ബ്യൂണസ് ഐറിസ്:ഖത്തറിലെ ലോകകപ്പ് ഫൈനലിന് മുൻപ് തന്നെ വാഗ്‌പോരിന്റെ ഷൂട്ടൗട്ട് നടത്തിയായിരുന്നു അർന്റീനൻ ഗോളി എമിലിയൻ മാർട്ടിനെസ്സും ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും വാർത്തകളിൽ ഇടം നേടിയത്.എന്നാൽ മത്സരത്തിൽ ഫ്രാൻസിനെ തോൽപ്പിച്ച് ലോകചാമ്പ്യന്മാരായിട്ടും എംബാപ്പെയെ വിടാതെ പിന്തുടരുകയാണ് മാർട്ടിനെസ്.ഖത്തറിലെ ലോകകപ്പ് ഫൈനൽ വേദിയിലെ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പാണ് വീണ്ടും മാർട്ടീനസിന്റെ വക എംബാപ്പെക്ക് നേരെയുള്ള പരിഹാസം.

ലോകകപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ അർജന്റൈൻ താരങ്ങൾക്കൊരുക്കിയ സ്വീകരണത്തിനിടെയാണ് മാർട്ടീനസ് പുതിയ വെടിപൊട്ടിച്ചത്.ടീമംഗങ്ങൾക്കൊപ്പം തുറന്ന ബസിൽ ആരാധകരെ അഭിവാദ്യം ചെയ്ത് സഞ്ചരിക്കവെ മാർട്ടീനസ് ഒക്കത്ത് വെച്ച പാവയിലേക്ക് നോക്കുമ്പോൾ അവിടെ കാണുന്നത് ഫ്രഞ്ച് ഗോളടിയന്ത്രത്തിന്റെ മുഖമാണ്.പാവയുടെ മുഖത്തിന് പകരം കിലിയൻ എംബാപ്പെയുടെ ചിത്രമാണ് മാർട്ടനെസിന്റെ കൈയിലുള്ളത്.എംബാപ്പെയുടെ ചിത്രത്തിൽ നിന്ന് തല വെട്ടിയെടുത്ത് പാവയുടെ മുഖത്ത് ഒട്ടിച്ചാണ് ഫൈനലിലെ തോൽവിയിലും താരമായി മാറിയ എംബാപ്പെയെ മാർട്ടിനെസ് പരിഹസിച്ചിരിക്കുന്നത്.

ആ പാവയുമായാണ് എമിലിയാനോ മാർട്ടീനസ് ടീമിന്റെ വിജയാഘോഷ പരിപാടിയിലുടനീളം പങ്കെടുത്തത്.മാർട്ടീനസ് ഇത്തരത്തിൽ ആഘോഷം നടത്തുമ്പോൾ തുറന്ന ബസിൽ ഒപ്പം ലയണൽ മെസ്സിയുമുണ്ടായിരുന്നു.പി.എസ്.ജിയിൽ മെസ്സിയുടെ സഹതാരം കൂടിയാണ് എംബാപ്പെ.എന്നിട്ടും മാർട്ടീനസിന്റെ എംബാപ്പെയെ ലക്ഷ്യം വെച്ചുള്ള വിചിത്രമായ ആഘോഷങ്ങളെ തടയാനോ തള്ളിപ്പറയാനോ മെസ്സി തയ്യാറായിട്ടില്ല.

നേരത്തെ ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം സ്വീകരിക്കുന്നതിനിടെയായിരുന്നു ഖത്തർ ഭരണാധികാരികളുടെയും ഫിഫ തലവന്മാർക്കും മുന്നിൽ ഗോൾഡൻ ഗ്ലൗവുമായി മാർട്ടിനസിന്റെ വിവാദ 'അംഗവിക്ഷേപം'.ഏറെ വിവാദമായ 'അംഗവിക്ഷേപ' ആഘോഷത്തിൽ പിന്നീട് താരം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.ഫ്രാൻസുകാരുടെ അപഹാസമാണ് പ്രകോപനമായി താരം ചൂണ്ടിക്കാട്ടിയത്. ഫിഫ നടപടിയുണ്ടായേക്കുമെന്ന വാർത്തകൾ വരുന്നതിനിടെയാണ് മാർട്ടിനസ് നേരിട്ട് വിശദീകരണം നൽകിയത്.

ഫ്രഞ്ച് സംഘം എന്നെ കൂക്കിവിളിക്കുകയും ആക്രോശിക്കുകയും ചെയ്തതിനാലാണ് ഞാനത് ചെയ്തത്. അഹങ്കാരം എന്നോട് നടക്കില്ല-അർജന്റീന റേഡിയോ ആയ 'ലാ റെഡി'നോട് എമിലിയാനോ മാർട്ടിനസ് പ്രതികരിച്ചു. 'ഞങ്ങൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കളി ഞങ്ങളുടെ നിയന്ത്രണത്തിലാണെന്ന് കരുതിയ ശേഷമാണ് അവർ തിരിച്ചുവന്നത്. വളരെ സങ്കീർണമായൊരു മത്സരമായിരുന്നു ഇത്. അനുഭവിക്കാനായിരുന്നു ഞങ്ങളുടെ വിധി. വിജയിക്കാനുള്ള അവസാന അവസരംകൂടി അവർക്ക് ലഭിച്ചു. ഭാഗ്യത്തിന് എന്റെ കാലുകൊണ്ട് അതു തടുത്തിടാനായി.'- മാർട്ടീനസ് പറഞ്ഞു.