- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ അർജന്റീന; ബ്രസീലിനൊപ്പം അപൂർവ്വം നേട്ടം സ്വന്തമാക്കാൻ ഫ്രാൻസും; ഖത്തറിലെ അവസാന പുഞ്ചിരി ആരുടേതെന്നറിയാൻ ഇനി മണിക്കൂറുകൾ; ലോകപ്പിന്റെ ഫൈനൽ അരങ്ങേറുന്നത് ഖത്തർ ദേശീയ ദിനത്തിൽ; 'ഓർത്തിരിക്കാൻ ഒരു രാവു'മായി ഖത്തറിനോട് വിട പറയാൻ ഫിഫയും
ഖത്തർ: ലോകം ഒരുമിച്ച് ഒരു പന്തിനുപിറകെ പായാൻ തുടങ്ങിയിട്ട് 28 ദിനങ്ങൾ പൂർത്തിയാകുന്നു.ഫുട്‌ബോൾ ലോകകപ്പിന്റെ അടുത്ത നാലുവർഷത്തെ അവകാശികളെ ഇന്നറിയാം.ഖത്തറിലെ അവസാന പുഞ്ചിരി ആരുടേതെന്നറിയാൻ ഇനി മണിക്കൂറുകൾ.മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് അർജന്റീനയും ഫ്രാൻസും കലാശപ്പോരാട്ടത്തിന് ബൂട്ടുകെട്ടുന്നത്.
അർജന്റീനയ്ക്ക് മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ആണെങ്കിൽ ഫ്രാൻസിന് ബ്രസീലിനൊപ്പം കിരിടം നിലനിർത്തുന്ന ടീമെന്ന അപൂർവ്വ നേട്ടം സ്വന്തമാക്കാനുള്ള അവസരം കൂടിയാണ്.ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 8.30 മുതൽ ലുസെയ്ൽ സ്റ്റേഡിയത്തിലാണ് ഫൈനൽ.
സെമിയിൽ ക്രൊയേഷ്യയെ വീഴ്‌ത്തിയാണ് അർജന്റീന ഫൈനലിലെത്തിയതെങ്കിൽ അട്ടിമറിവീരന്മാരായ മൊറോക്കോയെ മറികടന്നാണ് ഫ്രാൻസ് എത്തുന്നത്. 2018-ലെ റഷ്യൻ ലോകകപ്പിൽ ജേതാക്കളായ ഫ്രാൻസിന് ഇത് തുടർച്ചയായ രണ്ടാം ഫൈനലാണ്. 1986-ലാണ് അർജന്റീന അവസാനമായി ജേതാക്കളായത്. 2014-ൽ അവർ ഫൈനലിലെത്തിയിരുന്നു. ഇരു ടീമുകളും നേരത്തേ രണ്ടുതവണ വീതം കിരീടം നേടി.
ബ്രസീലും ജർമനിയും ഇംഗ്ലണ്ടും സ്പെയിനും പോർച്ചുഗലും ബെൽജിയവുമൊക്കെ വീണുപോയെങ്കിലും 22-ാമത് ലോകകപ്പിൽ ക്ലാസിക് ഫൈനൽ അരങ്ങേറുന്നതിന്റെ സന്തോഷത്തിലാണ് കായികലോകം. രണ്ടു പതിറ്റാണ്ടോളമായി ലോക ഫുട്ബോളിനെ പ്രചോദിപ്പിക്കുന്ന അർജന്റീനയുടെ പ്രധാന താരം ലയണൽ മെസ്സിയുടെ അവസാന ലോകകപ്പാകും ഇതെന്ന് കരുതുന്നു.
തികഞ്ഞ പ്രതീക്ഷയോടെയാണ് ഫൈനലിനെ കാത്തിരിക്കുന്നതെന്ന് അർജന്റീന കോച്ച് ലയണൽ സ്‌കലോണിയും ഫ്രാൻസ് കോച്ച് ദിദിയർ ദെഷോമും പറഞ്ഞു. ചില കളിക്കാർക്ക് പനി ബാധിച്ചതിന്റെ ആശങ്ക ഫ്രഞ്ച് ടീമിനുണ്ടെങ്കിലും അർജന്റീനയ്ക്ക് ആശങ്കകളൊന്നുമില്ല. അഞ്ചുഗോൾ വീതം നേടി ടോപ് സ്‌കോറർ പട്ടികയിൽ മുന്നിൽ നിൽക്കുന്ന ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും തമ്മിൽ ഗോൾഡൻ ബൂട്ടിനായും മത്സരമുണ്ട്.
ഞായറാഴ്ച വൈകീട്ട് കലാപരിപാടികളോടെ ഫൈനൽ ആഘോഷങ്ങൾക്ക് തുടക്കമാകും. 'ഓർത്തിരിക്കാൻ ഒരു രാവ്' എന്നു ഫിഫ പേരിട്ടിരിക്കുന്ന കലാശപരിപാടികളിൽ നോറ ഫത്തേഹി, ഡേവിഡോ, ആയിഷ, ബൽക്കീസ് തുടങ്ങിയ കലാകാരന്മാർ അണിനിരക്കും. 88000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലുസെയ്ൽ സ്റ്റേഡിയം ഫൈനലിന് നിറഞ്ഞുകവിയും. ഖത്തറിനെ സംബന്ധിച്ച് ഞായറാഴ്ച ചരിത്രത്തിൽ ഇടംപിടിക്കാവുന്ന ദിനംകൂടിയാണ്. ദേശീയദിനം ആഘോഷിക്കുന്ന ഞായറാഴ്ചയാണ് ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ സമാപനവും നടക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ