- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'ഞങ്ങൾ തോറ്റെങ്കിലും അദ്ദേഹത്തിനെതിരെ കളിക്കാനായതിൽ സന്തോഷമുണ്ട്; ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനെതിരെയാണ് കളിച്ചതെന്ന് എന്റെ കുട്ടികളോട് ഞാൻ പറയും; ദേശീയ ടീമിൽ മെസി വ്യത്യസ്തനായ കളിക്കാരനാണ്'; മെസിയെക്കുറിച്ച് ഗവാർഡിയോൾ
ദോഹ: ഖത്തർ ലോകകപ്പിലെ ഏറ്റവും മനോഹരമായ ഗോളുകളിൽ ഒന്നായാണ് സെമി പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്ക് എതിരെ ലയണൽ മെസിയുടെ അസിസ്റ്റിൽ അൽവാരസ് നേടിയ മൂന്നാം ഗോളിനെ വിലയിരുത്തപ്പെട്ടത്. ലോകകപ്പ് സെമിയിൽ യുവ ഡിഫൻഡർ ജാസ്‌കോ ഗവാർഡിയോളിന്റെ പ്രതിരോധം ഭേദിച്ചാണ് അർജന്റീന നായകൻ ലിയോണൽ മെസി ജൂലിയൻ ആൽവാരസിന് മത്സരത്തിലെ മൂന്നാം ഗോളിന് പന്ത് നൽകിയത്. ലോകകപ്പിലെ ലൂസേഴ്‌സ് ഫൈനലിൽ മൊറോക്കോ നേരിടാനിറങ്ങും മുമ്പ് മെസിക്കെതിരെ കളിച്ചതിനെക്കുറിച്ച് മനസുതുറക്കുകയാണ് ഗവാർഡിയോൾ ഇപ്പോൾ.
ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനായ ലയണൽ മെസ്സിയെ ആണ് താൻ നേരിട്ടതെന്നും അതൊരു അവിസ്മരണീയ അനുഭവമായിരുന്നെന്നും ഗവാർഡിയോൾ പറഞ്ഞു. ക്രൊയേഷ്യയ്ക്കെതിരെ ഗവാർഡിയോളിനെ വട്ടം കറക്കി കീഴ്പ്പെടുത്തിയാണ് മെസ്സി ഗോളിലേക്ക് അസിസ്റ്റു നൽകിയത്.
അർജന്റീനക്കായി കളിക്കുമ്പോഴും പി എസ് ജിക്കായി കളിക്കുമ്പോഴും മെസി വ്യത്യസ്തനായ കളിക്കാരനാണെന്ന് ഗവാർഡിയോൾ പറയുന്നു. കഴിഞ്ഞ സീസണിൽ അദ്ദേഹത്തിനെതിരെ ക്ലബ്ബ് തലത്തിൽ കളിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നു. ഇപ്പോൾ ദേശീയ ടീമിനെതിരെയും കളിക്കാനായി. അർജന്റീനക്കായി കളിക്കുന്ന മെസിയും പി എസ് ജിക്കായി കളിക്കുന്ന മെസിയും രണ്ടുപേരാണെന്നും ആർബി ലെയ്പസിഗ് താരമായ ഗവാർഡിയോൾ പറഞ്ഞു.
ഞങ്ങൾ തോറ്റെങ്കിലും മെസിക്കെതിരെ കളിക്കാനായി എന്നതിൽ തന്നെ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിനെതിര കളിക്കുന്നത് വലിയൊരു അനുഭവമായിരുന്നു. ഒരു ദിവസം ഞാനെന്റെ കുട്ടികളോട് പറയും, ഞാൻ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെതിരെ കളിച്ചിട്ടുണ്ടെന്ന്, അടുത്ത തവണ ഏറ്റുമുട്ടുമ്പോൾ ഞങ്ങൾക്ക് അവരെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ-വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച യുവ ഡിഫൻഡർമാരിലൊരാളാണ് ഇരുപതുകാരനായ ഗവാർഡിയോൾ . പന്തുമായി ക്രൊയേഷ്യൻ ബോക്സിലേക്ക് കുതിക്കവെ വേഗം കൂട്ടിയും കുറച്ചും മെസ്സി പ്രതിരോധ താരത്തെ ബീറ്റ് ചെയ്യുകയായിരുന്നു. മെസ്സി തളികയിലെന്ന പോലെ വച്ചു നീട്ടിയ പാസ് സ്‌ട്രൈക്കർ ജൂലിയൻ അൽവാരസിന് വലയിലേക്ക് തള്ളിയിടേണ്ട ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു അർജന്റീനയുടെ ജയം.
നിലവിൽ ജർമൻ ബുണ്ടസ് ലീഗയിലെ ആർബി ലീപ്സിഗ് താരമാണ് ഗവാർഡിയോൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബുകൾക്ക് താരത്തിൽ കണ്ണുണ്ട്. പ്രതിരോധ താരത്തെ സ്വന്തമാക്കാൻ നൂറു കോടി യൂറോ വരെ ക്ലബുകൾ മുടക്കുമെന്നാണ് റിപ്പോർട്ട്.
ഗോളിന് പിന്നാലെ, മെസ്സിയെ കുറിച്ച് ഗവാർഡിയോൾ നേരത്തെ നൽകിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറലായി. നൂറു വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് മെസ്സി എന്നാണ് ഗവാർഡിയോൾ ആ അഭിമുഖത്തിൽ പറയുന്നത്.
ജൂലിയൻ അൽവാരസിനെ വീഴ്‌ത്തിയതിന് ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് മെസിയാണ് അർജന്റീനക്കായി ആദ്യം ഗോളടിച്ചത്. പിന്നാലെ അൽവാരസ് സോളോ റണ്ണിലൂടെ രണ്ടാം ഗോൾ നേടി. മൈതാന മധ്യത്തിൽ നിന്ന് ഒറ്റക്ക് പന്തുമായി മുന്നേറിയശേഷം ഗവാർഡിയോളിനെ ഡ്രിബ്ബിൾ ചെയ്ത് അൽവാരസിന് മെസി നൽകിയ പാസിലായിരുന്നു അർജന്റീനയുടെ മൂന്നാം ഗോൾ. ഇന്ന് രാത്രി നടക്കുന്ന മൂന്നാം സ്ഥാനക്കാർക്കുവേണ്ടിയുള്ള മത്സരത്തിൽ മൊറോക്കോയെ നേരിടാനിറങ്ങുകയാണ് ക്രൊയേഷ്യ.
സ്പോർട്സ് ഡെസ്ക്