ദോഹ: മൊറോക്കോയുടെ പോരാട്ടവീര്യത്തെ നിർവീര്യമാക്കി മത്സരത്തിന്റെ ഇരുപകുതികളിലുമായി എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ! അസാധ്യമായ പോരാട്ടം കാഴ്ചവച്ച മൊറോക്കോയെ ഖത്തറിൽനിന്ന് മടക്കിയയ്ക്കുകയാണ് ഫ്രാൻസ്. സെമിഫൈനലിൽ മൊറോക്കോയുടെ മുറുക്കമാർന്ന പ്രതിരോധത്തെയും വിറപ്പിക്കുന്ന കൗണ്ടർ അറ്റാക്കുകളെയും അതിജീവിച്ച് നേടിയ ഏകപക്ഷീയമായ രണ്ടു ഗോൾ വിജയവുമായി നിലവിലെ ചാംപ്യന്മാരായ ഫ്രാൻസ് ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ. ഫ്രാൻസിനായി തിയോ ഹെർണാണ്ടസ് (5ാം മിനിറ്റ്), കോളോ മുവാനി (79ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റു വരെ ഫ്രഞ്ച് പടയുമായി ഒപ്പത്തിനൊപ്പം പോരാടിയാണ് മൊറോക്കോയുടെ മടക്കം.

ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഫ്രാൻസ്, ലയണൽ മെസ്സിയുടെ അർജന്റീനയെ നേരിടും. ആദ്യ സെമിയിൽ ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് അർജന്റീന ഫൈനലിലെത്തിയത്. കലാശപ്പോരിനും ഒരു ദിവസം മുൻപേ ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മൊറോക്കോ ആദ്യ സെമിയിൽ തോറ്റ ക്രൊയേഷ്യയെയും നേരിടും. സെമിയിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ ടീമാണ് മൊറോക്കോ. അവർക്ക് മൂന്നാം സ്ഥാനക്കാരായി മടങ്ങാനുള്ള സുവർണ്ണാവസരമായി ലൂസേഴ്‌സ് ഫൈനലുണ്ട്. പക്ഷേ ക്രൊയേഷ്യയുടെ പരിചയ സമ്പന്നതെ അതിനും വെല്ലുവിളി.

ഇതോടെ ലോകകപ്പിൽ ഏറ്റവും അധികം മത്സരങ്ങൾ കളിച്ച ഗോൾകീപ്പറെന്ന റെക്കോഡിന് ഒപ്പമെത്തി ഫ്രഞ്ച് നായകൻ ഹ്യൂഗോ ലോറിസ്. സെമിഫൈനലിൽ മൊറോക്കയ്ക്കെതിരെ ലോറിസ് കളിച്ചത് രാജ്യത്തിന് വേണ്ടിയുള്ള ലോകകപ്പിലെ 19ാം മത്സരമാണ്. ജർമൻ നായകൻ മാനുവൽ നൂയറുടെ റെക്കോഡിന് ഒപ്പമാണ് ലോറിസ് എത്തിയത്. അടുത്ത മത്സരത്തിൽ ഈ റെക്കോഡ് താരം മറികടക്കുകയും ചെയ്യും. അതു ജയിച്ചാൽ തുടർച്ചയായ രണ്ട് ലോക കിരീടം നേടുന്ന ക്യാപ്ടനായി ഈ ഗോളി മാറും. അതിന് മുമ്പിൽ തടസ്സം മെസ്സിപ്പടയും. 2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിലാണ് ലോറിസ് രാജ്യത്തിന് വേണ്ടി ആദ്യമായി ലോകകപ്പിൽ കളിക്കുന്നത്. മൂന്ന് മത്സരങ്ങളിലാണ് അന്ന് കളിച്ചത്.

2014 ബ്രസീൽ ലോകകപ്പിൽ അഞ്ച് മത്സരങ്ങൾ കളിച്ചു. 2018ൽ ഫ്രാൻസ് കിരീടമണിഞ്ഞ റഷ്യൻ ലോകകപ്പിൽ ആറ് മത്സരങ്ങളിലും താരം കളിച്ചു. ഖത്തർ ലോകകപ്പിൽ സെമിഫൈനൽ മത്സരം ഇത്തവണത്തെ താരത്തിന്റെ അഞ്ചാം മത്സരമാണ്. ടുണീഷ്യക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ താരം കളിച്ചിരുന്നില്ല. കഴിഞ്ഞ ലോകകപ്പിൽ കിരീടമുയർത്തിയ ടീമിനെ നയിച്ചതും ലോറിസ് ആയിരുന്നു. ഇത്തവണയും ഫൈനലിലെത്തി തുടർച്ചയായി രണ്ടാം തവണയും നായകനായി കപ്പുയർത്താനുള്ള അവസരം ലോറിസിന് മുന്നിലുണ്ട്. സെനഗലിനെ തടഞ്ഞു നിർത്താൻ ഉഗ്രൻ സേവുകളാണ് സെമിയിലും ലോറിസ് നടത്തിയത്.

ലോകകപ്പിൽ കഴിഞ്ഞ 26 മത്സരങ്ങളിലും ആദ്യം ഗോൾ നേടിയ മത്സരങ്ങളിൽ തോറ്റിട്ടില്ലെന്ന ചരിത്രം ആവർത്തിച്ചാണ് ഫ്രാൻസ് ജയിച്ചുകയറിയത്. ആദ്യം ഗോൾ നേടിയിട്ടും അവർ ഏറ്റവും ഒടുവിൽ തോറ്റത് 1982 ജൂലൈ പത്തിന് പോളണ്ടിനെതിരെയാണ്. അന്ന് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു തോൽവി. ബെൽജിയം, സ്‌പെയിൻ, പോർച്ചുഗൽ തുടങ്ങിയ വമ്പന്മാരെ വീഴ്‌ത്തി സെമിയിൽ കടന്ന മൊറോക്കോയുടെ ചരിത്രക്കുതിപ്പ്, ഒടുവിൽ 'ഫ്രഞ്ച് വിപ്ലവം' ആഫ്രിക്കൻ വന്യതയെ തടഞ്ഞു നിർത്തി. കിക്കോഫ് വിസിലിനു ശേഷം കാണികൾ സീറ്റുകളിൽ ഇരിപ്പുറപ്പിക്കും മുൻപേ ഫ്രാൻസ് ലീഡു നേടി. പിന്നെ ഇഞ്ചോടിഞ്ഞ് പോരാട്ടം. പക്ഷേ ഫ്രാൻസിന്റെ പ്രതിരോധം മത്സരം ജയിച്ചു. എതിരാളികളുടെ മുന്നേറ്റത്തിലെ മികവിനെ തടയാൻ മൊറോക്കോയ്ക്കും കഴിഞ്ഞില്ല.

തിയോ ഫെർണാണ്ടസാണ് അഞ്ചാം മിനിറ്റിൽ തന്നെ ഫ്രാൻസിന് അപ്രതീക്ഷിതമായി ലീഡ് നൽകിയത്. എംബാപ്പെയും ഗ്രീസ്മാനും വരാനെയും ചേർന്ന് രൂപപ്പെടുത്തിയ നീക്കമാണ് ഹെർണാണ്ടസിന്റെ സുന്ദരൻ ഗോളിൽ കലാശിച്ചത്. കിട്ടിയ റീബൗണ്ട് ഗോളിയുടെ തൊട്ടടുത്ത് നിന്ന് ഒന്നാന്തരമൊരു അക്രോബാറ്റിക് വോളിയിലൂടെയാണ് ഹെർണാണ്ടസ് വലയിലാക്കിയത്. ഈയൊരൊറ്റ ഗോളിൽ ഫ്രാൻസ് കളി തീർക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് എഴുപത്തിയൊൻപതാം മിനിറ്റിൽ പകരക്കാരൻ റാൻഡൽ കൊളൊ മുവാനി വിജയമുറപ്പിച്ച് രണ്ടാം ഗോൾ വലയിലാക്കുന്നത്. മൊറോക്കൻ പ്രതിരോധത്തെ ഛിന്നഭിന്നമാക്കി എംബാപ്പെ കൊടുത്ത പന്താണ് റാൻഡൽ ആറ് വാര മാത്രം അകലെ നിന്ന് അനായാസം വലയിലേക്ക്ക്ക് തിരിച്ചുവിട്ടത്.

ഒസ്മാൻ ഡെബല്ലെയക്ക് പകരക്കാരനായി ഇറങ്ങി നാൽപത്തിനാലാം സെക്കൻഡിലാണ് റാൻഡൽ തന്റെ കന്നി ലോകകപ്പ് ഗോൾ നേടുന്നത്. ഈ മത്സരത്തിലെ റാൻഡലിന്റെ ആദ്യ ടച്ചായിരുന്നു ഗോളിലേയ്ക്കുള്ള ഷോട്ട്.