പാരീസ്: ഫുട്ബോൾ ഭ്രാന്ത് അതിരുവിട്ടപ്പോൾ അത് ഒരു കലാപമായി പടരുന്ന കാഴ്‌ച്ചയാണ് ഫ്രാൻസിലും ബെൽജിയത്തിലും കാണാനായത്. സെമിഫൈനൽ മത്സരത്തിൽ ഫ്രാൻസിനോട് 0-2 ന് മൊറോക്കോ തോറ്റതോടെ നിയന്ത്രണം നഷ്ടപ്പെട്ട മൊറോക്കൻ ആരാധകർ തെരുവിലിറങ്ങുകയായിരുന്നു. തെമ്മൻ ഫ്രാൻസിലെ നഗരങ്ങളായ മോണ്ട്പെല്ലിയറിലും നൈസിലും ഫ്രഞ്ച് - മൊറോക്കൻ ആരാധകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടുന്ന കാഴ്‌ച്ചയായിരുന്നു ഇന്നലെ കണ്ടത്. ചവറു വീപ്പകൾക്ക് തീയിട്ടും, പരസ്പരം തീവാരിയെറിഞ്ഞും ഉള്ള കലാപം അവസാനിപ്പിക്കുവാൻ പൊലീസിന് കഠിന ശ്രമം നടത്തേണ്ടതായി വന്നു.

ജല പീരങ്കികളും ലാത്തിച്ചാർജ്ജുമൊക്കെ നടന്നപ്പോൾ നിരവധി പേർക്ക് പരിക്കുമേറ്റു. അതേസമയം, ബ്രസ്സൽസിലെ സൗത്ത് സ്റ്റേഷനിൽ ഒത്തു ചേർന്ന നൂറോളം മൊറോക്കൻ ഫാൻസ് പടക്കങ്ങൾ കത്തിച്ചെറിഞ്ഞു. മറ്റു ചിലർ ട്രെയിൻ തടയുവാനും ശ്രമിച്ചപ്പോൾ കണ്ണീർവാതക പ്രയോഗം നടത്തിയാണ് പൊലീസ് അവരെ പിരിച്ചുവിട്ടത്. ഫ്രാൻസിലും ബെൽജിയത്തിലുമായി 10,000 ഓളം പൊലീസുകാരായിരുന്നു ഫുട്ബോൾ ഭ്രാന്തന്മാരെ മെരുക്കുവാൻ പണിപ്പെട്ടത്. പാരിസിൽ മാത്രം 2200 പൊലീസ് ഉദ്യോഗസ്ഥർ ആയുധങ്ങളും ബാരിക്കേടുകളുമായി നിലയുറപ്പിച്ചു.

സെമിഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ-അറബ് രാഷ്ട്രമായി മൊറോക്കോ മാറിയതോടെ ഫ്രാൻസിലെ മൊറോക്കൻ ഫാൻസ് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ആ ആഹ്ലാദമായിരുന്നു ഇന്നലെ ശോകമായും പിന്നീട് രോഷമായും മാറിയത്. ചാമ്പ്സ് -എലിസീസ് ഉൾപ്പടെ ഫ്രാൻസിൽ പലയിടങ്ങളിലും ലഹളക്കാർ പൊലീസുമായി ഏറ്റുമുട്ടുകയുണ്ടായി. കാറുകൾ നശിപ്പിക്കുകയും കടകളുടെ ജനലുകൾ നശിപ്പിച്ചുമൊക്കെയായിരുന്നു പോർച്ചുഗലിലെതിരെയുള്ള ക്വാർട്ടർഫൈനൽ മത്സരത്തിലെ വിജയം അവർ ആഘോഷിച്ചത്.

തുടർച്ചയായി രണ്ടാം തവണയും ഫൈനലിൽ എത്തിയത് ആഘോഷിക്കുവാൻ ചാമ്പ്സ് -എലിസീസിൽ ആയിരക്കണക്കിന് ഫ്രഞ്ച് ആരാധകർ ഒത്തു കൂടിയിരുന്നു. സംഘർഷം മൂർച്ഛിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു. കൊളോണിയൽ കാലത്തും അതിനു ശേഷവും നിരവധി കുടിയേറ്റ തൊഴിലാളികൾ മൊറോക്കോയിൽ നിന്നും ഫ്രാൻസിൽ എത്തിയിരുന്നു. ഫ്രാൻസിലും ബെൽജിയത്തിലും ധാരാളം മൊറോക്കൻ വംശജരുണ്ട്. അവരിൽ പലരും ദ്വന്ത പൗരത്വം ഉള്ളവരുമാണ്.

കഴിഞ്ഞ ശനിയാഴ്‌ച്ച മൊറോക്കോ പോർച്ചുലിനെ പരാജയപ്പെടുത്തിയപ്പോൾ ഏകദേശം 20,000 ൽ അധികം ആരാധകരായിരുന്നു ആഘോഷങ്ങൾക്കായി ചാമ്പ്സ്-എലിസീസിൽ എത്തിയത്. എന്നാൽ റയട്ട് പൊലീസുമായി ഏറ്റുമുട്ടൽ ആയതോടെ അവരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിക്കേണ്ടതായി വന്നു. കടകളും കാറുകളും തല്ലിതകർത്തതിനെ തുടർന്ന് 100 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബെൽജിയത്തിൽ തലസ്ഥാനത്തിന്റെയും ആൻഡ്റെപ് നഗരത്തിന്റെയും പല ഭാഗങ്ങളും പൊലീസ് കൊട്ടിയടച്ചു. പലയിടങ്ങളിലും ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ ജല പീരങ്കികളും കണ്ണീർ വാതകവും പ്രയോഗിക്കേണ്ടി വന്നു. മൊറോക്കൻ ജയം ആഘോഷിച്ച രീതി അറിഞ്ഞതിനാൽ ഇന്നലെ പൊലീസ് കുറേകൂടി കരുതലിലായിരുന്നു. ചാമ്പ്സ് എലിസീസിൽ ബാരിക്കേഡുകൾ കെട്ടിയും പൊലീസ് വാനുകൾ ഇട്ടും പൊലീസ് വഴി തടഞ്ഞിരുന്നു. രാജ്യത്തിന്റെ വിജയം ആഘോഷിക്കുവാൻ ആദ്യം എത്തിയത് ഫ്രഞ്ച് ആരാധകരായിരുന്നു.

കടുത്ത തണുപ്പുണ്ടായിരുന്നിട്ടും, ക്രിസ്ത്മസ് അലങ്കാരങ്ങളാൽ മനോഹരമാക്കിയ ചാമ്പ്സ് - എലിസീസിലേക്ക് ആയിരങ്ങളായിരുന്നു ഒഴുകിയെത്തിയത്. തൊട്ടുപുറകെ അരിശം തീർക്കുവാൻ മൊറോക്കൻ ആരാധകരും എത്തുകയായിരുന്നു. നിരവധി പേരെ ഇന്നലെയും പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ വരുന്നത്. ബ്രസ്സൽസിൽ സബ്വേ -ട്രെയിൻ ഗതാഗതം വരെ തടസ്സപ്പെട്ടപ്പോൾ സാധാരണക്കാരോട് സിറ്റി സെന്ററിലേക്ക് വരരുതെന്ന് മേയർ ആവശ്യപ്പെട്ടു.

തൊട്ടടുത്ത നെതർലൻഡ്സിലും മൊറോക്കൻ കലാപകാരികൾ അസ്വസ്ഥത സൃഷ്ടിച്ചു. പൊലീസിനു മേരെ കല്ലുകളും കത്തിച്ച പടക്കങ്ങളും വലിച്ചെറിഞ്ഞ 500 ഓളം വരുന്ന കലാപകാരികളെ ഒതുക്കാൻ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നതായും റിപ്പോർട്ടുകൾ പറയുന്നു. നെതർലൻഡ്സിലെ തുറമുഖ നഗരമായ റോട്ടർഡാമിലായിരുന്നു അക്രമം നടന്നത്.