ദോഹ: മൈതാനത്തെ സൗഹൃദത്തിന്റെ പേരിൽ പ്രശസ്തരാണ് ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും മൊറോക്കോയുടെ അഷ്റഫ് ഹക്കീമിയും. ഇരുവരും പിഎസ്ജിയിൽ സഹതാരങ്ങളാണ്. ഫിഫ ലോകകപ്പിൽ സെമിയിൽ മൊറോക്കോയും ഫ്രാൻസും മുഖാമുഖം വരുന്നതിന് മുമ്പ് ഇരുവരും ആശ്ലേഷിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മത്സരത്തിൽ വിജയിച്ച് ഫ്രാൻസ് ഫൈനലിലേക്ക് മുന്നേറിയപ്പോൾ ഹക്കീമിയെ ആശ്വസിപ്പിക്കാൻ എംബാപ്പെ എത്തി എന്നത് മനോഹര കാഴ്ചയായി.

ഖത്തർ ലോകകപ്പിൽ സെമി വരെ നീണ്ട മൊറോക്കോയുടെ മിറാക്കിൾ കുതിപ്പിൽ നിർണായകമായ താരങ്ങളിൽ ഒരാളാണ് അഷ്റഫ് ഹക്കീമി. സെമിയിൽ ഫ്രാൻസിന് എതിരെയും മുഴുവൻ സമയവും അധ്വാനിച്ച് കളിക്കുന്ന ഹക്കീമിയെ മൈതാനത്ത് കാണാനായിരുന്നു. ഫൈനലിലെത്തിയതിന്റെ ആവേശത്തിൽ ഫ്രഞ്ച് താരങ്ങൾ മൈതാനത്ത് ആഘോഷനൃത്തം ചവിട്ടുമ്പോൾ നിരാശനായി ഇരിക്കുകയായിരുന്ന ഹക്കീമിയെ പിടിച്ച് എഴുന്നേൽപിച്ചത് എംബാപ്പെയാണ്.

 

മത്സര ശേഷം ഹക്കീമിക്ക് പ്രത്യേക ട്വീറ്റുമായി രംഗത്തെത്തുകയും ചെയ്തു എംബാപ്പെ. 'സങ്കടപ്പെടരുത് ബ്രോ, നിങ്ങളുടെ നേട്ടത്തിനെയോർത്ത് എല്ലാവരും അഭിമാനിക്കുന്നു.നിങ്ങൾ ചരിത്രമെഴുതി' എന്നായിരുന്നു അഷ്റഫ് ഹക്കീമിക്ക് സ്‌നേഹ ചിഹ്നത്തോടെ എംബാപ്പെയുടെ ആശ്വാസവും പ്രശംസയും.സെമിയിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് ഫ്രാൻസ് തുടർച്ചയായ രണ്ടാം ഫൈനലിന് യോഗ്യത നേടിയത്.

കിക്കോഫായി അഞ്ചാം മിനുറ്റിൽ തിയോ ഹെർണാണ്ടസിന്റെ പറന്നടിയിൽ ഫ്രാൻസ് മുന്നിലെത്തി. രണ്ടാം ഗോൾ 79-ാം മിനുറ്റിൽ പകരക്കാരൻ കോളോ മുവാനിയുടെ വകയായിരുന്നു. പകരക്കാരനായി മൈതാനത്തിറങ്ങി വെറും 44-ാം സെക്കൻഡിലായിരുന്നു മുവാനിയുടെ ഗോൾ. ഒരു ആഫ്രിക്കൻ ടീമിന്റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം. ആദ്യമായാണ് ഒരു ആഫ്രിക്കൻ ടീം ഫിഫ ലോകകപ്പിന്റെ സെമിയിലെത്തുന്നത്.