- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
36 വർഷത്തിന് ശേഷം സ്വർണ്ണക്കപ്പിൽ മുത്തമിട്ട് അർജന്റീന; ഗോൾഡൻ ബോളുമായി മെസ്സിയും വലകാത്ത മികവുമായി മാർട്ടിനെസ്സും; ഫൈനൽ പോരിലെ തോൽവിയിലും സുവർണ്ണ പാദുകം സ്വന്തമാക്കി 'കിടിലൻ' എംബാപ്പെ; വളർന്നുവരുന്ന താരമായി എൻസോ ഫെർണാണ്ടസും ടൂർണ്ണമെന്റിലെ താരങ്ങൾ
ദോഹ:നാടകീയത നിറഞ്ഞ കലാശപ്പോരിനൊടുവിൽ റൊസാരിയോ തെരുവിലേക്ക് സ്വർണ്ണക്കപ്പിന്റെ വാഹകനായി മെസ്സി മാറിയപ്പോൾ ഖത്തറിലെ ലുസൈൽ സ്‌റ്റേഡിയം ആവേശത്തിന്റെ കടലായി ഇരമ്പി.ഒടുവിൽ വർണാഭമായി തന്നെ ഖത്തർ ലോകകപ്പ് അവസാനിച്ചു.36 വർഷങ്ങൾക്ക് ശേഷം അർജന്റീന ലോകകീരീടത്തിൽ മുത്തമിട്ടതിന് പിന്നാലെ ടൂർണമെന്റിലെ താരങ്ങളെയും പ്രഖ്യാപിച്ചു.നാല് പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.അതിൽ മൂന്നും അർജന്റീന താരങ്ങൾ തന്നെയാണ് സ്വന്തമാക്കിയത്.കലാശപ്പോരാട്ടത്തിലെ തോൽവിയിലും താരപരിവേഷത്തോടെ ഫ്രാൻസിന്റെ ഗോളടിയന്ത്രം കിലിയൻ എംബാപ്പെ മാറി എന്നതും ഈ ടൂർണ്ണമെന്റിന്റെ പ്രത്യേകതയായി.
രണ്ടാം ഗോൾഡൻ ബോൾ നേട്ടവുമായി മിശിഹ
ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ അർജന്റീന നായകൻ ലയണൽ മെസ്സി സ്വന്തമാക്കി. ടൂർണമെന്റിൽ അർജന്റീനയുടെ വിജയത്തിൽ അതിനിർണായക പങ്കുവഹിച്ച മെസ്സി അർഹിച്ച പുരസ്‌കാരമാണ് നേടിയത്. ടൂർണമെന്റിൽ ഏഴ് ഗോളും മൂന്ന് അസിസ്റ്റുമാണ് മെസ്സി നേടിയത്. മെസ്സി നേടുന്ന രണ്ടാം ഗോൾഡൻ ബോളാണിത്. 2014 ലോകകപ്പിലും മെസ്സി ഗോൾഡൻ ബോൾ നേടിയിരുന്നു.
കില്ലർ..കിടിലൻ എംബാപ്പെ..
ടൂർണമെന്റിൽ ഏറ്റവുമധികം ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് പുരസ്‌കാരം ഫ്രാൻസിന്റെ ഗോളടിയന്ത്രം കിലിയൻ എംബാപ്പെ സ്വന്തമാക്കി. എട്ട് ഗോളുകളാണ് താരം ടൂർണമെന്റിൽ അടിച്ചുകൂട്ടിയത്. ഫൈനലിൽ മെസ്സി ഹാട്രിക്ക് നേടിയിരുന്നു. എന്നിട്ടും ടീമിന് കിരീടം സമ്മാനിക്കാൻ താരത്തിനായില്ല.
വലകാക്കും മാലാഖയായി മാർട്ടിനെസ്
ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ് സ്വന്തമാക്കി. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായി പലതവണ അവതരിച്ചു.നെതർലൻഡ്സിനെതിരായ മത്സരത്തിലും മാർട്ടിനെസ് പെനാൽറ്റി ഷൂട്ടൗട്ടിൽ മിന്നും താരമായിരുന്നു.
നാളെയുടെ താരമായി എൻസോ ഫെർണാണ്ടസ്
മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അർജന്റീനയുടെ എൻസോ ഫെർണാണ്ടസ് സ്വന്തമാക്കി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തതെടുത്ത എൻസോയ്ക്ക് വെറും 21 വയസ്സ് മാത്രമാണ് പ്രായം. താരം ഈ ടൂർണമെന്റിൽ ഒരു ഗോൾ നേടുകയും മധ്യനിരയിൽ തന്ത്രങ്ങൾ മെനയുന്നതിൽ മുന്നിൽ നിൽക്കുകയും ചെയ്തുവെന്നതും എൻസോയെ നേട്ടത്തിന് അർഹനാക്കി.
മറുനാടന് മലയാളി ബ്യൂറോ