ഇടുക്കി: അർജന്റീന തോറ്റതിൽ സൈബറിടത്തിൽ ഫാൻസുകാരെ ട്രോളിക്കൊണ്ടുള്ള എഴുത്തുകൾ സജീവാണ്. സൗദിയോടേറ്റത് അത്രയ്ക്കും നടുക്കുന്ന തോൽവിയായിരുന്നു. കേരള രാഷ്ട്രീയത്തിലും അർജന്റീനക്ക് ആരാധകർ ഏറെയുണ്ട്. ഇക്കൂട്ടത്തിൽ മുന്നാണ് എം എം മണി എംഎൽഎ. അർജന്റീന തോറ്റതിൽ അതിയായ ദുഃഖമുണ്ടമെന്നാണ് മണിയാശാനും പറയുന്നത്. ടീം കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും മണി പറഞ്ഞു.

അതേസമയം അർജൻീനയുടെ തോൽവിക്ക് കാരണവും ആശാൻ കണ്ടെത്തിയിട്ടുണ്ട്. ഖത്തറിലെ ചൂടാണ് പ്രശ്‌നക്കാരനെന്നാണ് ആശാന്റെ വാദം. പകുതി കളിച്ചപ്പോഴേക്കും കളിക്കാരൊക്കെ ക്ഷീണിച്ചെന്നും മണി പറയുന്നു. 'മെസി കൂടുതൽ കരുത്തോടെ തിരിച്ചുവരട്ടെ. ജയിച്ചവരെ അഭിനന്ദിക്കുന്നു.എന്നാൽ താനിപ്പോഴും അർജന്റീനയുടെ ആരാധകൻ തന്നെയാണെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു.

അപ്രതീക്ഷിതമായ തോൽവിയിൽ നെടുവീർപ്പുടകയാണ് അർജന്റീന ആരാധകർ. സമൂഹമാധ്യമങ്ങളിൽ അർജന്റീനക്കെതിരെ ട്രോളോട് ട്രോൾ തന്നെയാണ്. അത്തരത്തിൽ സൗദി അറേബ്യയെക്കെതിരെയുള്ള അപ്രതീക്ഷിത തോൽവി ആഘോഷിക്കുന്നവർക്ക് മറുപടി നൽകിയ മണി നേരത്തെ രംഗത്തുവന്നിരുന്നു. കളി ഇനിയും ബാക്കിയാണ് മക്കളെ എന്നാണ് എം എം മണി ഫേസ്‌ബുകിൽ കുറിച്ചത്. സൗദിയോട് അർജന്റീന പരാജയപ്പെട്ടതിന് പിന്നാലെ എം എം മണിയെ ടാഗ് ചെയ്ത് 'ചതിച്ചാശാനേ' എന്ന് ഒറ്റവരിയെഴുതി മന്ത്രി വി ശിവൻകുട്ടിയും പോസ്റ്റ് ചെയ്തിരുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് ഇപ്പോൾ എം എം മണി നൽകിയിരിക്കുന്നത്.

ഇന്നലെ ദോഹയിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്‌ത്തിയാണ് സൗദി അറേബ്യ അർജന്റീനക്കെതിരെ ഐതിഹാസിക വിജയംനേടിയത്. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ പിന്നിലായിരുന്ന സൗദി രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്.

രണ്ടാം പകുതിയിൽ 48-ാം മിനിറ്റിലാണ് അർജന്റീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അൽ ശെഹ്രിയുടെ ഗോൾ പിറന്നത്.53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ മത്സരത്തിൽ സൗദി ഒരു ഗോളിന്റെ ലീഡ് നേടി (21). തുടർന്ന് അർജന്റീനയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സൗദി പുറത്തെടുത്തത്. അധികസമയം വരെ മത്സരം മുറുകിയിട്ടും അർജന്റീനയ്ക്ക് ലീഡ് തിരിച്ചുപിടിക്കാനായില്ല. ഒടുവിൽ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയവും സൗദി നേടി.