- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ലോകം 'അൽരിഹ്ല'യെന്ന പന്തിനൊപ്പം ഓടിത്തുടങ്ങാൻ ഇനി മണിക്കൂറുകൾ; ഇനിയുള്ള 29 നാളുകൾ ലോകത്തിന്റെ കണ്ണും ഖൽബും ഖത്തറിലേക്ക് ; എട്ടു സ്റ്റേഡിയങ്ങൾ, 32 ടീമുകൾ, 64 മത്സരങ്ങൾ, 832 കളിക്കാർ, 12 ലക്ഷം കാണികൾ ; ആദ്യമത്സരം ഇന്ത്യൻ സമയം രാത്രി 9.30 ന് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിൽ; ശൈത്യകാലത്തെ ആദ്യ ഫുട്ബോൾ ലോകകപ്പിന് ഇന്ന് കിക്കോഫ്
ഖത്തർ: പറഞ്ഞു പഴകിയ പല്ലവിയാണെങ്കിലും ജനതയുടെ ശ്വാസം ആവാഹിച്ച പന്തിന് പിന്നാലെ ലോകം പായാനൊരുങ്ങുമ്പോൾ ഇങ്ങനെയല്ലാതെ എങ്ങിനെയാണ് ആ മനോഹര നാളുകളെ നമുക്ക് വിശേഷിപ്പിക്കാനാകുക.. എല്ലാ അർഥത്തിലും ലോകം ഖത്തറിലേക്ക് ചുരുങ്ങുകയാണ്. വിസ്മയിപ്പിക്കുന്ന വിസ്തൃതിയില്ലെങ്കിലും വിരുന്നുകാരെ സ്‌നേഹവും അഭിമാനവും ചേർത്ത് ഖത്തർ മാടിവിളിക്കുന്നു. എട്ടു സ്റ്റേഡിയങ്ങൾ, 29 ദിവസം, 32 ടീമുകൾ, 64 മത്സരങ്ങൾ, 832 കളിക്കാർ, 12 ലക്ഷം കാണികൾ....ഇനിയുള്ള 29 ദിനങ്ങൾ ലോകത്തിന്റെ കണ്ണും ഖൽബും ഖത്തറിലേക്ക്.
ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന് അൽഖോറിലെ കളിത്തട്ടിൽ നാലാണ്ടിന്റെ കാത്തിരിപ്പിന് ഒടുക്കമാകും.കാൽപന്തുകളിയുടെ വിശ്വപോരാട്ടങ്ങൾക്ക് കിക്കോഫ് വിസിൽ മുഴങ്ങുമ്പോൾ ആതിഥേയരായ ഖത്തറും തെക്കനമേരിക്കൻ കളിക്കൂട്ടമായ എക്വഡോറും അൽബെയ്ത്തിന്റെ വിഭിന്ന ധ്രുവങ്ങളിൽനിന്ന് നേർക്കുനേർ അങ്കത്തിനിറങ്ങും. ലോകകപ്പിന്റെ 22 മത് എഡിഷനാണ് ഖത്തറിലേത്.ഹയ്യാ ഹയ്യാ എന്നാണ് ഈ ടൂർണമെന്റിന്റെ തീം സോങ്.'ഒത്തൊരുമിച്ച് വരൂ' എന്ന് അർഥമുള്ള ഹയ്യാ എന്ന ഗാനത്തിന്റെ ആവേശത്തിലേക്ക് ഖത്തർ മുങ്ങിക്കഴിഞ്ഞു.
ഭൂമിയിലെ ഏറ്റവും ആവേശകരമായ കായികപ്പോരാട്ടത്തിന് ഖത്തർ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കാത്തിരിക്കുന്നു.ഉദ്ഘാടനച്ചടങ്ങ് രാത്രി 7.30-ന് തുടങ്ങും.64 മത്സരങ്ങൾക്കൊടുവിൽ ഡിസംബർ 18-ന് ലുസൈൽ സ്റ്റേഡിയത്തിൽ ഫുട്‌ബോളിലെ പുതിയ രാജാക്കന്മാരുടെ കിരീടധാരണം.ശൈത്യകാലത്തു നടക്കുന്ന ആദ്യ ലോകകപ്പെന്ന വിശേഷണവുമായാണ് ഖത്തർ ലോകകപ്പ് അരങ്ങേറുന്നത്.
ഓഫ് സൈഡ് കണ്ടെത്താനുള്ള പുതിയ സാങ്കേതികവിദ്യ, വനിതാ റഫറിമാർ തുടങ്ങിയ പുതുമകൾ ഈ ലോകകപ്പിനുണ്ട്. ലോകഫുട്ബോളിലെ സൂപ്പർ താരങ്ങളായ അർജന്റീനയുടെ ലയണൽ മെസ്സി, പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രസീലിന്റെ നെയ്മർ, പോളണ്ടിന്റെ ലെവൻഡോവ്സ്‌കി തുടങ്ങിയവർക്ക് ഇത് അവസാന ലോകകപ്പായിരിക്കുമെന്നു കരുതുന്നു. അതുകൊണ്ടുതന്നെ വിജയത്തിനായി ഇവർ അവസാനതുള്ളി വിയർപ്പുമൊഴുക്കുമെന്നു കരുതാം.
ആരാധകരുടെ പ്രിയപ്പെട്ട ടീമുകളായ ബ്രസീലും അർജന്റീനയും ലാറ്റിനമേരിക്കയുടെ പ്രതിനിധികളായി ഖത്തറിലെത്തുന്നു. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, ഹോളണ്ട്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ യൂറോപ്യൻ വമ്പന്മാരും അണിനിരക്കുന്നു. യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലി, കഴിഞ്ഞതവണത്തെ ആതിഥേയരായ റഷ്യ, ലാറ്റിനമേരിക്കൻ ശക്തികളായ ചിലി, കൊളംബിയ തുടങ്ങിയ ടീമുകൾ ഇത്തവണയില്ല.
മലയാളികൾ ഉൾപ്പെടെ ഈ മണ്ണിൽ അധിവസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ ആരവങ്ങളും ഈ ലോകകപ്പിന്റെ കരുത്താവുകയാണ്.പന്തിന്റെ പെരുന്നാൾപിറക്ക് കൺപാർക്കുകയാണ് ലോകം. ഡിസംബർ 18ന്റെ രാത്രിയിൽ, പ്രഭാപൂരിതമായ ലുസൈൽ സ്റ്റേഡിയത്തിൽ ആ സ്വർണക്കിരീടം മാറോടണക്കുന്ന പോർസംഘം ആരാകും? ആധിയും ആകാംക്ഷയും സ്വപ്നങ്ങളും ചാലിച്ച് ആറ്റിയും കുറുക്കിയുമുള്ള കണക്കുകൂട്ടലുകളുടെ കാലമാണ് ഇനിയുള്ള നാളുകൾ..
മറുനാടന് മലയാളി ബ്യൂറോ