ദോഹ:ലൂസൈയ്‌ലിൽ ലോക ഫുട്‌ബോളിന്റെ അധിപന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിന് ആദ്യ വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.ലോകകപ്പിന്റെ തുടക്കത്തിന് മുമ്പേ ഒട്ടേറെ പ്രവചനങ്ങളും അവകാശവാദങ്ങളുമായി പ്രമുഖരടക്കം നിരവധി പേരാണ് രംഗത്തെത്തിയത്.എന്നാലിതാ ഈ അവസാന മണിക്കൂറിൽ അർജന്റീനൻ ആരാധകരെ നിരാശരാക്കുന്ന ഒരു വമ്പൻ പ്രവചനമാണ് പുറത്തുവന്നിരിക്കുന്നത്.ലോകകപ്പ് ഫൈനൽ കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ഖത്തറിൽ അർജന്റീന ലോകകപ്പ് നേടില്ലെന്ന് പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ മാധ്യമപ്രവർത്തകനും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്നും വിശേഷിപ്പിക്കപ്പെടുന്ന പിയേഴ്‌സ് മോർഗൻ.

ലോകകപ്പ് ഫൈനലിൽ മെസിയുടെ കണ്ണീർ കാണാമെന്നും ഫ്രാൻസ് അർജന്റീനയെ 3-1ന് തോൽപ്പിക്കുമെന്നുമാണ് തന്റെ ട്വിറ്ററീലുടെയുള്ള പിയേഴ്‌സ് മോർഗന്റെ പ്രവചനം.ഫൈനലിൽ എംബാപ്പെ രണ്ട് ഗോളടിക്കുമെന്നും അന്റോണി ഗ്രീസ്മാൻ ഫൈനലിലെ താരമാകുമെന്നും പിയേഴ്‌സ് മോർഗൻ പ്രവചിക്കുന്നു.ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുുണൈറ്റഡിൽ നിന്നുള്ള പുറത്താകലിന് വഴിവെച്ചത് പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖമാണ്. പിന്നീട് റൊണാൾഡോയുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും ആദ്യം റിപ്പോർട്ട് ചെയ്യുന്ന മോർഗൻ റൊണാൾഡോയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.

36 വർഷത്തിനിടെ ആദ്യ ലോകകപ്പ് ലക്ഷ്യമിട്ടാണ് മെസിയുടെ നേതൃത്വത്തിൽ അർജന്റീന ഇറങ്ങുന്നതെങ്കിൽ 1962ൽ ബ്രസീലിനുശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമാകാനാണ് ഫ്രാൻസ് ഇന്നിറങ്ങുന്നത്.1986ൽ മറഡോണയുടെ നേതൃത്വത്തിലാണ് അർജന്റീന അവസാനം ലോകകപ്പ് നേടിയത്.പിന്നീട് മറഡോണയുടെ നേതൃത്വത്തിൽ 1990ലും ലിയോണൽ മെസിയുടെ നേതൃത്വത്തിൽ 2014ലും ഫൈനലിൽ എത്തിയെങ്കിും രണ്ട് തവണയും ജർമനിയോട് തോറ്റ് രണ്ടാം സ്ഥാനക്കാരായി മടങ്ങാനായിരുന്നു വിധി.