- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
മെസിക്ക് ലോകകപ്പിനോട് അടങ്ങാത്ത ആഗ്രഹം; കളിക്കുന്നത് ഒരു 20 കാരനെപ്പോലെ; ലയണൽ മെസ്സിയെക്കുറിച്ച് മനസ്സ് തുറന്ന് അർജന്റൈൻ സൂപ്പർ താരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട; ലോകകപ്പ് ഗോൾ റെക്കോർഡിന് മറ്റാരെക്കാൾ കൂടുതൽ അർഹതയുള്ളത് മെസ്സിക്കാണെന്നും താരം
ദോഹ: തന്റെ പേരിലുള്ള റെക്കോർഡുകൾ മെസ്സി മറികടക്കുന്നതിൽ സന്തോഷവാനാണെന്ന് മുൻ അർജന്റൈൻ സൂപ്പർ താരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട. അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ നേടിയ റെക്കോർഡിലാണ് ബാറ്റിസ്റ്റിയൂട്ടയെ പിന്തള്ളി മെസ്സി മുന്നിലെത്തിയത്. ലോകകപ്പ് ഗോൾ റെക്കോർഡിന് മറ്റാരെക്കാൾ കൂടുതൽ അർഹതയുള്ളത് മെസ്സിക്കാണെന്നും താരം പറഞ്ഞു.
മെസ്സിയും സംഘവും ഫ്രാൻസിനെതിരെ ഫൈനൽ പോരാട്ടത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് അർജന്റീനയുടെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിലൊരാളായ ബാറ്റിസ്റ്റിയൂട്ടയുടെ പ്രതികരണം.1994 മുതൽ 2002 വരെയുള്ള മൂന്ന് ലോകകപ്പുകളിലായി 10 ഗോളുകളാണ് ബാറ്റിസ്റ്റിയൂട്ട നേടിയത്. ഖത്തർ ലോകകപ്പ് സെമിയിൽ ക്രൊയേഷ്യയ്ക്കെതിരെ ഗോൾ നേടിയതോടെയാണ് മെസ്സി ബാറ്റിസ്റ്റ്യൂട്ടയെ മറികടന്നത്. മത്സരത്തിന്റെ 34-ാം മിനിറ്റിൽ അർജന്റീനക്ക് ലഭിച്ച പെനാൽറ്റി മെസ്സി ഗോളാക്കി മാറ്റിയിരുന്നു. ഇതോടെയാണ് 11 ലോകകപ്പ് ഗോളുകൾ എന്ന നേട്ടത്തിന് മെസ്സി അർഹനാകുന്നത്.
ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് അർജന്റീന ഫൈനലിലെത്തിയത്.'മെസ്സി എന്റെ റെക്കോർഡുകൾ തകർക്കുന്നത് എന്നെ വേദനിപ്പിക്കുന്നില്ല. കാരണം ആ റെക്കോർഡ് ഉള്ള സമയത്ത് ഞാൻ അത് ആസ്വദിച്ചിരുന്നു.' അർജന്റൈൻ പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബാറ്റിസ്റ്റ്യൂട്ടയുടെ പ്രതികരണം. 'ലിയോ ഇത് അർഹിക്കുന്നു. മറ്റാരെങ്കിലും ആ നേട്ടത്തിലേക്ക് എത്തുന്നുണ്ടെങ്കിൽ അത് അദ്ദേഹം മാത്രമാണ്. മെസ്സി ഒരു അന്യഗ്രഹജീവിയല്ല. മറ്റാരെക്കാളും നന്നായി ഫുട്ബോൾ കളിക്കുന്ന ഒരു മനുഷ്യനാണ്. ആ മനുഷ്യൻ നമ്മളെക്കാൾ മുന്നിൽ എത്തുകയെന്നത് സന്തോഷം മാത്രം നൽകുന്ന കാര്യമാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി ഖത്തർ ലോകകപ്പിലെ ടോപ്പ് സ്‌കോറർമാരിൽ എംബാപ്പെക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് അർജന്റൈൻ നായകൻ ലയണൽ മെസ്സി. മികച്ച ഗോൾവേട്ടക്കാരനായി ടീമിനെ ഫൈനലിൽ വരെയെത്തിച്ച മെസ്സി തന്റെ പ്രതീക്ഷകൾ വർധിപ്പിച്ചെന്നാണ് 53-കാരനായ ബാറ്റിസ്റ്റ്യൂട്ട പറഞ്ഞത്. 'അവൻ കൂടുതൽ ശാന്തനാകുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അവൻ ഇരുപതുവയസ്സുകാരനെ പോലെയാണ് കളിക്കുന്നത്. അവന് ലോകകപ്പ് നേടാനുള്ള അടങ്ങാത്ത ആഗ്രഹമാണുള്ളത്. ആ ആവേശമാണ് ഫുട്ബോളിന് വേണ്ടതും' ബാറ്റിസ്റ്റിയൂട്ടയുടെ വാക്കുകളിൽ മെസ്സിയോടും ടീമിനോടുമുള്ള വിശ്വാസവും പ്രതീക്ഷയും നിറഞ്ഞു നിൽക്കുന്നു.
മെസിക്ക് ലോകകപ്പിനോട് അടങ്ങാത്ത ആഗ്രഹം; കളിക്കുന്നത് ഒരു 20 കാരനെപ്പോലെ; ലയണൽ മെസ്സിയെക്കുറിച്ച് മനസ്സ് തുറന്ന് അർജന്റൈൻ സൂപ്പർ താരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട; ലോകകപ്പ് ഗോൾ റെക്കോർഡിന് മറ്റാരെക്കാൾ കൂടുതൽ അർഹതയുള്ളത് മെസ്സിക്കാണെന്നും താരം
മറുനാടന് മലയാളി ബ്യൂറോ