ലണ്ടൻ: ഉറുഗ്വെയ്‌ക്കെതിരായ മത്സരത്തിലെ ഗോളിനെച്ചൊല്ലി ഫിഫയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയയും ട്രോളന്മാരും.ഇപ്പോഴിത ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ക്രിസ് വോക്സും താരത്തെ ട്രോളികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ക്രിക്കറ്റുമായി ബന്ധപ്പെടുത്തിയാണ് വോക്സ് ട്രോളിയത്. അത് ഗോളല്ലെന്ന് സ്‌നിക്കോ പോലും പറയുന്നുവെന്നാണ് വോക്‌സ് പരിഹസിച്ചത്..

ക്രിക്കറ്റിൽ പന്ത് ബാറ്റിൽ ഉരസിയോ എന്ന് പരിശോധിക്കുന്ന സ്നിക്കോ സംവിധാനം 'റൊണാൾഡോയുടെ ഗോളിന്റെ' കാര്യത്തിൽ എന്ത് പറയുന്നുവെന്നാണ് വോക്സിന്റെ ചോദ്യം. തന്റെ അഭിപ്രായത്തിൽ ഫ്ളാറ്റ് ലൈനാണെന്നും വോക്സ് ചിരിയുടെ പറയുന്നുണ്ട്.

 


എതിരാല്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് പോർച്ചുഗൽ ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുന്നത്. മധ്യനിര താരം ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ട ഗോളാണ് പോർച്ചുഗലിന് ജയമൊരുക്കിയത്. ഒരു ഗോൾ ബോക്സിന് പുറത്ത് നിന്നായിരുന്നു. മറ്റൊന്ന് പെനാൽറ്റി കിക്കിലൂടേയും. ഇതിൽ ആദ്യത്തെ ഗോൾ യഥാർത്ഥത്തിൽ ബ്രൂണോ ക്രിസ്റ്റിയാനോയ്ക്ക് ഹെഡ് ചെയ്യാൻ പാകത്തിൽ ക്രോസ് ചെയ്ത പന്തായിരുന്നു അത്. ഉയർന്നുചാടിയ ക്രിസ്റ്റ്യാനോ പന്ത് ഹെഡ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ താരത്തിന് ശരിയായ രീതിയിൽ കണക്റ്റ് ചെയ്യാൻ സാധിച്ചില്ല.

തലമുടിയിൽ ഉരസിയാണ് പന്ത് ഗോൾവര കടന്നത്. ഒരുപക്ഷേ ക്രിസ്റ്റ്യാനോ ഹെഡ് ചെയ്യാൻ ശ്രമിച്ചതുകൊണ്ടാവാം ഉറുഗ്വെൻ ഗോൾ കീപ്പർക്ക് ആശയക്കുഴപ്പമായത്. എന്തായാലും ക്രിസ്റ്റ്യാനോ തന്റെ ഗോളെന്ന രീതിയിൽ ആഘോഷവും തുടങ്ങി. എന്നാൽ നിമിഷങ്ങൾക്കകം തിരുത്ത് വന്നു. ബ്രൂണോയ്ക്ക് അവകാശപ്പെട്ട ഗോളാണ് അതെന്ന് ഔദ്യോഗികമായി തെളിഞ്ഞു.മത്സരശേഷവും ക്രിസ്റ്റ്യാനോ പറയുന്നുണ്ടായിരുന്നു പന്ത് തന്റെ തലയിൽ ഉരസിയെന്ന്. എന്നാൽ താരത്തിനെതിരെ കടുത്ത പരിഹാസമാണുണ്ടായത്.

ഖത്തർ ലോകകപ്പിൽ തകർപ്പൻ ഫോമിലാണ് ബ്രൂണോ. ഘാനയ്ക്കെതിരായ ആദ്യ മത്സരത്തിൽ രണ്ട് അസിസ്റ്റുകളും ബ്രൂണോ നേടിയിരുന്നു.