ദോഹ: ആറാമത്തെ ലോക കപ്പാണിത് സൗദിക്ക്. ഇതുവരെ ഒരു ആദ്യ മത്സരം അവർ വിജയിച്ചിട്ടില്ല. ലുസെയിൽ സ്റ്റേഡിയത്തിൽ അതുകൊണ്ട് തന്നെ അസാധാരണമായ അന്തരീക്ഷമായിരുന്നു. ആരാധന കൊടുമുടിയോളം കയറിയ അർജന്റീന ഫാൻസിന്റെ വാമോസ് വിളിക്കൊപ്പം ആയിരക്കണക്കിന് സൗദി ആരാധകരുടെ ശബ്ദവും ഉയർന്നു. നമ്മുടെ ടീം നമ്മുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ചു. എവിടെ മെസി? അയാളെ നമ്മൾ കീഴടക്കി, പച്ചയണിഞ്ഞ സൗദി ആരാധകർ സ്റ്റേഡിയത്തിൽ അലറി വിളിച്ചു.

മെക്‌സികോയെയും പോളണ്ടിനെയുമാണ് ഇനി ഇരുടീമുകൾക്കും നേരിടാനുള്ളത്. വലിയൊരു തിരിച്ചുവരവാണ് അർജന്റീനയയിൽ നിന്നും മെസിയിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്. ഡീഗോ മറഡോണയുടെ അതുല്യനേട്ടം ആവർത്തിച്ച് ജന്മനാട്ടിലേക്ക് കപ്പ് എത്തിക്കാൻ ചെറിയ പ്രയത്‌നം ഒന്നും പോരാ.

കോപയ്ക്ക് ശേഷം ആദ്യതോൽവി; ഇറ്റലിയുടെ റെക്കോഡ് ഭദ്രം

സൗദിയുടെ അട്ടിമറി ജയത്തോടെ, അവസാനിക്കുന്നത് 36 മത്സരങ്ങളിൽ തോൽവിയറിയാതെയുള്ള അർജന്റീനയുടെ അപരാജിത കുതിപ്പാണ്. 2109ലെ കോപ അമേരിക്ക സെമിയിൽ തോറ്റശേഷം അർജന്റീന ഒരു മത്സരം തോൽക്കുന്നത് ഇന്നാണ്. സൗദിക്കെതിരായ മത്സരത്തിനിറങ്ങും മുമ്പ് കളിച്ച 36 മത്സരങ്ങളിൽ 25 വിജയങ്ങളും 11 സമനിലകളുമാണ് ടീം നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഒറ്റ മത്സരം പോലും തോൽക്കാതെയായിരുന്നു അർജന്റീന ലോകകപ്പിനെത്തിയത്. ഇന്ന് ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ 37 മത്സരങ്ങളിൽ അപരാജിതരായിരുന്ന ഇറ്റലിയുടെ പേരിലുള്ള റെക്കോർഡിനൊപ്പമെത്താൻ ലോക റാങ്കിംഗിൽ 51-ാം സ്ഥാനത്തുള്ള സൗദി അറേബ്യക്കെതിരെ അർജന്റീനക്ക് ഒരു സമനില മാത്രം മതിയായിരുന്നു. എന്നാൽ, സൗദി അക്ഷരാർത്ഥത്തിൽ അർജന്റീനയെ നിഷ്പ്രഭരാക്കി.

ഫ്രാൻസിന്റെയും ഇംഗ്ലണ്ടിന്റെയും അനുഭവം ആവർത്തിച്ചു

2002 ൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ ഒരു ഗോളിന് ആദ്യ മത്സരത്തിൽ, സെനഗൽ അട്ടിമറിച്ചതും, 1950 ൽ അമേരിക്ക ഇംഗ്ലണ്ടിനെ ഒരു ഗോളിന് തോൽപ്പിച്ചതുമാണ് അർജന്റിനയുടേതിന് സമാനമായ തോൽവികൾ. ലോകകപ്പ് ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് അർജന്റീന ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യ പകുതിയിൽ ലിഡെടുത്തശേഷം തോൽക്കുന്നത്. 1930ൽ യുറുഗ്വേക്കെതിരെ ആയിരുന്നു അർജന്റീന ആദ്യ പകുതിയിൽ ലീഡെടുത്തശേഷം ആദ്യമായി തോൽവി വഴങ്ങിയത്. പിന്നീട് 92 വർഷം അർജന്റീനക്ക് ഇത്തരമൊരു തോൽവി പിണഞ്ഞിട്ടില്ല.

അറബിനാട്ടിലേക്ക് എത്തിയ ലോകകപ്പിൽ വമ്പന്മാരായ അർജന്റീനയെ അട്ടിമറിച്ചാണ് സൗദി വരവറിയിച്ചത്. ഇതിഹാസ താരം ലയണൽ മെസ്സിയുടെ ടീമിനെതിരെ 2-1നാണ് സൗദി വിജയം കുറിച്ചത്. ആയിരക്കണക്കിന് മലയാളികളും മത്സരം കാണാൻ എത്തിയപ്പോൾ മെസ്സി ഗോളടിച്ചെങ്കിലും സൗദി വിജയവഴിയിൽ എത്തുകയായിരുന്നു. സാലിഹ് അൽ ശെഹ്രിയും സലിം അൽ ദൗസറിയുമാണ് അർജന്റീനയുടെ വിജയ ഗോളുകൾ നേടിയത്.

48-ാം മിനിറ്റിൽ സൗദിക്ക് വേണ്ടി സാലിഹ് അൽ ശെഹ്രിയാണ് ആദ്യ ഗോളടിച്ചത്. 53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. സൂപ്പർ താരം ലയണൽ മെസിയുടെ പെനാൽറ്റിയിലാണ് മത്സരത്തിലെ അർജന്റീനയുടെ കന്നി ഗോൾ പിറന്നത്. പരെഡെസിനെ ബോക്‌സിനകത്ത് വെച്ച് അൽ ബുലയാഹി ഫൗൾ ചെയ്തതിനാണ് റഫറി അർജന്റീനക്ക് പെനാൽട്ടി വിധിച്ചത്. ഈ പെനാൽറ്റി പാഴാക്കാതെ 10-ാം മിനിറ്റിൽ മെസി സൗദി ഗോൾവല ചലിപ്പിച്ചു.