മെസിയും നെയ്മറും റൊണാൾഡോയും. ഇതിൽ മെസിക്ക് വയസ്സ് 35 ആയി. നെയ്മറിന് 30ഉം. റൊണാൾഡോയ്ക്ക് 37ഉം. വർത്തമാനകാല ഫുട്‌ബോളിലെ ഗോളടി യന്ത്രങ്ങളും സൂപ്പർ താരങ്ങളുമാണ് മൂവരും. ഇതിലാരാണ് കേമന്മാരെന്ന ചർച്ച ലോകമെങ്ങും നടക്കുന്നു. ലോകകപ്പ് രാജ്യത്തിനായി ഉയർത്തുന്നവൻ മിടുക്കൻ അതായിരുന്നു ഖത്തറിലെ കളി തുടങ്ങും മുമ്പുള്ള നിരീക്ഷണങ്ങൾ. ദോഹയിലെ മത്സരം സെമിയിലെത്തുമ്പോൾ ഇതിൽ രണ്ടു പേർ പുറത്തായി. ബ്രസീലിനെ നയിച്ചെത്തിയ നെയ്മറിനെ വീഴ്‌ത്തിയത് യൂറോപ്യൻ സൗന്ദര്യവുമായെത്തിയ ക്രൊയേഷ്യയാണ്. പിന്നാലെ റോണാൾഡോയുടെ പോർച്ചുഗലിനെ ആഫ്രിക്കൻ വന്യതയായ മൊറോക്കോയും തളച്ചു. ഫലത്തിൽ ത്രിമൂർത്തികളിൽ രണ്ടു പേർ പുറത്ത്. ഇതിൽ നെയ്മറിന് ഇനിയും ലോകകപ്പ് കളിക്കാൻ പ്രായത്തിന്റെ ആനുകൂല്യമുണ്ട്. കളിക്കളത്തെ ത്രസിപ്പിച്ച റോണാൾഡോയ്ക്ക് ഇനിയൊരു അങ്കത്തിന് ബാല്യമില്ല. അങ്ങനെ ആരാധകരുടെ റോ തല താഴ്‌ത്തി മുഖം പൊത്തി മടങ്ങുകയാണ് കാൽപ്പന്തു കളിയുടെ മമാങ്ക വേദിയിൽ നിന്ന്.

സമീപകാലത്ത് കാൽപന്തു ലോകം നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കുന്ന വലിയ ചോദ്യമാണ് ഇപ്പോഴും മൈതാനത്തുള്ളവരിൽ ആരാണ് ഏറ്റവും മികച്ചവനെന്നത്. റെക്കോഡുകൾ പലത് മാറോടുചേർത്ത് ഫുട്ബോൾ മൈതാനത്ത് വർഷങ്ങളായി ആവേശം തീർക്കുന്ന ലയണൽ മെസ്സി- ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർ തമ്മിലാണ് നേരങ്കം. ഇതിനിടെ നെയ്മറും എത്തി. പ്രകടന മികവു പരിഗണിച്ചാൽ മെസ്സി ഈ ലോകകപ്പിൽ ഒരു പണത്തൂക്കം മുന്നിലാണ്. തുടർച്ചയായ അഞ്ചാം ലോകകപ്പിലും ഗോളടിച്ചാണ് മെസ്സിയുടെ കുതിപ്പ്. ടീം സെമിയിലും എത്തി. നെയ്മറും റോണാൾഡോയും മടങ്ങി. ഇനിയും പ്രായം കൊണ്ട് നെയ്മറിന് ലോകകപ്പ് കളിക്കാം. അടുത്ത ലോകകപ്പിൽ മെസിക്ക് വയസ്സ് 39 ആകും. മികച്ച ഫോം തുടർന്നാൽ അവിടേയും മെസിയുണ്ടാകും. ഇതിനൊപ്പം ഈ ലോകകപ്പിൽ കപ്പുയർത്താനും അർജന്റീനിയൻ നായകന് അവസരമുണ്ട്. പക്ഷേ എല്ലാം തീരുകയാണ് റൊണാൾഡോയ്ക്ക്. കപ്പ് മെസി ഉയർത്തിയാൽ പ്രതിഭാധനനിലെ ചർച്ചയും തീരും.

എല്ലാതലങ്ങളിലും നിറയുന്ന റൊണാൾഡോയുടെ കളി ഏറ്റവും മികച്ചതാണ്. മെസ്സി പ്രതിഭാധനനാണ്. ഇടംകാൽ മന്നനാണ് മെസ്സി. എന്നാൽ, അത്‌ലറ്റ്, ഫുട്ബോൾ എന്നിവ രണ്ടും ചേർന്ന മികച്ച താരമാണ് റൊണാൾഡോ. 35കാരനായ മെസ്സിയോ, അതോ രണ്ടു വയസ്സ് അധികമുള്ള റൊണാൾഡോയോ കേമനെന്ന ചർച്ച തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. ലാ ലിഗ ടീമുകളായ ബാഴ്‌സണലോണ, റയൽ മഡ്രിഡ് എന്നിവയിൽ ഇരുവരും പന്തുതട്ടുന്ന കാലത്താണ് ഈ ദ്വന്ദം സജീവമാകുന്നത്. പ്രീക്വാർട്ടറിൽ സൈഡ് ബെഞ്ചിലായി പോയതോടെ റൊണാൾഡോക്ക് പോർച്ചുഗീസ് നിരയിൽ പകരക്കാരേറെയുണ്ടെന്ന ചർച്ച സജീവമായി. എന്നാൽ, അർജന്റീനയുടെ മുന്നേറ്റവും മധ്യനിരയും അടക്കിഭരിച്ച് ഒരേയൊരു മെസ്സിയേ ഉള്ളൂ. ആസ്‌ട്രേലിയക്കെതിരെ പ്രീക്വാർട്ടറിലും കളിയിലെ താരമായതോടെ മെസ്സി ലോകകപ്പിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാര ജേതാക്കളുടെ റെക്കോഡ് സ്വന്തം പേരിലാക്കിയിരുന്നു.

അതിവേഗവും ഗോളടിമികവുമാണ് ക്രിസ്റ്റ്യാനോക്ക് കൂട്ടെങ്കിൽ ഇല്ലാത്ത അവസരങ്ങൾ ഇരു കാലുകളിലായി നെയ്‌തെടുത്ത് ഗോളിലെത്തിക്കുന്നതാണ് മെസ്സി മാജിക്. 1000 മത്സരങ്ങൾ ഇരുവരും കരിയറിൽ പിന്നിട്ടുണ്ട്. ഗോൾ, അസിസ്റ്റ്, ട്രോഫികൾ എന്നിവയുടെ കണക്കുകളിൽ പക്ഷേ, ലിയോ മുന്നിലാണ്. ഈ ലോകകപ്പിൽ കപ്പുയർത്തിയാൽ അതുകൊണ്ട് തന്നെ മികച്ചവൻ മെസ്സിയാകും. ഈ ചർച്ചയിലെ പരാജയത്തിന് അപ്പുറം റൊണാൾഡോയെ അലട്ടുക ലോക കിരീടം സ്വന്തം നാടിന് നേടാനായില്ലല്ലോ എന്ന നിരാശയാണ്. ഇതിനൊപ്പം ടീമിലെ ഒറ്റപ്പെടലിലെ വേദനയും. മനസ്സ് നീറിയാണ് ലോകകപ്പിലെ അവസാന തോൽവി രുചിച്ച് റൊണാൾഡോ മടങ്ങുന്നത്. ഖത്തറിൽ ഇനി അറിയേണ്ടത് മെസ്സിയുടെ ബൂട്ടുകളിലെ ശക്തി മാത്രം.

ഇതിന് മുമ്പും പല സൂപ്പർ താരങ്ങളും ഇങ്ങനെ വേദനയോടെ ലോകകപ്പിൽ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാൽ വേഗത കൊണ്ടും ട്രിബിളിങ് കൊണ്ടും ആരാധകരെ വിസ്മയിപ്പിച്ച എക്കാലത്തേയും മികച്ച ഫിനിഷർമാരിൽ ഒരാളായ റൊണാൾഡോയ്ക്ക് അവസാന ലോകകപ്പ് നിരാശയുടേതും നാണക്കേടിന്റേതുമാണ്. ഒന്നിനും കൊള്ളാത്തവൻ എന്ന് പരിശീലകൻ തന്നെ പരോക്ഷമായി കുറ്റപ്പെടുത്തി ആദ്യ ഇലവനിൽ പെടുത്താതെ അവസാന മത്സരങ്ങളിൽ ക്രിസ്റ്റ്യാനോയെ സൈഡ് ബഞ്ചിൽ ഇരുത്തി. 90 മിനിറ്റും കളം നിറഞ്ഞു കളിക്കാൻ റൊണാൾഡോയ്ക്ക് കഴിയുന്നില്ലെന്ന പരിഹാസം. പടു കിഴവനെന്ന് റോണോൾഡോയെ പറയാതെ പറഞ്ഞു. അഹങ്കാരിയും നിഷേധിയുമാണെന്ന സൂചനയും പോർച്ചുഗലിന്റെ നായകനെതിരെ കോച്ച് തൊടുത്തു വിട്ടു. റൊണാൾഡോയെ മാനസികമായി തളർത്തിയതും പോർച്ചുഗല്ലിന്റെ കീരട മോഹത്തെ തകർത്തു എന്നതും വസ്തുതയാണ്.

പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനെതിരെ ്രറൊണാൾഡോയെ പുറത്തിരുത്താൻ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് എടുത്ത ധീരമായ തീരുമാനം കൈയടി നേടിയിരുന്നു. 2022 ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ തലക്കെട്ടുള്ള സംഭവങ്ങളിലൊന്നാണ് ക്രിസ്റ്റ്യാനോയെ പുറത്തിരുത്തിയത്. 2016ലെ യൂറോ ചാമ്പ്യന്മാർ 6-1 നാണ് അന്ന് എതിരാളികളെ കീഴ്പ്പെടുത്തിയത്. രണ്ടാം പകുതിയിൽ പകരക്കാരനായ പോർച്ചുഗൽ ക്യാപ്റ്റൻ 70-ാം മിനിറ്റിനടുത്താണ് കളിക്കാനിറങ്ങിയത്. എന്നാൽ, ഗോളവസരങ്ങൾ തുറക്കാനോ സ്‌കോർ ചെയ്യാനോ താരത്തിന് സാധിക്കാത്തത് വിമർശനത്തിന് ഇടയാക്കുകയും ചെയ്തു. കോച്ചിന്റെ തീരുമാനത്തോടുള്ള റൊണാൾഡോയുടെ പ്രതികരണം സാന്റോസ് വിശദീകരിച്ചു. ബെഞ്ചിലിരിക്കുകയായിരുന്ന താരം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നെന്നും ക്രിസ്റ്റ്യാനോയുടെ ഇത്തരമൊരു പെരുമാറ്റത്തിൽ തനിക്ക് എതിർപ്പുണ്ടെന്നും പ്രസ്താവിക്കുകയും ചെയ്തു.

ഞാൻ ദേശീയ ടീമിന്റെ ചുക്കാൻ പിടിക്കുന്നതിനാൽ കളിക്കാരുമായി സംസാരിക്കുകയും ബന്ധം പുലർത്തുകയും വേണം. ഇത് സാധാരണമാണ്, അതാണ് എന്റെ സമീപനം, കളിക്കാരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് സാന്റോസ് പത്രസമ്മേളനത്തിൽ പറഞ്ഞു. മത്സരദിവസം ഉച്ചഭക്ഷണത്തിന് ശേഷം ക്രിസ്റ്റ്യാനോയുമായി സംസരിച്ചിരുന്നു. അതിന് മുമ്പ് ഞാൻ അവനുമായി ഒരു സംഭാഷണം നടത്തിയിട്ടില്ല. എന്തുകൊണ്ടാണ് അവൻ ആദ്യ ഇലവനിൽ കളിക്കുന്ന ഒരാളാകാത്തതെന്ന് ഞാൻ അവനോട് വിശദീകരിച്ചു. അതിലവൻ ആശ്ചര്യപ്പെടില്ല. ക്രിസ്റ്റിയാനോ ഇല്ലാത്ത തന്ത്രം നല്ലതാണെന്നും രണ്ടാം പകുതിയിൽ കളിക്കുന്നതാണ് നല്ലതെന്നും ഞാൻ അവനോട് വിശദീകരിച്ചു. ക്രിസ്റ്റ്യാനോ അതിൽ സന്തോഷിച്ചില്ല. അദ്ദേഹം എപ്പോഴും ഒരു തുടക്കക്കാരനാകാൻ ആഗ്രഹിക്കുന്നയാളാണ്. ഇക്കാര്യം തന്നോട് തുറന്നുപറയുകയും ചെയ്തു. ഇത് നല്ല ആശയമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന് ക്രിസ്റ്റ്യാനോ തന്നോട് ചോദിച്ചതായും സാന്റോസ് വെളിപ്പെടുത്തി. ഇതെല്ലാം കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയ റാമോസിന്റെ തകർപ്പൻ പ്രകടനം ആവർത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. റാമോസിനെ മൊറോക്കോ ക്വാർട്ടറിൽ വരിഞ്ഞു കെട്ടി.

രണ്ടാം പകുതിയിൽ ഇറങ്ങിയ റോണാൾഡോ പ്രതിഭ കാട്ടുകയും ചെയ്തു. റോണാൾഡോയെ തള്ളി പറഞ്ഞ കോച്ചിന്റെ നിലപാട് ടീമിൽ അസ്വാര്യസ്യവും ഗ്രൂപ്പിസവും ഉണ്ടാ്ക്കിയിരുന്നു. ഇതെല്ലാം പോർച്ചുഗൽ മുന്നേറ്റത്തിലും നിഴലിച്ചു. മികച്ച ഗോളവസരമുണ്ടാക്കിയിട്ടും താരങ്ങൾ തമ്മിലെ ഒത്തിണക്കമില്ലാത്തതാണ് പോർച്ചുഗല്ലിന് വിനയായത്. അവസാന ആറു മിന്നിറ്റ് പത്ത് താരങ്ങളുമായി പ്രതിരോധിച്ച മൊറോക്കോയേയും മറികടക്കാൻ പോർച്ചുഗീസ് ഫുട്‌ബോൾ ആവേശത്തിന് ആയില്ല. അങ്ങനെ ഫുട്‌ബോളിലെ പോർച്ചുഗീസ് ഇതിഹാസം തലതാഴ്‌ത്തി ലോകകപ്പ് വേദിയിൽ നിന്ന് മടങ്ങി. സ്വന്തം രാജ്യത്തെ യൂറോപ്യൻ ചാമ്പ്യന്മാരാക്കിയ കാൽപ്പന്തു കളിയിലെ അത്ഭുത മനുഷ്യന് ഇതിഹാസങ്ങൾക്ക് മേലെ വളരാൻ വേണ്ട ലോകകപ്പ് വിജയം അന്യമായി. ഒപ്പം സ്വന്തം കോച്ച് തന്നെ കൊള്ളരുതാത്തവൻ എന്ന് വിളിച്ച നാണക്കേടും. അതുകൊണ്ട് തന്നെ തോൽവി പോർച്ചുഗൽ ഫുട്‌ബോളിൽ വിവാദമായി കത്തിപടരും.

അന്താരാഷ്ട്ര ഫുട്ബോളിൽ പുതിയ റെക്കോഡ് സ്വന്തമാക്കിയാണ് റൊണാൾഡോയുടെ ലോകകപ്പ് മടക്കം. ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ കളിക്കുന്ന പുരുഷതാരം എന്ന റെക്കോഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. 2022 ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മൊറോക്കോയ്ക്കെതിരേ പോർച്ചുഗലിനായി പകരക്കാരനായി വന്നതോടെയാണ് റൊണാൾഡോ റെക്കോഡ് നേടിയത്. ഇതോടെ റൊണാൾഡോ കുവൈറ്റിന്റെ ബദർ അൽ മുത്തവയുടെ റെക്കോഡിനൊപ്പമെത്തി. 196 മത്സരങ്ങളാണ് റൊണാൾഡോയുടെ അക്കൗണ്ടിലുള്ളത്. ബദറും ഇത്രയും മത്സരങ്ങളാണ് കളിച്ചിരിക്കുന്നത്. അന്താരാഷ്ട്ര കുപ്പായത്തിൽ ഒരു തവണ കൂടി കളിച്ചാൽ റൊണാൾഡോയ്ക്ക് റെക്കോഡ് സ്വന്തം പേരിലാക്കാം. എന്നാൽ അതിനി ഉണ്ടാകുമോ എന്നതാണ് ഉയരുന്ന സംശയം. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവുമധികം ഗോളടിച്ചതിന്റെ റെക്കോഡ് റൊണാൾഡോയുടെ പേരിലാണ്. 118 ഗോളുകളാണ് താരം രാജ്യത്തിനായി അടിച്ചുകൂട്ടിയത്.

സി.ഡി. നാസിയൊനൽ ടീമിലാണ് റൊണാൾഡോ തന്റെ കരിയർ ആരംഭിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച് ഇദ്ദേഹം രണ്ട് സീസണുകൾക്ക് ശേഷം സ്‌പോർട്ടിങ് ടീമിലേക്ക് മാറി. റൊണാൾഡോയുടെ മികച്ച കഴിവുകൾ ശ്രദ്ധിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ സർ അലക്‌സ് ഫെർഗുസൻ , 2003-ൽ 18 വയസുള്ള റൊണാൾഡോയുമായി ക്ഷ12.2 ലക്ഷത്തിനു കരാറിലേർപ്പെട്ടു. ആ സീസണിൽ റൊണാൾഡോ തന്റെ ആദ്യ ക്ലബ് നേട്ടമായ എഫ.എ. കപ്പ് നേടി. 2004 യുവെഫ യൂറോ കപ്പിൽ ഇദ്ദേഹമുൾപ്പെട്ട പോർച്ചുഗൽ ടീം രണ്ടാം സ്ഥാനം നേടി. 2008-ൽ റൊണാൾഡോ തന്റെ ആദ്യ യുവെഫ ചാമ്പ്യൻസ് ലീഗ് നേടി. കലാശക്കളിയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് ഇദ്ദേഹമായിരുന്നു. അതേ വർഷം റൊണാൾഡോ ഫിഫ വേൾഡ് പ്ലയെർ ഓഫ് ദി ഇയർ ആയും ഫിഫ്‌പ്രോ വേൾഡ് പ്ലയെർ ഓഫ് ദി ഇയർ ആയും തിരഞെടുക്കപ്പെട്ടു. കൂടെ 40 വർഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമുള്ള ആദ്യ ബാലൻദോർ ജേതാവുമായി.

2008 സീസണിൽ റൊണാൾഡോയുടെ മികച്ച പ്രകടനത്തിനു ശേഷം ഇതിഹാസ നെതർലൻഡ് താരം ജോഹാൻ ക്രൈഫ് റൊണാൾഡോവിന് ജോർജ് ബെസ്റ്റ്‌നും ദെന്നിസ് ലോവിനും മുകളിൽ സ്ഥാനം കൊടുത്തു.2013 വർഷത്തെബാലൻ ഡിയൊർ പുരസ്‌കാരം കൂടി നേടിയതോടെ ഫുട്‌ബോൾ ചരിത്രത്തിലെ പ്രധാന താരങ്ങളിൽ ഒരാളായി. 2015-2016 സീസൺ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും മികച്ച സീസണായി കണക്കാക്കുന്നു.

ലോകത്തിലെ ഏറ്റവും വിപണനപരവും പ്രശസ്തവുമായ കായികതാരങ്ങളിലൊരാളായ റൊണാൾഡോ 2016 ലും 2017 ലും ഫോബ്സ് ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന അത്ലറ്റായും 2016 മുതൽ 2019 വരെ ഇഎസ്‌പിഎൻ ലോകത്തെ ഏറ്റവും പ്രശസ്തമായ അത്ലറ്റായും തിരഞ്ഞെടുക്കപ്പെട്ടു. കരിയറിൽ ഒരു ബില്യൺ ഡോളർ സമ്പാദിച്ച ആദ്യത്തെ ഫുട്‌ബോൾ കളിക്കാരനും മൂന്നാമത്തെ കായികതാരവുമാണ് റൊണാൾഡോ.