്ചാം ദിനത്തിന്റെ സവിശേഷത.താരതമ്യേന ദുർബലരായ എതിരാളികൾ ആണെങ്കിലും ജർമ്മനിക്കും അർജ്ജന്റീനക്കും നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കരുതലോടെ തന്നെയാവും ബ്രസീലും പോർച്ചുഗലും ആദ്യമത്സരത്തിന് ഇറങ്ങുക.പോർച്ചുഗലും നെയ്മറിന്റെ ബ്രസീലും ഇന്ന് പോരാട്ടത്തിന് ഇറങ്ങുന്നതോടെ ആരാധക ആവേശം തിരിച്ചെത്തുമെന്നാണ് ഫുട്‌ബോൾ ലോകത്തിന്റെ പ്രതീക്ഷ.
മൂന്നരക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് കാമറൂണിനെ നേരിടും.മുൻ ചാമ്പ്യന്മാരായ യുറുഗ്വേയും ലോകകപ്പിൽ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. വൈകീട്ട് ആറരയ്ക്ക് നടക്കുന്ന മത്സരത്തിൽ ദക്ഷിണ കൊറിയയാണ് എതിരാളികൾ.ഇന്ന് രാത്രി 9.30ന് നടക്കുന്ന പോരാട്ടത്തിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലിന് ആഫ്രിക്കൻ കരുത്തന്മാരായ ഘാനയാണ് എതിരാളികൾ.നാളെ പുലർച്ചെ 12.30നാണ് ബ്രസീൽ സെർബിയ പോരാട്ടം.
നാളെ പുലർച്ചെ 12.30ന് നടക്കുന്ന ബ്രസീൽ-സെർബിയ പോരാട്ടത്തിനായാണ് ആരാധകർ ഉറ്റുനോക്കുന്നത്.ആറാം ലോക കിരീടത്തിനിറങ്ങുന്ന ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ബ്രസീൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ 25-ാം സ്ഥാനക്കാരായ സെർബിയ ആണ് എതിരാളികൾ. റാങ്കിംഗിൽ കാര്യമില്ല ഗ്രൗണ്ടിലാണ് കളി എന്ന് സൗദി അറേബ്യയും ജപ്പാനും അട്ടിമറി വിജയങ്ങളോടെ തെളിയിച്ചതിനാൽ ഇന്നത്തെ പോരാട്ടം ബ്രസീലിന് അനായാസമായി കാണാനാവില്ല. ഇന്നത്തെ പോരാട്ടത്തിൽ ബ്രസീലിന്റെ പ്രതീക്ഷയും കരുത്തും നെയ്മർ ജൂനിയറാണ്.
പി എസ് ജിയിലെ തകർപ്പൻ പ്രകടനം താരം ഖത്തറിലും ആവർത്തിച്ചാൽ ബ്രസീലിനും ആരാധകർക്കും നിരാശപ്പെടേണ്ടി വരില്ല. കഴിഞ്ഞ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് 2-0നായിരുന്നു ബ്രസീലിന്റെ വിജയം. തുടർച്ചയായി 15 മത്സരങ്ങളിൽ പരാജയമറിയാതെയാണ് ബ്രസിൽ ദോഹയിലെത്തിയത്. ഇതിൽ കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ജയവും. ഈ മത്സരങ്ങളിൽ ബ്രസീൽ നേടിയത് 26 ഗോളുകൾ. വാങ്ങിയത് രണ്ടെണ്ണം മാത്രം.
ആറാം കിരീടത്തിനായി പരിചയസമ്പത്തും, യുവാവേശവും ഒന്നിക്കുന്ന ഒരു ഡെഡ്ലി കോംപോയെ തന്നെയാണ് ബ്രസീൽ അണിനിരത്തുന്നത്.അലിസൺ ബക്കറും എഡേഴ്‌സണും ഏത് ടീമും കണ്ണും പൂട്ടി ഒന്നാം ഗോളിയാക്കാവുന്ന രണ്ട് പേർ.എന്നാൽ കോച്ച് ടിറ്റെയുടെ ആദ്യ പരിഗണന ലിവർപൂളിനായി വല കാക്കുന്ന അലിസൺ തന്നെയായിരിക്കും.പന്ത് തടുക്കുക മാത്രമല്ല. ആവശ്യമെങ്കിൽ ഗോളടിപ്പിക്കാനും പോന്നവനാണ് അലിസൺ.
യുവന്റസ് ജോഡിയായ ഡാനിലോ,അലക്‌സ് സാൻഡോ എന്നിവരായിരിക്കും ബ്രസീലിന്റെ രണ്ട് വിങ് ബാക്കുകൾ. സെൻട്രൽ ഡിഫൻസിന്റെ ചുമതല നായകൻ തിയാഗോ സിൽവക്കും മാർക്കീഞ്ഞോസിനും,എഡർ മിലീറ്റാവോയക്കും.പരിചയ സമ്പന്നനായ തിയാഗോ സിൽവ,ഡാനി ആൽവസ് എന്നിവരും കോട്ട കാക്കുന്നവരുടെ നിരയിലുണ്ട്.ലുക്കാസ് പക്വേറ്റ, കാസമീറോ എന്നിവർക്കായിരിക്കും. മധ്യനിരയുടെ ചുക്കാൻ പിടിക്കുക.നെയ്മറുമായി വളരെ ഒത്തിണക്കമുള്ള താരമാണ് പക്വേറ്റ. ഇനി ബ്രസീൽ ടീമിന്റെ ഏറ്റവും കരുത്തുറ്റ മേഖലയായ മുന്നേറ്റനിരയിലേക്ക്.
ബാഴ്‌സലോണ താരം റഫീഞ്ഞ,പിഎസ്ജിയുടെ നെയ്മർ ജൂനിയർ, റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയർ എന്നിവരും.ഗോളടിക്കാൻ അഴിച്ചു വിട്ട റിച്ചാർലിസണും. ആന്റിണി,റൊഡ്രീഗോ,പെഡ്രോ തുടങ്ങി പകരക്കാരുടെ നിരയും അതിഗംഭീരമാണ്.
ഘാനയെ നേരിടാനിറങ്ങുമ്പോൾ പോർച്ചുഗൽ സൂപ്പർ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ കരിയറിലെ വലിയൊരു പ്രതിസന്ധി നേരിടുകയാണ്. ക്രിസ്റ്റ്യാനോയ്ക്ക് ഇപ്പോൾ ക്ലബ്ബിന്റെ മേൽവിലാസമില്ല. ലോകകപ്പിലെ ആദ്യമത്സരത്തിന് മണിക്കൂറുകൾക്കുമുമ്പാണ് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റഡിൽനിന്ന് അദ്ദേഹം പുറത്തുപോരുന്നത്. ഇനി ലോകകപ്പ് ജയിച്ച് പുതിയൊരു മേൽവിലാസമുണ്ടാക്കാനാകും ക്രിസ്റ്റ്യാനോയുടെ ശ്രമം. അതിലേക്കുള്ള വഴിയിലെ ആദ്യ എതിരാളിയാണ് ഘാന.
ഗ്രൂപ്പ് എച്ചിൽ വ്യാഴാഴ്ച രാത്രി 9.30-നാണ് പോർച്ചുഗൽ-ഘാന മത്സരം. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ വൈകീട്ട് 6.30-ന് യുറഗ്വായ് ദക്ഷിണകൊറിയയെ നേരിടും. 4-3-3 ശൈലിയിലാകും പോർച്ചുഗലിനെ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് ഇറക്കുന്നത്. റാഫേൽ ലിയാവോ-ക്രിസ്റ്റ്യാനോ-ബെർണാഡ് സിൽവ എന്നിവരാകും മുന്നേറ്റത്തിൽ. മധ്യനിരയിൽ വില്യം കാർവാലോ-ബ്രൂണോ ഫെർണാണ്ടസ്-റൂബൻ നെവാസ് എന്നിവരെ പരീക്ഷിക്കാനാണ് സാധ്യത. പെപ്പെ, റുബൻ ഡയസ്, നുനോ മെൻഡസ്, ജാവോ കാൻസലോ എന്നിവർ പ്രതിരോധത്തിലുണ്ടാകും.
4-2-3-1 ശൈലിയാകും ഘാന സ്വീകരിക്കുന്നത്. ജോർഡാൻ അയൂ സ്‌ട്രൈക്കർറോളിലുണ്ടാകും. മധ്യനിരയിൽ ഇനാകി വില്യംസ്, ആന്ദ്രെ അയൂ, തോമസ് പാർട്ടി എന്നിവരാണ് ടീമിന്റെ കരുത്ത്. യുറഗ്വായ്ക്കെതിരായ മത്സരത്തിൽ ദക്ഷിണകൊറിയയുടെ സൂപ്പർ താരം സൺ ഹ്യൂങ് മിൻ കളിക്കാൻ സാധ്യതയേറെ.
മറുനാടന് മലയാളി ബ്യൂറോ