ബെർലിൻ: ഫിഫ ലോകകപ്പിന് പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളു. ടീമുകൾ ഖത്തറിലേക്ക് എത്താനുള്ള ഒരുക്കങ്ങളിലുമാണ്. അതിനിടെ ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തർ കൈക്കൊള്ളുന്ന ചില നടപടികൾ സമീപ ദിവസങ്ങളിൽ വിവാദമായിരുന്നു.

പ്രത്യേകിച്ച് 'എൽജിബിടിക്യു' സമൂഹത്തിന്റെ അവകാശങ്ങളോടുള്ള ഖത്തറിന്റെ നിലപാടാണ് വിവാദത്തിന് ആധാരമായത്. മനുഷ്യാവകാശങ്ങൾ സംബന്ധിച്ച ചർച്ചകൾക്കും മറ്റും അതു വഴി തുറന്നു.

വിവാദങ്ങൾ ഒഴിയാതെ നിൽക്കെ, കൃത്യമായൊരു രാഷ്ട്രീയ സന്ദേശവുമായി എത്തുകയാണ് ജർമൻ ഫുട്ബോൾ ടീം. ഖത്തർ ലോകകപ്പിന് ജർമ്മൻ ദേശീയ ടീം എത്തുക 'വൈവിധ്യങ്ങൾ വിജയിക്കട്ടെ' എന്ന സന്ദേശം എഴുതിയ വിമാനത്തിലായിരിക്കും. സ്വവർഗ അനുരാഗികളടക്കമുള്ള എൽജിബിടിക്യു സമൂഹത്തിനും സ്ത്രീകൾക്കും എതിരെയുള്ള ഖത്തറിന്റെ നിലപാടുകളോടുള്ള പ്രതിഷേധം പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നതിനായാണ് അവർ വിമാനത്തിൽ സന്ദേശം കുറിച്ചിരിക്കുന്നത്.

ലുഫ്താൻസയുടെ പ്രത്യേകം തയ്യാറാക്കിയ എ 330 വിമാനത്തിൽ ആണ് ജർമ്മനി ടീം ഖത്തറിൽ എത്തുന്നത്. യൂറോപ്യൻ ടീമുകളുടെ നായകന്മാർ ഒറ്റ സ്നേഹം എന്നതിന്റെ പ്രതീകമായി മഴവിൽ നിറങ്ങളുള്ള ആംബാൻഡ് ധരിച്ച് കളത്തിലിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. എൽജിബിടിക്യു സമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ചായിരിക്കും ഫിഫ നിയമങ്ങൾ തെറ്റിച്ച് നായകർ ആംബാൻഡ് ധരിക്കുക എന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ പിന്തുണയിൽ ജർമൻ നായകൻ മാനുവൽ നൂയറും ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വവർഗാനുരാഗം മനസിന്റെ വികലമായ കാഴ്ചപ്പാടാണെന്ന ഖത്തർ ലോകകപ്പ് അംബാസഡറുടെ പ്രസ്താവനയ്ക്കെതിരെ ജർമൻ ക്യാപ്റ്റൻ മാനുവൽ നൂയർ നേരത്തെ രംഗത്ത് വന്നിരുന്നു. നിലവിലെ നമ്മുടെ ലോക വീക്ഷണവുമായി പൊരുത്തപ്പെടുന്ന ചിന്താഗതിയല്ല അതെന്നായിരുന്നു നൂയറുടെ പ്രതികരണം. ഇത്തരം അഭിപ്രായങ്ങൾ കേൾക്കേണ്ടി വരുന്നത് അങ്ങേയറ്റം സങ്കടകരമായ കാര്യമാണെന്നും നൂയർ വ്യക്തമാക്കിയിരുന്നു.

നാളെ പരിശീലനത്തിനായി ജർമൻ ടീം ഒമാനിലേക്ക് പറക്കും. 14 മുതൽ 18 വരെ മസ്‌കറ്റിൽ പരിശീലനം നടത്തുന്ന അവർ 16നു ഒമാൻ ദേശീയ ടീമിന് എതിരെ സൗഹൃദ മത്സരവും കളിക്കും. 18ന് ശേഷമായിരിക്കും അവർ ഖത്തറിലെത്തുക.

ഈ ലോകകപ്പിലെ മരണ ഗ്രൂപ്പെന്ന വിശേഷണമുള്ള ഇ ഗ്രൂപ്പിലാണ് ജർമനി. സ്പെയിൻ, ജപ്പാൻ, കോസ്റ്റ റിക്ക ടീമുകളാണ് എതിരാളികൾ. ഈ മാസം 23ന് ജപ്പാനുമായാണ് ജർമനിയുടെ ആദ്യ മത്സരം.