ദോഹ: സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളായാണ് അർജന്റീന നായകൻ ലയണൽ മെസിയും പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനൊ റൊണാൾഡോയും വിലയിരുത്തപ്പെടുന്നത്. ക്ലബ്ബ് ഫുട്‌ബോളിലെ കരിയറിൽ ഒരിക്കലും പോലും ഇരുവരും ഒരു ടീമിൽ കളിച്ചിട്ടില്ല. ഖത്തറിൽ ഫുട്‌ബോൾ ലോകകപ്പിന് കിക്കോഫ് ആവാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ മെസിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസുതുറക്കുകയാണ് ക്രിസ്റ്റ്യാനൊ റൊണാൾഡോ. ഇതാദ്യമായാണ് ക്രിസ്റ്റിയാനോ, മെസ്സിയുടെ കളിമികവിനെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും പ്രതികരിക്കുന്നത്.

മെസ്സിയും ക്രിസ്റ്റിയാനോയും ഫുട്ബോൾ ലോകത്തെ താര രാജാക്കന്മാരാണെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളല്ല. ദീർഘകാലം ഒട്ടേറെ വേദികൾ പങ്കിട്ട ഇരുവർക്കുമിടയിൽ ഒരു അകലം എന്നുമുണ്ടായിരുന്നു. ഇരുവരുടേയും ഫുട്ബോൾ ആരാധകരും അത് അംഗീകരിക്കുന്നുണ്ട്. അടുത്ത സുഹൃത്തുക്കളല്ലെങ്കിലും പരസ്പര ബഹുമാനമില്ലായ്മയോ വിദ്വേഷമോ ഇവർക്കുണ്ടായിരുന്നില്ല.

മെസിയുമായി അടുത്ത സൗഹൃമില്ലെങ്കിലും അദ്ദേഹുമായി അടുത്ത ബന്ധമുണ്ടെന്ന് റൊണാൾഡോ പറയുന്നു പിയേഴ്‌സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് മെസിയുമായുള്ള ബന്ധത്തെക്കുറിച്ച് റൊണാൾഡോ വിശദീകരിച്ചത്. മെസി അസാമാന്യ മികവുള്ള കളിക്കാരനാണ്. ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളത്. കളിക്കളത്തിന് പുറത്ത് ഞങ്ങൾ ആത്മസുഹൃത്തുക്കളൊന്നുമല്ല. എങ്കിലും പൊതുവേദികളിൽ മെസി എന്നെക്കുറിച്ച് പറയുന്നത് കേൾക്കുന്നത് എനിക്കിഷ്ടമാണ്. ഫുട്‌ബോളിനുവേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്ത കളിക്കാരനാണ് അദ്ദേഹം.

മെസിയൊരു മാജിക്കാണ്. 16 വർഷമായി ഞങ്ങൾ ഒരുമിച്ച് കളിക്കുന്നു. ഒന്ന് സങ്കൽപ്പിച്ചു നോക്കു, 16 വർഷങ്ങൾ, അതുകൊണ്ടുതന്നെ അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. ഞാൻ അദ്ദേഹത്തിന്റെ സുഹൃത്തൊന്നുമല്ല. കാരണം സുഹൃത്തെന്നൊക്കെ പറയുമ്പോൾ നമ്മുടെ വീട്ടിൽ വരികയും ഇടക്കിടെ ഫോണിൽ സംസാരിക്കുകയും ഒക്കെ ചെയ്യുമല്ലോ. ഞങ്ങൾ അങ്ങനെയല്ല. അദ്ദേഹം എന്റെയൊരു സഹാതരത്തെ പോലെയാണ്. അദ്ദേഹം എന്നെക്കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ആദരവ് തോന്നാറുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും അർജന്റീനക്കാരിയായ എന്റെ ഭാര്യയും ആദരവോടെയെ സംസാരിക്കാറുള്ളു. പിന്നെ എന്താണ് ഞാൻ മെസിയെക്കുറിച്ച് പറയുക., ഫു്ടബോളിന് വേണ്ടി എല്ലാം നൽകിയ നല്ല മനുഷ്യൻ-റൊണാൾഡോ പറഞ്ഞു.

ആരാണ് മഹാനായ താരമെന്ന നിലയിൽ ഫുട്ബോൾ വിദഗ്ദ്ധർക്കിടയിൽ രണ്ടഭിപ്രായമുണ്ടെങ്കിലും തങ്ങൾക്കിടയിൽ പരസ്പര ബഹുമാനമുണ്ടെന്നത് വ്യക്തമാക്കുകയാണ് പോർച്ചുഗൽ ഇതിഹാസം.

പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലാണ് ക്രിസ്റ്റിയാനോ മെസ്സിയെക്കുറിച്ച് സംസാരിച്ചത്. നേരത്തെ ഇതേ അഭിമുഖത്തിന്റെ ആദ്യ ഭാഗത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗിനെയും മുൻ സഹപ്രവർത്തകരായ ഗാരി നെവിൽ, വെയ്ൻ റൂണി എന്നിവരെയും ക്ലബ്ബിന്റെ യുവ കളിക്കാരുടെ മാനസികാവസ്ഥയെയും ക്രിസ്റ്റിയാനോ വിമർശിച്ചത് ഏറെ വിവാദമായിരുന്നു.

ഒന്നര പതിറ്റാണ്ടുകാലം ലോക ഫുട്‌ബോൾ അടക്കിവാഴുന്ന മെസിയും റൊണാൾഡോയും ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ നേടിയ താരങ്ങളാണ്. മെസി ഏഴ് തവണ ബാലൺ ഡി ഓർ നേടിയപ്പോൾ റൊണാൾഡോ അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി.

ഗ്രൂപ്പ് സിയിൽ സൗദി അറേബ്യക്കും മെക്‌സിക്കോക്കും പോളണ്ടിനുമൊപ്പമാണ് അർജന്റീന. പോർച്ചുഗൽ ആകട്ടെ ഗ്രൂപ്പ് എച്ചിൽ യുറുഗ്വേ, ദക്ഷിണ കൊറിയ, ഗാന ടീമുകൾക്കൊപ്പമാണ്.