ദോഹ: ലോക ഫുട്‌ബോൾ പ്രേമികളുടെ കണ്ണുകളത്രയും ഇന്ന് അർജന്റീനയുടെ പോരാട്ടത്തിലേക്കാണ്. മുപ്പത്തിയാറ് മത്സരങ്ങളിലെ തുടർച്ചയായ ജയവുമായി എത്തിയ അർജന്റീനയക്ക് സൗദി ഏൽപ്പിച്ച ആഘാതം അത്രമേൽ വലുതായിരുന്നു.ലോകകപ്പ് ഫുട്‌ബോളിലെ ആദ്യകളിയിൽ സൗദി അറേബ്യയോടേറ്റ തോൽവിയും ടീം കളിച്ച രീതിയും അർജന്റീനാ ടീമിനെ അത്രയേറെ ഉലച്ചിട്ടുണ്ട്.കണക്കുകൂട്ടിയും കിഴിച്ചും രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ ടീമിനുവേണ്ടത് ജയം മാത്രമാണ്.മെക്‌സിക്കോയാണ് എതിരാളിയെന്നതും ടീമിനെപ്പോലെത്തന്നെ ആരാധകരെയും ഉലയ്ക്കുന്നുണ്ട്.

അർജന്റീനയുടെ നിലനിൽപ്പിന് തന്നെ ഇന്നത്തെ മത്സരം നിർണ്ണായകമാകുമ്പോൾ വമ്പൻ മാറ്റങ്ങളുമായാണ് കോച്ച് സ്‌കലോണി ടീമിനെ ഇറക്കുന്നക എന്നത് നിസംശയം പറയാം.പ്രധാന താരങ്ങളുടെ പരിക്കിനെ പഴി പറഞ്ഞ് സ്‌കലോണിക്ക് ഒഴിയാമെങ്കിലും വീഴ്ചകൾ ഏറെയായിരുന്നു. സൗദിയെ ചെറുതായി കണ്ടപ്പോൾ ഓഫ് സൈഡ് ട്രാപ്പിന് മറുതന്ത്രമുണ്ടായില്ല.

ചില താരങ്ങളിൽ അമിത വിശ്വാസമർപ്പിച്ചതും തിരിച്ചടിയായി. അതിനാൽ മെക്സിക്കോയ്‌ക്കെതിരെ ടീമിൽ അഴിച്ചുപണി ഉറപ്പാണ്. ചുരുങ്ങിയത് മൂന്ന് മാറ്റങ്ങളെങ്കിലും വരും. രണ്ട് വിങ് ബാക്കുകളെ മാറ്റിയേക്കും. നെഹുവേൽ മൊളീനയ്ക്ക് പകരം മൊണ്ടേയേലും ടഗ്ലിയാഫിക്കോയ്ക്ക് പകരം അക്യൂനയും വരും. ക്രിസ്റ്റ്യൻ റൊമേറോയ്ക്ക് പകരം ലിസാൻഡ്രോ വന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ലൊ സെൽസോയ്ക്ക് പകരം പാപ്പു ഗോമസിനെ വച്ചുള്ള പരീക്ഷണം പാളിയിരുന്നു. സൗദിക്കെതിരെ പകരക്കാരനായിറങ്ങിയ എൻസോ ഫെർണാണ്ടസോ, മക് അലിസ്റ്ററോ ആവും വരിക. മുന്നേറ്റത്തിൽ ഏഞ്ചൽ ഡി മരിയയെ പിൻവലിച്ച് ജൂലിയൻ അൽവാരസിനേയും സ്‌കലോണി പരീക്ഷിച്ചേക്കാം.മെക്സിക്കോയ്‌ക്കെതിരെ ലോകകപ്പിൽ ഇതിന് മുമ്പ് കളിച്ച മൂന്ന് മത്സരങ്ങളിലും അർജന്റീന ജയിച്ചിട്ടുണ്ട്. ഖത്തറിൽ ഇന്നത്തെ പോരാട്ടത്തിലും ലാറ്റിനമേരിക്കൻ ചാമ്പ്യന്മാർക്ക് ജയിച്ചേ തീരൂ. ലുസൈൽ സ്റ്റേഡിത്തിൽ ഇന്ത്യൻസമയം രാത്രി 12.30നാണ് അർജന്റീന-മെക്സിക്കോ പോരാട്ടം തുടങ്ങുക.

അർജന്റീനയെ ആദ്യ മത്സരത്തിൽ അട്ടിമറിച്ച സൗദി അറേബ്യയും ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങും. വൈകിട്ട് ആറരയ്ക്ക് പോളണ്ടാണ് സൗദിയുടെ എതിരാളികൾ. മൂന്ന് പോയിന്റുള്ള സൗദിയാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമത്. പോളണ്ടിനോടും ജയിച്ചാൽ സൗദിക്ക് പ്രീക്വാർട്ടറിലേക്ക് മുന്നേറാം. ആദ്യ മത്സരത്തിൽ മെക്‌സിക്കോയോട് സമനില വഴങ്ങിയ പോളണ്ടിനും ഗ്രൂപ്പ് ഘട്ടം കടക്കാൻ ജയം അനിവാര്യമാണ്. ഗ്രൂപ്പ് സിയിൽ മൂന്ന് പോയിന്റുമായി സൗദി അറേബ്യയാണ് തലപ്പത്ത്. ഓരോ പോയിന്റ് വീതവുമായി പോളണ്ടും മെക്സിക്കോയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. അക്കൗണ്ട് തുറക്കാത്ത അർജന്റീനയാണ് നാലാമത്.

ഇന്നത്തെ മറ്റ് മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്നിറങ്ങും. ഡെന്മാർക്കാണ് എതിരാളികൾ. രാത്രി ഒൻപതരയ്ക്കാണ് മത്സരം. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ മികച്ച ജയം സ്വന്തമാക്കിയാണ് ഫ്രാൻസ് വരുന്നത്. ടുണീഷ്യയോട് സമനില വഴങ്ങിയ ഡെന്മാർക്കിനാകട്ടെ ഗ്രൂപ്പിൽ നിന്ന് മുന്നേറാൻ ജയം അനിവാര്യമാണ്. മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ മുന്നിലുണ്ട് ഫ്രാൻസ്. ഒരു പോയിന്റ് മാത്രമുള്ള ഡെന്മാർക്ക് നിലവിൽ മൂന്നാം സ്ഥാനക്കാരാണ്.

ഇന്നത്തെ ആദ്യ മത്സരം പതിവുപോലെ മൂന്നരയ്ക്കാണ്. ഓസ്‌ട്രേലിയ, ടുണീഷ്യയെ നേരിടും. ഫ്രാൻസിനോട് തോറ്റ ഓസ്‌ട്രേലിയക്ക് പ്രതീക്ഷ നിലനിർത്താൻ ടുണീഷ്യക്കെതിരെ ജയിച്ചേ തീരൂ. ഡെന്മാർക്കിനെ സമനിലയിൽ തളച്ച ആത്മവിശ്വാസവുമായാണ് ടുണീഷ്യയും ഇറങ്ങുന്നത്. ഗ്രൂപ്പ് ഡിയിൽ ഒരു പോയിന്റുമായി ടുണീഷ്യ രണ്ടാമതും അക്കൗണ്ട് തുറക്കാത്ത ഓസ്‌ട്രേലിയ അവസാന സ്ഥാനത്തുമാണ്.