ദോഹ:ഖത്തർ ലോകകപ്പിൽ ഏഷ്യൻ രാജ്യം രണ്ടാം അട്ടിമറി നടത്തിയതിന്റെ ആരവം വാനോളമാണ് ഇന്നലെ ഖലീഫ സ്റ്റേഡിയത്തിൽ ഉയർന്നത്.തുടർച്ചയായ രണ്ടാം അട്ടിമറി നടത്തിക്കൊണ്ട് കരുത്തന്മാരായ ജർമ്മനിക്കെതിരായ ജപ്പാന്റെ ചരിത്രവിജയത്തിനായിരുന്നു ലോകകപ്പ് സാക്ഷ്യം വഹിച്ചത്.മുൻ ലോകചാമ്പ്യന്മാരെ അട്ടിമറിച്ച ഏഷ്യൻ കരുത്തന്മാർക്കൊപ്പം ആരാധകരും സ്റ്റേഡിയത്തിൽ അത്യാവേശത്തിലായി.എന്നാൽ അതിലൊന്നും മതി മറക്കാതെയുള്ള ജപ്പാൻ ആരാധകരുടെ പ്രവർത്തിയായിരുന്നു മത്സരശേഷം ഇന്നലെ ഫുട്‌ബോൾ ലോകം ചർച്ച ചെയ്ത മറ്റൊരു വിഷയം.

മറ്റ് ടീമുകളുടെ ആരാധകവൃന്ദത്തിനും മാതൃകയാക്കാവുന്ന തരത്തിൽ സ്റ്റേഡിയത്തിലെ വെള്ളക്കുപ്പികളും ഭക്ഷണപൊതികളും വാരിയെടുത്ത് വൃത്തിയാക്കി വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിച്ചശേഷമാണ് തങ്ങളുടെ ടീമിനായി പിന്തുണ അറിയിച്ച ജപ്പാൻ ആരാധകർ സ്റ്റേഡിയം വിട്ടത്.ആരാധകരുടെ നേതൃത്വത്തിൽ ഗാലറി വൃത്തിയാക്കുന്ന ചിത്രങ്ങളുും ഇന്നലെ പുറത്തുവന്നിരുന്നു.

എന്നാൽ വൃത്തിയുടെ കാര്യത്തിൽ ആരാധകർ മാത്രമല്ല, ജപ്പാൻ കളിക്കാരും മറ്റ് കളിക്കാർക്ക് മാതൃകയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ.മത്സരശേഷമുള്ള ആഘോഷം കഴിഞ്ഞ് ജപ്പാൻ താരങ്ങൾ ഡ്രസ്സിം റൂമിലെ ജേഴ്‌സിയും ടവലും അടക്കമുള്ള തുണികളെല്ലാം വൃത്തിയായി മടക്കിവെച്ച് അലങ്കരിച്ചശേഷമാണ് റൂം വിട്ടത്.ഇതിന്റെ ചിത്രങ്ങൾ ഫിഫ തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്.വൃത്തിക്കുവേണ്ടിയുള്ള ജാപ്പാനീസ് സംസ്‌ക്കാരത്തിനു നിറഞ്ഞ കയ്യടിയാണ് നെറ്റിസൺസും നൽകുന്നത്.അട്ടിമറി വിജയത്തിനു ശേഷം മറ്റേതു രാജ്യക്കാരാണെങ്ങിലും ഇത്തരമൊരു കാഴ്ച ഗ്യാലറിയിൽ കാണാനാവില്ലെന്നാണു ചിത്രത്തിനു ലഭിക്കുന്ന പ്രതികരണത്തിൽ കൂടുതലും.

ലോകകപ്പിൽ ആദ്യമായി ജർമനിയെ നേരിട്ട ജപ്പാൻ ഗ്രൂപ്പ് ഇ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയിച്ചു കയറിയത്. മത്സരത്തിന്റെ 75 മിനുറ്റുകൾ വരെ ഒറ്റ ഗോളിന്റെ ലീഡിൽ തൂങ്ങിയ ജർമനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാൻ. ജർമനിക്കായി ഗുണ്ടോഗനും ജപ്പാനായി റിട്സുവും അസാനോയും ഗോൾ നേടി.