- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഓടിയെത്തിയ ലിയോയെ ഒഫീഷ്യലുകൾ തടഞ്ഞു; പെരിസിച്ചിന്റെ മകന് നേരെ കൈ നീട്ടി നെയ്മർ; ആലിംഗനം ചെയ്തു; തോളിൽ തട്ടി ആശ്വസിപ്പിച്ച് ലിയോയും; ഫുട്ബോൾ ലോകത്തിന്റെ മനം നിറച്ച കാഴ്ച; നെയ്മറോട് നന്ദി പറഞ്ഞ് പെരിസിച്ച്
ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടറിൽ ക്രൊയേഷ്യക്കെതിരേ ബ്രസീൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കാലിടറി വീണപ്പോൾ ഗ്രൗണ്ടിൽ വിതുമ്പിക്കരയുകയായിരുന്നു സൂപ്പർതാരം നെയ്മർ. സഹതാരങ്ങളും ഒഫീഷ്യൽസുമെല്ലാം ആശ്വസിപ്പിക്കുന്നതിനിടെ നെയ്മറെ തേടി ഗ്രൗണ്ടിലേക്ക് ഒരു കുട്ടിയെത്തി, ക്രൊയേഷ്യൻ താരം ഇവാൻ പെരിസിച്ചിന്റെ മകൻ ലിയണാർഡോ പെരിസിച്ച്.
ക്രൊയേഷ്യൻ ടീമിന്റെ ജയത്തിനുശേഷം താരങ്ങളുടെ കുടുംബാംഗങ്ങളെല്ലാം ഗ്രൗണ്ടിലെത്തി ആഘോഷിക്കുന്നതിനിടെയാണ് ലിയണാർഡോ നെയ്മറുടെ അടുത്തെത്തിയത്. സഹതാരങ്ങൾക്കും ഒഫീഷ്യലുകൾക്കുമൊപ്പം നിൽക്കുകയായിരുന്ന നെയ്മർക്കരികിൽ കാത്തുനിന്ന ലിയണാർഡോയെ കണ്ടതോടെ താരം അടുത്തെത്തി കെട്ടിപ്പിടിച്ചു.
നെയ്മാറിനെ പെരിസിച്ചിന്റെ മകൻ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഡാനി ആൽവസിന്റെ തോളിൽ തലചാരി വിതുമ്പുന്ന നെയ്മർ. ബ്രസീൽ ആരാധകരെ മാത്രമല്ല ഫുട്ബോൾ പ്രേമികളെയെല്ലാം വേദനിപ്പിച്ച നിമിഷം. ആ കാഴ്ച കണ്ട് ഓടിയെത്തിയതായിരുന്നു ലിയോ. നെയ്മാറെ ആശ്വസിപ്പിക്കുന്ന 10 വയസുകാരൻ ലിയോയുടെ ദൃശ്യം ഫുട്ബോൾ ലോകത്തിന്റെ മനം നിറച്ച കാഴ്ചയായി.
നെയ്മാറിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചാണ് ലിയോ മടങ്ങിയത്. നെയ്മറെ ആശ്വസിപ്പിച്ചശേഷം ലിയോണാർഡോ ക്രൊയേഷ്യയുടെ ആഘോഷം നടക്കുന്നതിയടത്തേക്ക് തിരിച്ചുപോയി. ലിയോണാർഡോയെ വാഴ്‌ത്തി നിരവധിപേരാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്.
ഇതേക്കുറിച്ച് പ്രതികരണവുമായെത്തിയിരിക്കുകയാണ് ഇവാൻ പെരിസിച്ച്. ഓടിയെത്തിയ മകനെ അടുത്തേക്ക് വിളിക്കാനും ആലിംഗനം ചെയ്യാനും തയ്യാറായ നെയ്മാർക്ക് നന്ദി പറയുകയാണ് പെരിസിച്ച്. താരം പറയുന്നതിങ്ങനെ.. ''വലിയ മാനസിക സംഘർഷത്തിനിടയിലും തന്റെ മകനെ പരിഗണിക്കാൻ നെയ്മർ തയ്യാറായി. അത് ലിയോയ്ക്ക് ജീവിതത്തിൽ ഏറെ വിലപ്പെട്ട നിമിഷമായി തീർന്നു.'' പെരിസിച്ച് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. ഓടിയെത്തിയ ലിയോയെ ഒഫീഷ്യലുകൾ ആദ്യം തടഞ്ഞിരുന്നു.
മത്സരത്തിന് ശേഷം പെരിസിച്ചും നെയ്മറിന്റെ അടുത്തെത്തിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്രസീൽ തോൽക്കുന്നത്. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെയും മധ്യനിര എഞ്ചിൻ ലൂക്കാ മോഡ്രിച്ചിന്റേയും കരുത്തിലാണ് സെമിയിലേക്ക് ക്രൊയേഷ്യയുടെ പടയോട്ടം.
എക്‌സ്ട്രാ ടൈമിലെ നെയ്മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്റെ ഇടവേളയിൽ ബ്രൂണോ പെറ്റ്‌കോവിച്ച് ലോംഗ് റേഞ്ചർ ഗോൾ നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഒരിക്കൽക്കൂടി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ വെന്നിക്കൊടി പാറിച്ചപ്പോൾ ഗാലറിയിൽ ബ്രസീലിയൻ ആരാധകരുടെ കണ്ണീരൊഴുകി.
സ്പോർട്സ് ഡെസ്ക്