ദോഹ: ലോകത്തെ കാൽപ്പന്തുകളിയുടെ കിരീടം ചൂടുന്ന രാജാക്കന്മാർ ആരാകും എന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോഴും ഫ്രാൻസ്-അർജന്റീന താരങ്ങൾ തമ്മിലുള്ള വാക്‌പോരും മുറുകുകയാണ്.ലോകം ഉറ്റുനോക്കുന്ന ഗ്രാൻഡ് ഫിനാലെക്ക് ഇന്ന് ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ വിസിൽ മുഴങ്ങുമ്പോൾ വിജയികളെ പ്രവചിക്കുക അസാധ്യം.മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് അർജന്റീനയും ഫ്രാൻസും കലാശപ്പോരിനിറങ്ങുന്നത്.കളത്തിലെത്തും മുമ്പേയുള്ള വാക്ക്‌പോരിൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെക്കെതിരെ അർജന്റീനൻ ഗോളി എമിലിയാനോ മാർട്ടിനെസ് നടത്തിയ പരാമർശമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.

ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെക്ക് ഫുട്‌ബോളിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ലെന്നാണ് മാർട്ടിനെസ് പറഞ്ഞത്. അർജന്റീനയ്ക്കെതിരെ എംബാപ്പെ നടത്തിയ വിമർശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മാർട്ടിനെസിന്റെ മറുപടി.''എംബാപ്പെക്ക് ഫുട്‌ബോളിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ല.ലാറ്റിനമേരിക്കയിൽ അദ്ദേഹം കളിച്ചിട്ടില്ല.നിങ്ങൾക്ക് ലാറ്റിനമേരിക്കയിൽ കളിപരിചയമില്ലെങ്കിൽ അതെ കുറിച്ച് അധികം സംസാരിക്കാതിരിക്കുന്നതാവും നല്ലത്.അതൊന്നും വലിയ പ്രശ്‌നമല്ല. ഞങ്ങളുടെത് മികച്ച ടീമാണെന്നത് ലോകം അംഗീകരിച്ചു കഴിഞ്ഞു.??''-ഇതായിരുന്നു മാർട്ടിനെസിന്റെ വാക്കുകൾ.ലോകകപ്പ് ഫൈനലിനു മുമ്പായി നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു അർജന്റീനൻ ഗോൾ കീപ്പറുടെ പരാമർശങ്ങൾ.

ലാറ്റിനമേരിക്കയ്ക്ക് യൂറോപ്പിന്റെത് പോലെ നിലവാരമില്ലെന്നും അവിടെ ഫുട്‌ബോൾ വേണ്ടത്ര പുരോഗമിച്ചിട്ടുമില്ലെന്നായിരുന്നു എംബാപ്പെയുടെ അഭിപ്രായം.അതുകൊണ്ടാണ് കഴിഞ്ഞ ലോകകപ്പുകളിൽ യൂറോപ്യൻ ടീമുകൾക്ക് മികച്ച വിജയമുണ്ടായത്. സ്ഥിരമായി നാഷൻസ് ലീഗ് പോലുള്ള ഉന്നത മത്സരങ്ങൾ ഉപയോഗിച്ച് പരസ്പരം കളിക്കുന്നതാണ് യൂറോപ്പിന്റെ നേട്ടം. യൂറോപ്യൻ ടീമുകളുടെ സ്ഥിരതയ്യാർന്ന പ്രകടനം കാഴ്ചവെക്കാൻ അർജന്റീനക്കും ബ്രസീലിനും കഴിയില്ല എന്നും എംബാപ്പെ പറഞ്ഞിരുന്നു.മാസങ്ങൾക്കു മുമ്പേ എംബാപ്പെ നടത്തിയ ഈ പരാമർശം അർജന്റീനൻ താരങ്ങളുടെ മനസിൽ നിന്ന് മാഞ്ഞുപോയിട്ടില്ലെന്നാണ് മാർട്ടിനെസിന്റെ പരാമർശത്തിലൂടെ തെളിയുന്നത്.