ദോഹ: ലോകം കാത്തിരിക്കുന്ന ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ നാളെ നടക്കാനിരിക്കെ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി ഫ്രാൻസ് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ഹ്യഗോ ലോറിസ്. ഫൈനലെന്നാൽ അർജന്റീന നായകൻ ലിയോണൽ മെസി മാത്രം മത്സരിക്കുന്ന പോരാട്ടമല്ലെന്ന് ലോകകപ്പ് ഫൈനലിനെ മെസിയിലേക്ക് മാത്രമായി ചുരുക്കരുതെന്നും മത്സരത്തലേന്ന് വാർത്താസമ്മേളനത്തിൽ ലോറിസ് പറഞ്ഞു.

ലോകകപ്പ് ഫൈനൽ എന്നത് ഫുട്‌ബോളിൽ മഹത്തായ പാരമ്പര്യമുള്ള രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടമാണ്. അത് മെസിയിലേക്ക് മാത്രമായി ചുരുക്കരുത്.മെസിയെപ്പോലൊരു കളിക്കാരൻ ഫൈനൽ കളിക്കുമ്പോൾ സ്വാഭാവികമായും ശ്രദ്ധ മുഴുവൻ അദ്ദേഹത്തെ പോലൊരു കളിക്കാരനിലാവും.പക്ഷെ മെസി മാത്രമല്ല ഫൈനലിലുള്ളത്. ഫൈനലിൽ അർജന്റീനക്കെതിരെ വ്യക്തമായ ഗെയിം പ്ലാനോടെയാവും ഫ്രാൻസ് ഇറങ്ങുക.

അർജന്റീനയുടെ ഇതുവരെയുള്ള കളിശൈലി ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. എത്രയൊക്കെ തയ്യാറെടുത്താലും ചില കാര്യങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവാം.എങ്കിലും ഏത് സാഹചര്യവുമായും പെട്ടെന്ന് ഇണങ്ങാൻ ഞങ്ങൾക്കാവും.പന്ത് കാൽവശം വെച്ച് കളിക്കാനും പെട്ടെന്നുള്ള കൗണ്ടർ അറ്റാക്കുകളിലൂടെയും അതിവേഗ ഓട്ടക്കാരിലൂടെയും എതിർ ഗോൾ മുഖം അക്രമിക്കാനും ഞങ്ങൾക്കാവും.

ഫ്രാൻസ് ഫുട്‌ബോൾ ടീമിലെ വൈറസ് ബാധയെക്കുറിച്ച് ചോദിച്ചപ്പോൾ കൂടുതൽ പേർക്ക് രോഗബാധയുള്ളതായി തനിക്ക് അറിയില്ലെന്ന് ലോറിസ് പറഞ്ഞു. ഇന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് എഴുന്നേറ്റപ്പോൾ എല്ലാവരും അവരവരുടെ റൂമുകളിലായിരുന്നു. അതുകൊണ്ട് ആരെയും കാണാൻ പറ്റിയില്ല.

അടുത്ത പരിശീലന സെഷനിറങ്ങുമ്പോൾ കൂടുതൽ വിശദാംശങ്ങൾ അറിയാനാവുമെന്നാണ് കരുതുന്നതെന്നും ലോറിസ് പറഞ്ഞു. ഇത്തരമൊരു വൈറസ് ബാധക്കെതിരെ നമുക്ക് തയ്യാറെടുത്ത് ഇരിക്കാനാവില്ലല്ലോ എന്നും ലോറിസ് ചോദിച്ചു.നാളെ നടക്കുന്ന ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ചാൽ 1962ൽ ബ്രസീലിന് ശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമാവാൻ ഫ്രാൻസിന് കഴിയും. അതേസമയം 36 വർഷത്തിനുശേഷം ആദ്യ ലോക കിരീടം ലക്ഷ്യമിട്ടാണ് ലിയോണൽ മെസിയുടെ അർജന്റീന ഇറങ്ങുന്നത്.