ദോഹ: ഗ്രൂപ്പ് ഘട്ടം മുതൽ അട്ടിമറികൾ ഒരുപാട് കണ്ട ലോകകപ്പാണ് ഖത്തറിലേത്.അതിനാൽ തന്നെ ഇപ്പോഴത്തെപ്പോലെ ഒരു സെമിലൈനപ്പ് ആരേലും പ്രവചിച്ചിട്ടുണ്ടാകുമോ എന്നാണ് ഏവരും ഇപ്പോൾ ചിന്തിക്കുന്നത്.മൂന്നെണ്ണം ശരിയായൽപ്പോലും മൊറോക്കൊയുടെ കാര്യം അങ്ങിനെ ആവില്ല.എന്നാൽ ഈ നാലു ടീമുകളെയും കൃത്യമായി പ്രവചിച്ച് ഫിഫയെവരെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ ഫുട്്‌ബോൾ ടീം പരിശീലകൻ.ഇഗോർ സ്റ്റിമാക്കിന്റെ പ്രവചനം ഫുട്‌ബോൾ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ എത്തിനിൽക്കേയാണ് സ്റ്റിമാക്ക് സെമി ഫൈനൽ ലൈനപ്പ് പ്രവചിച്ചത്. ലോകകപ്പ് ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്ന സ്പോർട്സ് 18ന്റെ വിദഗ്ധ പാനലിൽ അംഗമാണ് സ്റ്റിമാക്കും. വെയ്ൻ റൂണിയും ലൂയിസ് ഫിഗോയും അടക്കമുള്ള വിദഗ്ധ പാനലിലെ എല്ലാവരും സെമിയിൽ എത്തുന്ന ടീമുകളെ പ്രവചിച്ചിരുന്നു. ബ്രസീൽ, സ്‌പെയിൻ, പോർച്ചുഗൽ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകൾ ഒക്കെ സെമിയിൽ എത്തുമെന്നാണ് പലരും പ്രവചിച്ചത്.

എന്നാൽ, സ്റ്റിമാക്കിന്റെ പ്രവചനം മാത്രം കിറുകൃത്യമായി. വളരെ ആലോചിച്ച് കൊണ്ട് ആദ്യം ഫ്രാൻസിന്റ പേരാണ് സ്റ്റിമാക്ക് പറയുന്നത്. രണ്ടാമത് ക്രൊയേഷ്യയെയും മൂന്നാമതായി അർജന്റീനയെയും സ്റ്റിമാക്ക് തെരഞ്ഞെടുത്തു. വീണ്ടും ആലോചിച്ച് കൊണ്ട് അദ്ദേഹം മൊറോക്കോയെയും അവസാന നാലിൽ ഉൾപ്പെടുത്തി. തന്റെ പ്രവചനങ്ങൾ പൊതുവെ തെറ്റാറില്ല എന്നാണ് സ്റ്റിമാക്ക് ട്വിറ്ററിൽ കുറിച്ചത്. ഊഹിക്കാൻ ഇഷ്ടപ്പെടാത്തതിനാൽ മനസ്സും ഹൃദയവും ചേർന്ന് ചിന്തിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഖത്തർ ലോകകപ്പിലെ ആദ്യ സെമി പോരാട്ടത്തിനായി ലൂസൈൽ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. ലിയോണൽ മെസിയുടെ അർജന്റീനയും ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ഏറ്റുമുട്ടുമ്പോൾ തീപാറും പോരാട്ടമുറപ്പ്. രാത്രി 12.30നാണ് മത്സരം. ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റ ശേഷം മികച്ച ഫോമിലുള്ള അർജന്റീന ക്വാർട്ടറിൽ നെതർലാൻഡ്‌സിനെ മറികടന്നാണ് എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയെ മാത്രം തോൽപ്പിച്ച് മൊറോക്കോയോടും ബെൽജിയത്തോടയും സമനില പാലിച്ച് നോക്കൗട്ടിലേക്ക് മുന്നേറിയ ക്രൊയേഷ്യ ജപ്പാനെയും ബ്രസീലിനെയും തകർത്താണ് സെമി ഉറപ്പിച്ചത്.