- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ക്രൊയേഷ്യയ്ക്ക് മൊറോക്കോ പൂട്ട്! കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെ മൊറോക്കോ തളച്ചത് ഗോൾരഹിത സമനിലയിൽ; മൊറോക്കോയ്ക്ക് കരുത്തായത് ഗോൾകീപ്പർ യാസിൻ ബോനുവിന്റെ തകർപ്പൻ സേവുകൾ
ദോഹ: കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായി എത്തിയ ക്രൊയേഷ്യക്ക് സമനിലക്കുരുക്ക്. ലൂകാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ സമനിലയിൽ പൂട്ടി മൊറോക്കോ കരുത്തു കാട്ടി. മത്സരം ഗോൾ രഹിത സമനിലിയിൽ കലാശിച്ചു. റഷ്യൻ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയ്ക്കെതിരെ മിന്നുന്ന പ്രകടനമാണ് മൊറോക്കോ നടത്തിയത്. ഗോൾകീപ്പർ യാസിൻ ബോനുവിന്റെ തകർപ്പൻ സേവുകൾ മൊറോക്കോയ്ക്ക് കരുത്തായി. ആദ്യപാതിയുടെ ഇഞ്ചുറി ടൈമിൽ ക്രൊയേഷ്യ ചില മികച്ച നീക്കങ്ങൾ നടത്തി. ഇരു ടീമുകളും ഏഴ് തവണ വീതം ഗോൾ ശ്രമങ്ങൾ നടത്തിയെങ്കിലും ആർക്കും ഗോൾ കണ്ടെത്താനായില്ല.
അൽബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫിലെ മത്സരത്തിൽ 65 ശതമാനവും പന്ത് കൈവശം വെച്ചിട്ടും ലൂക്ക മോഡ്രിച്ചിനും സംഘത്തിനും ആഫ്രിക്കക്കാരുടെ വല കുലുക്കാനായില്ല. വമ്പൻ താരനിരയുമായെത്തിയ ക്രൊയേഷ്യയെ മൊറോക്കോ പിടിച്ചുകെട്ടുകയായിരുന്നു.
ഗോൾ നേടാൻ ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിൽനിന്നകന്നു. തുടക്കം മുതൽ ആക്രമിച്ചായിരുന്നു ഇരുടീമുകളും കളിച്ചത്. 17ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം ഇവാൻ പെരിസിച്ച് തൊടുത്ത ലോങ്‌റേഞ്ചർ നേരിയ വ്യത്യാസത്തിനാണ് പുറത്തുപോയത്. തൊട്ടടുത്ത മിനിറ്റിൽ മൊറോക്കോക്കും സുവർണാവസരം ലഭിച്ചു. ഹാകിം സിയെച്ചിന്റെ തകർപ്പൻ ക്രോസിന് യൂസഫ് എൻ നെസിരിക്ക് തലവെക്കാനായില്ല.
ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് നിക്കോള വ്‌ലാസിച്ചിലൂടെ ക്രൊയേഷ്യ ഗോളിനടുത്തെത്തിയെങ്കിലും ഗോൾകീപ്പർ യാസിൻ ബോനുവിന്റെ തകർപ്പൻ സേവ് മൊറോക്കോക്ക് രക്ഷയായി. തൊട്ടുപിന്നാലെ ബോക്‌സിന് പുറത്തുനിന്ന് ലൂക്കാ മോഡ്രിച്ച് തൊടുത്ത ലോങ് റേഞ്ചറും നേരിയ വ്യത്യാസത്തിൽ പുറത്തുപോയി.
രണ്ടാം പകുതിയിൽ രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചത് മൊറോക്കോക്കായിരുന്നു. 51ാം മിനിറ്റിൽ ക്രൊയേഷ്യൻ പോസ്റ്റിനു സമീപം ഓടിയെത്തി നാസിർ മസ്‌റോയി തൊടുത്ത ഹെഡർ ഗോൾകീപ്പർ ലിവകോവിച്ച് തടുത്തിട്ടു. പിന്നീട് അഷ്‌റഫ് ഹാകിമിയുടെ തകർപ്പൻ ലോങ് റേഞ്ചറും ലിവകോവിച്ച് വഴിതിരിച്ചുവിട്ടു.
എട്ട് ഷോട്ടുകളാണ് മൊറോക്കോ പായിച്ചതെങ്കിൽ ക്രൊയേഷ്യയുടേത് അഞ്ചിലൊതുങ്ങി. എന്നാൽ, ഇരു ടീമിന്റെയും രണ്ട് ഷോട്ടുകൾ വീതമാണ് ഗോൾവലക്ക് നേരെ ചെന്നത്.
സ്പോർട്സ് ഡെസ്ക്