ലുസെയ്ൽ: ലോകകപ്പ് കിരീട സ്വപ്‌നങ്ങളുമായി ഖത്തറിലെത്തിയ അർജന്റീനയ്ക്ക് ആദ്യമത്സരത്തിൽ സൗദി അറേബ്യയ്‌ക്കെതിരെ തോൽവി നേരിടേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ആരാധകർ. അപരാജിത കുതിപ്പുമായി ലോകകപ്പിനിറങ്ങിയ അർജന്റീനയെ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് സൗദി പരാജയപ്പെടുത്തിയത്. തോൽവിയിൽ നിരാശരാകരുതെന്ന ആരാധകരോട് അഭ്യർത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് സൂപ്പർതാരങ്ങളായ ലയണൽ മെസി, ഡി മരിയ, പരിശീലകൻ സ്‌കലോണി അടക്കമുള്ളവർ.

എല്ലാവർക്കും വിഷമമുണ്ടാക്കുന്നതാണിത്. ഇങ്ങനെയൊരു തുടക്കം പ്രതീക്ഷിച്ചിരുന്നില്ല. ഇനി വരാനുള്ളതിനായി ഞങ്ങൾ തയ്യാറാകേണ്ടിയിരിക്കുന്നു- മെസി പ്രതികരിച്ചു. ഞങ്ങൾ കുറേ കാലമായി കടന്നുപോകാത്ത സാഹചര്യമാണിതെന്നും ടീമിന്റെ ശക്തി കാണിച്ചേ മതിയാകൂവെന്നും മെസി കൂട്ടിച്ചേർത്തു.

അർജന്റീന കൂടുതൽ കരുത്തോടെ തിരികെവരുമെന്നും മെസി പറഞ്ഞു. ഫാൻസിനോട് ഞങ്ങളെ വിശ്വസിക്കണമെന്നാണ് അഭ്യർത്ഥന. ഈ ഗ്രൂപ്പ് നിങ്ങളെ ഒരിക്കലും നിരാശരാക്കില്ലെന്നും മെസി പറഞ്ഞു. അഞ്ച് മിനിറ്റിൽ ഉണ്ടായ പിഴവിലാണ് കളി കൈവിട്ടുപോയത്. പിന്നീട് ടീമിന് ഒരുമിച്ച് തിരിച്ചുവരാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഞങ്ങൾ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല തുടക്കം. എന്നാൽ അതാണ് ഫുട്ബോൾ. എപ്പോഴത്തേയും പോലെ ഞങ്ങൾ മുന്നോട്ടുള്ള കാര്യങ്ങളിലേക്ക് നോക്കുന്നു. സർവ്വതുമുപയോഗിച്ച് മുന്നോട്ടേക്ക് പോകാം, ഇനിയും ഒരുപാട് ബാക്കിയുണ്ട്'- ഡി മരിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

പിഴവുകൾ തിരുത്താനുണ്ടെന്നും ഇനിയുള്ള മത്സരങ്ങൾ വിജയിക്കണമെന്നുമായിരുന്നു പപ്പു ഗോമസിന്റെ പ്രതികരണം. അടുത്ത രണ്ടുമത്സരങ്ങളിൽ പോരാടുമെന്ന് പരിശീലകൻ ലയണൽ സ്‌കലോണി പ്രതികരിച്ചു. ഞങ്ങളുടെ പിഴവുകൾ കൊണ്ടാണ് മത്സരം തോറ്റതെന്നും അത് തിരുത്തുമെന്നും സ്ട്രൈക്കർ ലൗട്ടാറോ മാർട്ടിനസ് പറഞ്ഞു.

സാല അൽ ഷെഹ്‌റി (48), സാലെം അൽ ഡവ്സാരി (53) എന്നിവർ സൗദിക്കായി ഗോൾ നേടിയപ്പോൾ, അർജന്റീനയുടെ ആശ്വാസ ഗോൾ ആദ്യ പകുതിയുടെ 10-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി പെനൽറ്റിയിൽനിന്നായിരുന്നു. സൗദി ഒരുക്കിയ ഓഫ്‌സൈഡ് കെണിയിൽ അർജന്റീന അകപ്പെടുകയായിരുന്നു. അല്ലെങ്കിൽ ആദ്യപകുതിയിൽത്തന്നെ അർജന്റീന അനായാസം ജയം ഉറപ്പിക്കുമായിരുന്നു.

10-ാം മിനിറ്റിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിനു പിന്നാലെ, അടുത്ത 25 മിനിറ്റിനിടെ മൂന്നു തവണയാണ് അർജന്റീന താരങ്ങൾ ഗോൾവല ചലിപ്പിച്ചത്. മെസ്സി തന്നെ ഒരിക്കൽക്കൂടി ഗോൾ നേടി അർജന്റീന ആരാധകരെ ആവേശത്തിലാഴ്‌ത്തിയതാണ്. 10-ാം മിനിറ്റിൽ നേടിയ ഗോളിനു ശേഷം 22-ാം മിനിറ്റിൽ തകർപ്പൻ ഒറ്റയാൻ മുന്നേറ്റത്തിലൂടെ മെസ്സി വീണ്ടും ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. പിന്നാലെ 28-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസും ലക്ഷ്യം കണ്ടെങ്കിലും ഇക്കുറിയും ഓഫ്‌സൈഡ് വില്ലനായി. 34-ാം മിനിറ്റിൽ ഒരിക്കൽക്കൂടി മാർട്ടിനസ് പന്ത് സൗദി വലയിലെത്തിച്ചെങ്കിലും അതും ഓഫ്‌സൈഡ് കെണിയിൽ കുരുങ്ങി. ഓഫ്‌സൈഡായിപ്പോയ ഗോളുകൾക്കൊപ്പം തന്നെ, ഗോളിനു മുന്നിൽ സൗദി അറേബ്യയുടെ കാവൽക്കാരൻ മുഹമ്മദ് അൽ ഒവയ്‌സിന്റെ കിടിലൻ പ്രകടനവും മത്സരത്തിന്റെ വിധി നിർണയിച്ചു.