ദോഹ: ആദ്യമത്സരത്തിലെ മികവ് ആവർത്തിക്കാതെ നിന്ന ഫ്രാൻസിനെ രണ്ടാം പകുതിയിൽ ഇരട്ട ഗോളിലുടെ ഒറ്റയ്ക്ക് തോളിലേറ്റിയ പ്രകടനത്തിലുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ എത്തിയത് ഫുട്‌ബോൾ ഇതിഹാസത്തിന്റെ റൊക്കോർഡിനൊപ്പം.സാക്ഷാൽ പെലെയുടെ നേട്ടത്തിലെ്ക്കായിരുന്നു ഇന്നലെ എംബാപ്പെയുടെ രണ്ടാം ഗോൾ.നേട്ടത്തോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ താരമായി ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ.

ഡെന്മാർക്കിനെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെയാണ് താരം വമ്പൻ റെക്കോർഡിനർഹനാവുന്നത്. 23 വയസുള്ള എംബാപ്പെ ഇതുവരെ ഏഴ് ഗോളുകളാണ് ലോകകപ്പ് മത്സരങ്ങളിൽ നേടിയത്.കഴിഞ്ഞ ദിവസം നടന്ന ഫ്രാൻസ്-ഡെന്മാർക്ക് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രഞ്ചുപട വിജയിച്ച നിമിഷം ഒന്നിലേറെ റെക്കോർഡുകൾ പിറക്കുകയായിരുന്നു.ആദ്യമത്സരത്തിലെ ഒരു ഗോൾ ഉൾപ്പടെ താരത്തിന്റെ ഈ ലോകകപ്പിലെ ഗോൾ നേട്ടം 3 ആയി.

ജയത്തോടെ പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാർ. ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ടീമെന്ന നേട്ടം ഫ്രാൻസ് സ്വന്തമാക്കി.എന്നാൽ മത്സരത്തിലെ രണ്ടു ഗോളുകളും നേടി തിളങ്ങിയ എംബാപ്പെയെ കാത്തിരുന്നത് മറ്റൊരു സുവർണ നേട്ടമായിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്വന്തമായുള്ള പ്രായം കുറഞ്ഞ താരം. പങ്കിട്ടത് ലോകകപ്പിൽ പെലെയുടെ പേരിൽ മാത്രമുണ്ടായിരുന്ന റെക്കോർഡ്.

23 വയസിനിടെയാണ് എംബാപ്പെ ലോകകപ്പിൽ ഏഴു ഗോളുകളും നേടിയത്. 2018ലെ ലോകകപ്പ് ആണ് എംബാപ്പെയുടെ അരങ്ങേറ്റം. തന്റെ 18-ാമത്തെ വയസിൽ ആദ്യ ലോകകപ്പിൽ തന്നെ എംബാപ്പെ നേടിയത് നാല് ഗോളുകളാണ്.ഫ്രാൻസിനായി നാല് ലോകകപ്പുകൾ കളിച്ച തിയറി ഹെന്റിയേക്കാൾ കൂടുതൽ ഗോളുകൾ അടിക്കുകയും ചെയ്തു.