ദോഹ: ഗോൾ പൊസിഷനിൽ വിശ്വസിക്കാത്തവരായിരുന്നു മൊറോക്കോ. ഇതുവരെയുള്ള എല്ലാ കളിയിലും പന്തടക്കം എതിരാളികൾക്ക് വിട്ടു കൊടുത്തവർ. എന്നാൽ എതിരാളികളുടെ പന്ത് തട്ടിയെടുത്ത് മുന്നേറി അവർ ഗോളടിച്ചു. മൊറോക്കൻ മുന്നേറ്റത്തിന്റെ ശ്രദ്ധ എതിരാളികളുടെ പ്രതിരോധത്തെ കബളിപ്പിച്ചത് സെമി വരെ ഇങ്ങനെയായിരുന്നു. ദോഹയിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ മൊറോക്കോയുമായി സമനില പടിച്ചവരായിരുന്നു ക്രൊയേഷ്യ. ഓരോ കളിയും കണ്ട് അവർ തന്ത്രം മെനഞ്ഞു. അങ്ങനെ ലൂസേഴ്‌സ് ഫൈനലിൽ ആഫ്രിക്കൻ വന്യതയെ അവർ പിടിച്ചു കെട്ടി. ഗോൾ പൊസഷനിൽ രണ്ടു ടീമുകൾക്കും ശതമാനക്കണക്കിൽ ഒരുമ. പക്ഷേ ജയിച്ചത് ക്രൊയേഷ്യയും.

ലൂസേഴ്‌സ് ഫൈനലിൽ പന്ത് രണ്ടു ടീമും ഒരു പോലെ കൈയിൽ വച്ചു. നാൽപ്പത്തി നാലു ശതമാനമായിരുന്നു രണ്ടു ടീമുകളും പന്ത് പരസ്പരം കൈയിൽ വച്ച സമയം. 12 ശതമാനം പന്തിന് വേണ്ടിയുള്ള പോരിനായി എടുത്ത സമയവും. എന്നാൽ അക്രമങ്ങളിൽ മികച്ച് നിന്നത് മോഡ്രിച്ചിന്റെ ക്രൊയേഷ്യയായിരുന്നു. 13 അവസരങ്ങൾ അവർ സൃഷ്ടിച്ചു. അതിൽ നാലടി ഗോൾ പോസ്റ്റിലേ്ക്കും. ആറു തവണയാണ് പെനാൽട്ടി ഏര്യയിലേക്ക് അവർ ഇരച്ചു കയറിയത്.

ഏഴു തവണയാണ് മൊറോക്കോ ഗോളിലേക്ക് നിറയൊഴിച്ചത്. ഇതിൽ രണ്ടെണ്ണം പോസ്റ്റിന് നേരെയും. ബാക്കി അഞ്ചും വലിയ ഭീഷണിയായില്ല. പെനാൽട്ടി ഏര്യയിലേക്ക് അഞ്ചു തവണ ആക്രമിച്ച് മുന്നേറി. അങ്ങനെ കണക്കുകളിൽ തുല്യ ശക്തികളുടേതായിരുന്നു പോരാട്ടം. ക്രൊയേഷ്യൻ പ്രതിരോധം മികച്ചു നിന്നു. അവർ മൂന്നാം സ്ഥാനത്തിനുള്ള മെഡലും കഴുത്തിൽ അണിഞ്ഞു. അങ്ങനെ മോഡ്രിച്ച് എന്ന ഇതിഹാസം പുഞ്ചിരിയോടെ ലോകകപ്പ് കളിക്കളം വിട്ടു.

ക്രൊയേഷ്യയുടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കോച്ച് എന്നാണ് ഡാലിചിന്റെ വിശേഷണം. കാരണം, ലോകകപ്പിൽ ടീമിന്റെ ഏറ്റവും മികച്ച നേട്ടമായ 2018 ലോകകപ്പ് ഫൈനൽ പ്രവേശനം ഡാലിചിന്റെ കീഴിലായിരുന്നു. ഇപ്പോഴിതാ അദ്ദേഹംതന്നെ പരിശീലിപ്പിക്കുന്ന ടീം വീണ്ടും മൂന്നാം സ്ഥാനം നേടി. 2017ൽ ആൻഴഡ കാസിചിന് പകരക്കാരനായാണ് ഡാലിച് ക്രൊയേഷ്യയുടെ പരിശീലക പദവി ഏറ്റെടുക്കുന്നത്.

ടീമിനെ 2018 ലോകകപ്പിനെത്തിക്കുകയാണ് തന്റെ പ്രഥമ ദൗത്യമെന്നും അതിൽ പരാജിതനായാൽ സ്ഥാനമൊഴിയുമെന്നും വ്യക്തമാക്കിയ ഡാലിച് ലോകകപ്പിനെത്തുക മാത്രമല്ല, ടീമിന് രണ്ടാം സ്ഥാനം നേടിക്കൊടുക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇപ്പോഴും സ്ഥാനത്ത് തുടരുകയും ചെയ്യുന്നു.ലൂക മോഡ്രിച് അടക്കമുള്ള ടീമിലെ സീനിയർ താരങ്ങളുമായുള്ള മികച്ച ബന്ധവും യുവതാരങ്ങളെ പ്രചോദിപ്പിക്കാനുള്ള കഴിവുമാണ് ഡാലിചിന്റെ പ്ലസ് പോയന്റ്. ഒപ്പം എതിരാളികൾക്കനുസരിച്ച് ടീമിന്റെ കളിതന്ത്രം മെനയാനുള്ള മികവും. ഈ മികവാണ് മൊറോക്കോയെ തകർത്തത്. പന്തടക്കത്തിന് അപ്പുറം പ്രതിരോധം കടുപ്പിച്ച് മൂന്നാം സ്ഥാനം നേടുകയാണ് ക്രൊയേഷ്യ.

പന്ത് കൂടുതൽ സമയം കൈയിൽ വച്ചാലും മൊറോക്കോയെ തോൽപ്പിക്കാൻ കഴിയില്ലെന്ന് ക്രൊയേഷ്യ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മൊറോക്കോയ്ക്കും പന്തവസരങ്ങൾ കിട്ടി. താരങ്ങളെ കൃത്യമായി മാർക്ക് ചെയ്യാനും കൗണ്ടർ അറ്റാക്കുകളിലൂടെ ഞെട്ടുന്നില്ലെന്ന് ഉറപ്പിക്കാനും ക്രൊയേഷ്യയ്ക്കായി. ടീമിനെ ഗ്രൗണ്ടിലാകെ വിന്യസിച്ചായിരുന്നു മൊറോക്കോയെ മെരുക്കാനുള്ള തന്ത്രമൊരുക്കിയത്. അത് വിജയിക്കുകയും ചെയ്തു. അങ്ങനെ പന്തടക്കത്തിൽ എതിരാളികൾക്കൊപ്പം എത്തിയിട്ടും അവസാന മത്സരത്തിൽ ആഫ്രിക്കൻ കരുത്തിന് അടിതെറ്റി.

മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പ്ലേഓഫ് മത്സരത്തിൽ മൊറോക്കോയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. തോറ്റെങ്കിലും ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ഒരു ആഫ്രിക്കൻ ടീമിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടത്തോടെ തല ഉയർത്തി തന്നെയാണ് മൊറോക്കോ മടങ്ങുന്നത്. ബുഫാലും നെസിരിയും ഹക്കീം സിയെച്ചും അമ്രാബാത്തുമെല്ലാം ചേർന്ന മൊറോക്കോ സംഘം മികച്ച പ്രകടനം തന്നെ ക്രൊയേഷ്യയ്ക്കെതിരെയും പുറത്തെടുത്തു.

ജോസ്‌കോ ഗ്വാർഡിയോളും മിസ്ലാവ് ഓർസിച്ചും ക്രൊയേഷ്യയ്ക്കായി സ്‌കോർ ചെയ്തപ്പോൾ അഷ്റഫ് ഡാരി മൊറോക്കോയുടെ ഏക ഗോളിന്റെ ഉടമയായി. മത്സരത്തിന്റെ തുടക്കത്തിൽ പന്തടക്കത്തിൽ ആധിപത്യം പുലർത്തിയ ക്രൊയേഷ്യ കളിതുടങ്ങി ഏഴാം മിനിറ്റിൽ തന്നെ ഒരു തകർപ്പൻ ഗോളിലൂടെ മുന്നിലെത്തിയിരുന്നു. ഏഴാം മിനിറ്റിൽ ജോസ്‌കോ ഗ്വാർഡിയോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. ബോക്സിലേക്ക് വന്ന ഒരു ഫ്രീ കിക്ക് ഇവാൻ പെരിസിച്ച് നേരേ ഹെഡറിലൂടെ ഗ്വാർഡിയോളിന് മറിച്ച് നൽകുന്നു. മുന്നോട്ടുചാടി തകർപ്പനൊരു ഹെഡറിലൂടെ ഗ്വാർഡിയോൾ ആ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളിന്റെ ആവേശം അടങ്ങും മുമ്പ് ഒമ്പതാം മിനിറ്റിൽ മൊറോക്കോ തിരിച്ചടിച്ചു. അഷ്റഫ് ഡാരിയാണ് മൊറോക്കോയ്ക്കായി വലകുലുക്കിയത്.

പിന്നാലെ പന്ത് കൈവശം വെയ്ക്കുന്നതിൽ ആധിപത്യം പുലർത്തിയ ക്രൊയേഷ്യ 42-ാം മിനിറ്റിൽ മിസ്ലാവ് ഓർസിച്ചിലൂടെ വീണ്ടും ലീഡെടുത്തു. മികച്ചൊരു ക്രൊയേഷ്യൻ മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോൾ. രണ്ടാം പകുതിയിൽ പന്തടക്കത്തിൽ മൊറോക്കോയും ഒപ്പത്തിനൊപ്പമെത്തി. രണ്ടാം പകുതിയിൽ ക്രൊയേഷ്യ, മൊറോക്കോ ആക്രമണങ്ങൾ ഓരോന്നായി പ്രതിരോധിക്കുകയായിരുന്നു. ഇത് വിജയ തന്ത്രമായി. ഒരു ഗോൾ ലീഡ് എടുത്ത ശേഷം മൊറോക്കോയുടെ കൗണ്ടർ ആക്രമണങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കുകയായിരുന്നു കൊയേഷ്യൻ പ്രതിരോധം.

ഓടിക്കളിച്ച മധ്യനിരയും മുന്നേറ്റവുമെല്ലാം പ്രതിരോധത്തിന് ശ്രദ്ധ നൽകാനും മറന്നില്ല. അങ്ങനെ ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടം വിജയിച്ചു. പ്രതിരോധത്തിലെ പിഴവാണ് സെമിയിൽ അർജന്റീനയ്ക്ക് മുൻതൂക്കം നൽകിയതെന്ന് ക്രൊയേഷ്യ തിരിച്ചറിഞ്ഞിരുന്നു. ഈ പിഴവാണ് അവർ തിരുത്തിയത്.