ദോഹ: ആദ്യമത്സരത്തിൽ തന്നെ കാലിന് പരിക്കേറ്റ നെയ്മർ ബ്രസീൽ ക്യാമ്പിനെയും ആരാധകരെയും ഒരു പോലെ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്.രണ്ടു മത്സരത്തിലെ വിശ്രമത്തിന് ശേഷം തിരിച്ചുവരും എന്നാണ് ആദ്യം പറഞ്ഞിരുന്നുതെങ്കിലും ഇപ്പോൾ താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകർക്ക് ആശ്വാസം പകരുന്നതല്ല.സെർബിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ നെയ്മർ നിലവിൽ ബ്രസീൽ ക്യാംപിൽ വിശ്രമത്തിലാണ്. നാളെ സ്വിറ്റ്‌സർലൻഡിനെതിരായ മത്സരവും പിന്നാലെ കാമറൂണിനെതിരായ അവസാന ഗ്രൂപ്പ് മത്സരവും നെയ്മറിന് നഷ്ടമാകും എന്ന് ഉറപ്പായിരുന്നു.

 

എന്നാൽ പരിക്കിന്റെ ചിത്രങ്ങൾ നെയ്മർ തന്നെ പുറത്തുവിട്ടതോടെ ആശങ്കയിലാണ് ചില ആരാധകർ. നെയ്മർക്ക് ഇനി ഖത്തർ ലോകകപ്പിൽ കളിക്കാനാവില്ലെന്ന് ഇക്കൂട്ടർ വാദിക്കുന്നു. നെയ്മറുടെ പരിക്ക് ഗുരുതരമാണെന്നും ഭേദമാകാൻ ഏറെസമയം വേണ്ടിവരുമെന്നും പറയുന്നവരുണ്ട്. ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സെർബിയൻ പ്രതിരോധ താരം നിക്കോള മിലങ്കോവിച്ചിന്റെ ടാക്ലിംഗിലാണ് നെയ്മറുടെ കാൽക്കുഴയ്ക്ക് പരിക്കേറ്റത്. നെയ്മറെ എംആർഐ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു.

 

എന്നാൽ കടുത്ത ബ്രസീലിയൻ ആരാധകർ ഈ വാദങ്ങളെല്ലാം തള്ളിക്കളയുകയാണ്. ബ്രസീലിയൻ ടീമിന്റെ സുൽത്താനായ നെയ്മർ നോക്കൗട്ട് റൗണ്ടിൽ മടങ്ങിയെത്തും എന്ന് കാനറി ആരാധകർ ഉറച്ച് വിശ്വസിക്കുന്നു.പരിക്കേറ്റ കണങ്കാലിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. പരിക്ക് ഭേദമായി വരുന്നതായി താരം സൂചിപ്പിച്ചു.നോക്കൗട്ട് റൗണ്ടിൽ നെയ്മർ കളിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ ടീം.

പരിക്കിന് പിന്നാലെ ആരാധകരെ ആശ്വസിക്കുന്ന കുറിപ്പുമായി നെയ്മർ സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. 'എന്റെ കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. അതും വീണ്ടും ലോകകപ്പിൽ. എനിക്ക് പരിക്കുണ്ട്, അതെന്നെ അസ്വസ്തനാക്കുന്നു. എന്നാൽ എനിക്ക് തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്.

കാരണം ഞാൻ എന്റെ രാജ്യത്തെയും സഹതാരങ്ങളെയും സഹായിക്കാൻ എല്ലാ പരിശ്രമവും നടത്തും. എതിരാളികൾ എന്നെ കീഴ്‌പ്പെടുത്താൻ ഏറെക്കാലമായി ശ്രമിക്കുന്നു. പക്ഷേ ഞാൻ തളരില്ല. അസാധ്യമായ ദൈവത്തിന്റെ മകനാണ് ഞാൻ. എന്റെ വിശ്വാസം അനന്തമാണ്'- എന്നുമായിരുന്നു നെയ്മറുടെ വാക്കുകൾ.

അതേസമയം നെയ്മർക്ക് പുറമെ പ്രതിരോധ താരം ഡാനിലോയ്ക്കും 28-ാം തിയതി സ്വിറ്റ്‌സർലൻഡിന് എതിരായ മത്സരം നഷ്ടമാകും. ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാനറികൾ തോൽപിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോൽപിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയൻ മോഹങ്ങൾക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി നൽകുന്നത്.