- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
നോക്കൗട്ട് ഉറപ്പിക്കാൻ ഇംഗ്ലണ്ടും നെതർലൻഡ്‌സും ; ഇറാൻ- അമേരിക്ക പോരും നിർണായകം ; ഗ്രൂപ്പ് ബിയിൽ നാല് ടീമുകൾക്കും പ്രീ ക്വാർട്ടർ സാധ്യത; ആദ്യ റൗണ്ടിലെ മൂന്നാംപാദ മത്സരങ്ങൾക്ക് ഇന്ന് തുടക്കം; മത്സരത്തിന്റെ സമയക്രമത്തിലും മാറ്റം
ദോഹ: ദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എയിൽ പ്രീക്വാർട്ടർ പ്രവേശനം തീരുമാനിക്കുന്ന നിർണായക മത്സരങ്ങൾ ഇന്ന് നടക്കും. രാത്രി എട്ടരയ്ക്ക് ആതിഥേയരായ ഖത്തറിന് നെതർലൻഡ്സും സെനഗലിന് ഇക്വഡോറുമാണ് എതിരാളികൾ. ആതിഥേയരായ ഖത്തർ ഒഴികെയുള്ള ഗ്രൂപ്പ് എയിലെ മൂന്ന് ടീമുകൾക്കും പ്രീക്വാർട്ടർ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. തോൽവിയറിയാത്ത നെതർലൻഡ്സ്, ഇക്വഡോർ ടീമുകൾക്ക് നാല് പോയിന്റും ഒരു ജയമുള്ള സെനഗലിന് മൂന്ന് പോയിന്റുമാണുള്ളത്.
ഖത്തറിനോട് സമനില നേടിയാലും നെതർലൻഡ്സിന് ഗ്രൂപ്പ് കടക്കാം. നിരവധി വമ്പന്മാർ കടപുഴകിയ ലോകകപ്പായതിനാൽ ആതിഥേയർക്കെതിരെ കരുതിത്തന്നെയാകും നെതർലൻഡ്സ് ഇറങ്ങുക. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിലും തോൽക്കുന്ന ആദ്യ ആതിഥേയരെന്ന മോശം റെക്കോർഡ് മാറ്റാൻ അഭിമാനപ്പോരാട്ടമാണ് ഖത്തറിന്. ഏഷ്യൻ ചാംപ്യന്മാരെങ്കിലും സമീപകാലത്ത് പ്രകടനത്തിൽ വലിയ തിരിച്ചടിയാണ് ഖത്തർ നേരിട്ടത്.
സ്വന്തം കാണികൾക്ക് മുന്നിൽ ഒരു ആശ്വാസജയമാണ് ടീമിന്റെ ലക്ഷ്യം. ഇക്വഡോറിനെതിരെയിറങ്ങുന്ന ആഫ്രിക്കൻ ചാംപ്യന്മാരായ സെനഗലിന് നോക്കൗട്ടിലെത്താൻ ജയം അനിവാര്യം. സമനില നേടിയാലും ഇക്വഡോറിന് ഗ്രൂപ്പ് കടക്കാം. രണ്ട് മത്സരങ്ങളിൽ മൂന്ന് ഗോൾ നേടിയ ക്യാപ്റ്റൻ എന്നർ വലൻസിയ തന്നെയാകും സെനഗലിന് വെല്ലുവിളിയാവുക. നെതർലൻഡ്സിനെ പോലും സമനിലയിൽ തളച്ച കരുത്ത് ഇക്വഡോറിന് ആത്മവിശ്വാസം നൽകും. സാദിയോ മാനെയുടെ അഭാവം മുന്നേറ്റത്തിൽ പ്രകടമാണെങ്കിലും അലിയോ സിസെയുടെ തന്ത്രങ്ങളിലാണ് സെനഗലിന്റെ പ്രതീക്ഷ.
ഗ്രൂപ്പ് ബിയിലും പ്രീക്വാർട്ടർ ലൈനപ്പ് ഇന്ന് വ്യക്തമാകും.ഗ്രൂപ്പ് ബി-യിലെ അവസാനമത്സരത്തിൽ ഇംഗ്ലണ്ടിന് എതിരാളി അയൽക്കാരായ വെയ്ൽസാണ്. മത്സരം രാത്രി 12.30 മുതൽ. ആദ്യ മത്സരത്തിൽ ഇറാനെ 6-2ന് തകർത്ത ഇംഗ്ലണ്ടിനെ രണ്ടാം മത്സരത്തിൽ അമേരിക്ക ഗോൾരഹിത സമനിലയിൽ തളച്ചതോടെയാണ് അവസാനമത്സരം പ്രധാനമായത്. ഒരുസംഘം യുവതാരങ്ങളുടെ കരുത്തിലെത്തുന്ന ഇംഗ്ലണ്ട് സമീപകാലത്ത് മികച്ച ഫോമിലാണ്. 2018 ലോകകപ്പിൽ സെമി ഫൈനലിലും 2020 യൂറോകപ്പിൽ ഫൈനലിലും എത്തിയ ഇംഗ്ലണ്ട് ടീം ഈ ലോകകപ്പിലെ ഫേവറിറ്റുകളാണ്.
ഗ്രൂപ്പിൽ ഇറാനും അമേരിക്കയും തമ്മിലാണ് മറ്റൊരു സൂപ്പർ പോരാട്ടം. മുന്നേറ്റം ഉറപ്പിക്കാൻ ഇരുടീമുകൾക്കും വിജയിക്കണം. ഇതിനൊപ്പം ഇംഗ്ലണ്ട്-വെയ്ൽസ് മത്സരഫലവും ഇറാന്റേയും അമേരിക്കയുടേയും മുന്നേറ്റത്തിൽ നിർണായകമാകും.
അതേസമയം മൂന്നാംറൗണ്ടിൽ മത്സരസമയത്തിലും മാറ്റമുണ്ട്. ചൊവ്വാഴ്ച എ ഗ്രൂപ്പിലെ രണ്ടുമത്സരങ്ങൾ രാത്രി 8.30-നും ബി ഗ്രൂപ്പിലെ രണ്ടു കളികൾ രാത്രി 12.30-നും തുടങ്ങും. മൂന്നാം റൗണ്ടിലെ എല്ലാ മത്സരങ്ങളും ഇതേസമയത്താണ്. അവസാന റൗണ്ട് ആയതിനാൽ ഒത്തുകളിക്കാനും മറ്റൊരു മത്സരഫലം സ്വാധീനിക്കാതിരിക്കാനുമാണ് ഒരു ഗ്രൂപ്പിലെ രണ്ടുമത്സരങ്ങളും ഒരേസമയം നടത്തുന്നത്. ഇനിമുതൽ 3.30, 6.30, 9.30 സമയങ്ങളിൽ മത്സരങ്ങളില്ല. 8.30-നും 12.30-നും മാത്രം.
സ്പോർട്സ് ഡെസ്ക്