ദോഹ: ലോകകപ്പ് ഫുട്‌ബോളിൽ ഇന്ത്യൻ സാന്നിധ്യമില്ലെങ്കിലും ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനലിന് മുന്നോടിയായി താരമായത് ദീപിക പദുക്കോൺ എന്ന ഇന്ത്യൻ സുന്ദരിയായിരുന്നു.ഫുട്‌ബോളിലെ ലോകചാമ്പ്യന്മാർക്കുള്ള വിശ്വകിരീടമായ സ്വർണ്ണക്കപ്പ് അനാവരണം ചെയ്യാനുള്ള ദൗതയത്തിനായി നിയോഗിക്കപ്പെട്ടത് ബോളിവുഡ് താരമായിരുന്നു.മുൻ സ്പെയിൻ ഗോൾകീപ്പറും ക്യാപ്റ്റനുമായ ഇക്കർ കാസിലാസുമായി ചേർന്നാണ് ലോകകപ്പ് ട്രോഫി ദീപിക അനാവരണം ചെയ്തത്.

2022 മെയ് മാസത്തിൽ ആഡംബര ബ്രാൻഡായ ലൂയി വിറ്റണിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതയായ ദീപിക, ഫൈനലിലെ വിജയിക്ക് നൽകുന്ന ട്രോഫി അനാച്ഛാദനം ചെയ്യാനായി നിയോഗിക്കപ്പെടുകയായിരുന്നു.ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ താരം ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി നിയോഗിക്കപ്പെടുന്നത്. മുൻകാലങ്ങളിൽ കഴിഞ്ഞ ലോകകപ്പിൽ കിരീടം നേടിയ ടീമിന്റെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേർന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്.ഇതിന് മാറ്റം വരുത്തിക്കൊണ്ടാണ് ഖത്തറിൽ ഒരു ഇന്ത്യക്കാരി ഇത്രയും വലിയ വേദിയിൽ താരമായി മാറുന്നത്.തന്റെ പുതിയ ചിത്രമായ പത്താനിലെ ഷാരൂഖ് ഖാനുമൊന്നിച്ചുള്ള ഗാനരംഗത്തെ തുടർന്നുള്ള വിവാദം കത്തി നിൽക്കുമ്പോഴാണ് ദീപികയുടെ ലോകശ്രദ്ധ നേടുന്ന വേദി എന്നതും ശ്രദ്ധേയമാണ്.

ആക്രമണ ഫുട്ബോളിലൂടെ അർജന്റീന ഫൈനലിന്റെ നിയന്ത്രണം ഏറ്റെടുത്തു,23-ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയെ ബോക്സിനുള്ളിൽ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റി ലയണൽ മെസ്സി ഗോളാക്കി മാറ്റി.36-ാം മിനിറ്റിൽ ഡി മരിയ തന്നെ അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കി.രണ്ടാം പകുതിയിലും മികച്ച മുന്നേറ്റവുമായി മെസ്സിപ്പട ആധികാരികത നിലനിർത്തുകയാണ്.