- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ആ വലിയ സ്വപ്നത്തിലേക്കുള്ള പോരാട്ടത്തിന് മുന്നിൽ ഒരിക്കലും മുഖം തിരിച്ചിട്ടില്ല; സങ്കടകരമായി ആ സ്വപ്നം ഇന്നലെ അവസാനിച്ചു; രാജ്യത്തിനായി എല്ലാം നൽകി; വിരമിക്കൽ സൂചന നൽകി റൊണാൾഡോ; ഹൃദയഭേദകമായ കുറിപ്പുമായി സിആർ7; കോച്ചിന്റെ അപമാനം പരിധി വിട്ടപ്പോൾ എല്ലാം ക്വാർട്ടറിൽ തീർന്നു; പോർച്ചുഗലിനെ വിശ്വവിജയിയാക്കാതെ റോ മടങ്ങിയേക്കും
ദോഹ: ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയോട് പരാജയപ്പെട്ട് പോർച്ചുഗൽ പുറത്തായതിന് പിന്നാലെ ഹൃദയഭേദകമായ കുറിപ്പുമായി ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നുവെന്നും ഇന്നലെ എന്റെ ആ സ്വപ്നം അവസാനിച്ചുവെന്നും ക്രിസ്റ്റ്യാനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'16 വർഷത്തിനിടെ അഞ്ചു വട്ടം ലോകകപ്പുകളിൽ കളിച്ച് ഗോളടിച്ചു. മില്യൺ കണക്കിന് പോർച്ചുഗീസുകാരുടെയും മികച്ച കളിക്കാരുടെയും പിന്തുണയോടെ പോരാടി. എന്റെ സർവസ്വവും സമർപ്പിച്ചു. ഒരിക്കലും പോരാട്ടത്തിൽ പിന്മാറുകയോ സ്വപ്നം ഉപേക്ഷിക്കുകയോ ചെയ്തില്ല. പക്ഷേ സങ്കടകരമായി ആ സ്വപ്നം ഇന്നലെ അവസാനിച്ചു. ഒരുപാട് കാര്യങ്ങൾ ഊഹിക്കപ്പെടുകയും പറയപ്പെടുകയും എഴുതപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ പോർച്ചുഗലിനുള്ള എന്റെ സമർപ്പണം ഒരു നിമിഷം പോലുമില്ലാതായിട്ടില്ല. എല്ലാവരുടെയും ലക്ഷ്യത്തിനായി പോരാടുന്നയാളായിരുന്നു ഞാൻ, എന്റെ സഹപ്രവർത്തകരോടും എന്റെ രാജ്യത്തോടും ഞാൻ ഒരിക്കലും പുറംതിരിഞ്ഞുനിൽക്കില്ല' വൈകാരികമായ കുറിപ്പിൽ സൂപ്പർതാരം പറഞ്ഞു.
ആ വലിയ സ്വപ്നത്തിലേക്കുള്ള പോരാട്ടത്തിന് മുന്നിൽ ഒരിക്കലും മുഖം തിരിച്ചിട്ടില്ല. ആ സ്വപ്നം ഇന്നലെ അവസാനിച്ചു. ഒരുപാട് പറഞ്ഞിട്ടുണ്ട്, ഒരുപാട് എഴുതിയിട്ടുണ്ട്, ഒരുപാട് ഊഹിക്കപ്പെടുന്നു... പക്ഷേ പോർച്ചുഗലിനോടുള്ള സമർപ്പണം ഒരു നിമിഷം പോലും മാറിയിട്ടില്ലെന്ന് എല്ലാവരും അറിയണമെന്നാണ് ആഗ്രഹിക്കുന്നത്. എല്ലാവരുടെയും ലക്ഷ്യത്തിനായി പോരാടുന്ന ഒരാളായിരുന്നു താൻ. സഹകളിക്കാരോടും രാജ്യത്തോടും ഒരിക്കലും പുറംതിരിഞ്ഞുനിൽക്കില്ല.
ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ല. പോർച്ചുഗലിന് നന്ദി. നന്ദി ഖത്തർ... സ്വപ്നം നീണ്ടുനിൽക്കുമ്പോൾ അത് മനോഹരമായിരുന്നു... ഇപ്പോൾ, കാലാവസ്ഥ നല്ല ഉപദേശകനായിരിക്കുമെന്നും ഓരോരുത്തരെയും അവരവരുടെ നിഗമനങ്ങളിൽ എത്തിച്ചേരാൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ക്രിസ്റ്റ്യാനോ ഇൻസ്റ്റഗ്രാമിൽ എഴുതി. എക്കാലത്തെയും മികച്ച പുരുഷ ഗോളടിവീരനായി പേരെടുത്തിട്ടും അവസാന മത്സരങ്ങളിൽ ബെഞ്ചിലിരുന്ന് ആരാധകരെ പോലും കരയിച്ച റൊണാൾഡോ വിങ്ങിപ്പൊട്ടിയാണ് മൊറോക്കോയ്ക്ക് എതിരായ ക്വാർട്ടർ മത്സരം കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.
മൊറോക്കോയ്‌ക്കെതിരെയുള്ള നിർണായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്വിറ്റ്‌സർലാൻഡിനെതിരെ കളിച്ച റൊണാൾഡോയില്ലാത്ത ആദ്യ ഇലവനെയാണ് കോച്ച് സാന്റോസ് കളത്തിലിറക്കിയിരുന്നത്. മത്സരത്തിന്റെ 51-ാം മിനിറ്റിൽ റൂബൻ നെവസിന് പകരമായാണ് റൊണാൾഡോ മൈതാനത്തിറങ്ങിയത്. എന്നാൽ ലക്ഷ്യം കാണാനായില്ല. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പറങ്കിപ്പടയുടെ തോൽവി. കളിക്കു ശേഷം കരഞ്ഞാണ് റൊണാൾഡോ ഗ്രൗണ്ട് വിട്ടത്.
ലോകകിരീടം നേടാനാകാതെയാണ് റൊണാൾഡോ ഖത്തർ ലോകകപ്പിൽനിന്ന് വിടവാങ്ങിയത്. മുപ്പത്തിയേഴുകാരനായ അദ്ദേഹം ഇനിയൊരു ലോകകപ്പിൽ കളിക്കാനുള്ള സാധ്യതയില്ല. കളിക്കു ശേഷം ഏകനായാണ് താരം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. ചില മൊറോക്കൻ കളിക്കാർ അദ്ദേഹത്തിന്റെ അടുത്തെത്തി ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു.
സ്പോർട്സ് ഡെസ്ക്