- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
വൺ ലവ് ക്യാമ്പയിന് തുടക്കമിട്ടത് നെതർലൻഡ്സ്; ഏറ്റെടുത്ത് വിവിധ യൂറോപ്യൻ ടീമുകൾ; ഖത്തറിനെ 'പിണക്കാനാവില്ല'; ലോകകപ്പിൽ ബാൻഡ് ധരിച്ചാൽ നായകന് മഞ്ഞക്കാർഡെന്ന് ഫിഫ; നിലപാട് കടുപ്പിച്ചതോടെ ഇംഗ്ലണ്ട് അടക്കം ഏഴ് ടീമുകൾ പിന്മാറി
ദോഹ: സ്വവർഗാനുരാഗികളടക്കമുള്ള എൽജിബിടിക്യു സമൂഹത്തോട് അനുഭാവം പ്രകടിപ്പിച്ച് വൺ ലവ് ആം ബാൻഡ് ധരിക്കുന്നതിൽ നിന്ന് പിന്മാറി ഇംഗ്ലണ്ടും വെയ്ൽസുമടക്കമുള്ള യൂറോപ്യൻ ടീമുകൾ. വൺ ലവ് ആം ബാൻഡ് ധരിച്ച് കളത്തിലിറങ്ങുന്ന ടീമുകളുടെ ക്യാപ്റ്റന്മാർക്ക് അപ്പോൾ തന്നെ മഞ്ഞ കാർഡ് നൽകുമെന്ന നിലപാട് ഫിഫ കടുപ്പിച്ചതോടെയാണ് പിന്മാറ്റം.
ഇതോടെയാണ് ഇംഗ്ലണ്ടും വെയ്ൽസും തീരുമാനത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുന്നത്. മറ്റ് അഞ്ച് ടീമുകളും ആം ബാൻഡ് ധരിക്കുന്നതിൽ നിന്ന് പിന്മാറുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ.
സ്വവർഗാനുരാഗികളടക്കമുള്ള എൽജിബിടിക്യു സമൂഹത്തോടുള്ള ഖത്തർ ഭരണകൂടത്തിന്റെ നിലപാട് ലോകകപ്പിന് മുൻപ് വലിയ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. സ്വവർഗാനുരാഗമടക്കമുള്ളവ ഖത്തറിൽ നിയമവിരുദ്ധമാണ്. യൂറോപ്പിൽ നിന്നുള്ള ടീമുകളും താരങ്ങളും ഈ നിലപാട് ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.
പ്രതിഷേധമെന്ന നിലയിൽ 'വൺ ലൗ' എന്ന് രേഖപ്പെടുത്തിയ ആംബാൻഡ് ധരിച്ച് കളിക്കാനിറങ്ങുമെന്നായിരുന്നു യൂറോപ്യൻ ടീമുകളുടെ ചില നായകന്മാർ പ്രഖ്യാപിച്ചത്. മഴവിൽ വർണത്തിൽ 'വൺ ലൗ' എന്ന് എഴുതിയ ആംബാൻഡ് ധരിക്കാനായിരുന്നു തീരുമാനം. വിവാദമായതോടെ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഫിഫ രംഗത്തെത്തി. ഇതോടെയാണ് നായകന്മാർ തീരുമാനം പിൻവലിച്ചത്.
തങ്ങളുടെ ക്യാപ്റ്റന്മാർ കളിക്കളത്തിൽ ആം ബാൻഡ് ധരിച്ചാൽ കായിക ഉപരോധം ഏർപ്പെടുത്തുമെന്ന് ഫിഫ വ്യക്തമാക്കിയെന്ന് ഇംഗ്ലണ്ട്, വെയിൽസ്, ബെൽജിയം, ഡെന്മാർക്ക്, ജർമ്മനി, നെതർലാൻഡ്സ്, സ്വിറ്റ്സർലൻഡ് എന്നീ ഫുട്ബോൾ അസോസിയേഷനുകൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ദേശീയ ഫെഡറേഷനുകൾ എന്ന നിലയിൽ തങ്ങളുടെ കളിക്കാരെ ബുക്കിങ് ഉൾപ്പെടെയുള്ള കായിക ഉപരോധങ്ങൾ നേരിടുന്ന അവസ്ഥയിൽ നിർത്താൻ സാധിക്കില്ല.
അതുകൊണ്ട് ഫിഫ ലോകകപ്പ് മത്സരങ്ങളിൽ ആംബാൻഡ് ധരിക്കാൻ ശ്രമിക്കരുതെന്ന് ക്യാപ്റ്റന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസോസിയേഷനുകൾ വ്യക്തമാക്കി. കിറ്റ് ചട്ടങ്ങളുടെ ലംഘനങ്ങൾക്ക് സാധാരണയായി ചുമത്താറുള്ള പിഴ അടയ്ക്കാൻ തയാറാണ്. പക്ഷേ, താരങ്ങൾ ബുക്ക് ചെയ്യപ്പെടുകയും കളിക്കളത്തിൽ നിന്ന് പുറത്തുപോകാൻ അവരെ നിർബന്ധിതരാക്കുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് സാഹചര്യങ്ങളെത്തിക്കാൻ സാധിക്കില്ല. ഫിഫയുടെ തീരുമാനത്തിൽ വളരെയധികം നിരാശയുണ്ട്.
വൺ ലവ് ആംബാൻഡ് ധരിക്കാനുള്ള ആഗ്രഹം അറിയിച്ചുകൊണ്ട് സെപ്റ്റംബറിൽ തന്നെ ഫിഫയ്ക്ക് കത്തെഴുതിയിരുന്നു. എന്നാൽ, പ്രതികരണമൊന്നും ഉണ്ടായില്ലെന്നും താരങ്ങളും പരിശീലകരും വളരെ നിരാശയിലാണെന്നും അസോസിയേഷനുകൾ വ്യക്തമാക്കി.
എൽജിബിടിക്യുഐഎ+ സമൂഹത്തോട് ഏറ്റവും പുരോഗമനപരമായ സമീപനമുള്ള നെതർലൻഡ്‌സാണ് ലോകകപ്പിലെ വൺ ലവ് ക്യാമ്പയിന് തുടക്കമിട്ടത്. ഇത് വിവിധ യൂറോപ്യൻ ടീമുകൾ ഏറ്റെടുക്കുകയായിരുന്നു. വെളുത്ത നിറത്തിലുള്ള ക്യാപ്റ്റൻ ബാൻഡിൽ ബഹുവർണങ്ങളിലുള്ള ഹൃദയചിഹ്നവും അതിന്റെ ഇരുവശങ്ങളിലുമായി വൺ, ലവ് എന്നിങ്ങനെ ഹാഷ്ടാഗ് രൂപത്തിൽ എഴുതിയതുമാണ് വൺ ലവ് ആം ബാൻഡ്.
സ്പോർട്സ് ഡെസ്ക്