ദോഹ:അർജന്റീനയുടേയും ബ്രസീലിന്റേയും കളികളോടെ ലോകകപ്പിലെ ക്വാർട്ടർ ആവേശത്തിന് ഇന്ന് ഖത്തറിൽ തുടക്കമാകും.എന്നാൽ ആക്രമണ ഫുട്‌ബോളിന്റെ വശ്യതയുമായി കളംനിറയുന്ന രണ്ട് ടീമുകൾ നാളെയാണ് ക്വാർട്ടറിൽ ഏറ്റുമുട്ടുന്നത്.അത്യന്തം അവേശം നിറഞ്ഞതാകുമെന്ന് ഫുട്‌ബോൾ ആരാധകർ പ്രതീക്ഷിക്കുന്ന ഫ്രാൻസ്- ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ നടക്കാനിരിക്കെ സൂപ്പർതാരം കൈലിയൻ എംബാപ്പെയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ പ്രതിരോധതാരം കൈൽ വാക്കർ.എംബാപ്പെ മികച്ച കളിക്കാരനാണെന്നതിൽ സംശയമില്ലെന്നും എന്നാൽ തങ്ങൾ കളിക്കുന്നത് ടെന്നീസല്ലെന്നുമാണ് വാക്കർ പറഞ്ഞിരിക്കുന്നത്.ഫുട്‌ബോൾ എന്നാൽ വ്യക്തിഗത പോരാട്ടമല്ല. ക്വാർട്ടർ ഫൈനൽ മത്സരം ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലാണെന്നും ഇംഗ്ലണ്ടും എംബാപ്പെയും തമ്മിൽ അല്ലെന്നും മത്സരത്തിന് മുന്നോടിയായി സംസാരിച്ചുകൊണ്ട് വാക്കർ വ്യകത്മാക്കി.

വാക്കറുടെ വാക്കുകൾ ഇങ്ങനെ.'എംബാപ്പെ മികച്ച കളിക്കാരനാണെന്ന് എനിക്കറിയാം. പക്ഷേ ഞങ്ങൾ കളിക്കുന്നത് ടെന്നീസല്ല. ഇത് വ്യക്തിഗത മത്സരമല്ല, ഒരു ടീം ഗെയിം ആണ്. അദ്ദേഹം മഹാനായ കളിക്കാരനായതിലാണ് ഇത്തരം ചോദ്യങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. അർഹമായ ബഹുമാനം നൽകുമെങ്കിലും ഞങ്ങൾ അദ്ദേഹത്തിന് ചുവപ്പുപരവതാനി വിരിക്കില്ല. ഞങ്ങൾ അദ്ദേഹത്തെ തടയുക തന്നെ ചെയ്യും' കൈൽ വാക്കർ വ്യകത്മാക്കി.

ഖത്തർ ലോകകപ്പിൽ മികച്ച ഫോമിലുള്ള കളിക്കാരിൽ ഒന്നാമതാണ് കൈലിയൻ എംബാപ്പെ.ടോപ് സ്‌കോറർ പോരാട്ടത്തിലും അഞ്ചു ഗോളുകളോടെ ഒന്നാമതാണ് ഫ്രഞ്ച് മുന്നേറ്റ താരം.രണ്ട് അസിസ്റ്റുകളും എംബാപ്പെയുടെ പേരിലുണ്ട്.ഖത്തർ ലോകകപ്പിൽ നാല് കളികളിൽ നിന്നാണ് എംബാപ്പെ അഞ്ച് ഗോളുകൾ നേടിയത്.കഴിഞ്ഞ ലോകകപ്പിലെ 4 ഗോളുകൾ കൂടി ചേർത്താൽ ആകെ 11 മത്സരങ്ങളിൽ 9 ഗോളുകൾ. ഇതോടെ രണ്ട് ലോകകപ്പുകളിൽ ഫ്രാൻസിനായി നാലോ അതിൽ കൂടുതലോ ഗോൾ നേടുന്ന ആദ്യതാരമെന്ന നേട്ടവും എംബാപ്പെ തന്റെ പേരിലാക്കിയിട്ടുണ്ട്.