- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
വയസ്സ് 35 മാത്രം; ആ കാലുകൾക്ക് ഇനിയും ശക്തിയുമുണ്ട്; മിശിഹ കളി തുടരുന്നത് കാണാനായിരുന്നു മാർട്ടിനസ് എന്ന ഗോളിയുടെ സൂപ്പർ സേവുകൾ; ഡീ മിരയയുടെ സ്വപ്‌ന മുന്നേറ്റങ്ങൾ; ഒടുവിൽ സന്തോഷ കണ്ണീരുമായി മെസ്സിയും ആരാധകർക്കൊപ്പം; ലോകജേതാക്കളായ ജേഴ്സിയിൽ തുടരണമെന്നും അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കാനൊരുങ്ങുന്നില്ലെന്നും പ്രഖ്യാപനം; മനസ്സിൽ ആറാം ലോകകപ്പ്?
ഖത്തർ: വയസ്സ് 35 മാത്രം. ആ കാലുകൾക്ക് ഇനിയും ശക്തിയുമുണ്ട്. മിശിഹ കളി തുടരുന്നത് കാണാനായിരുന്നു മാർട്ടിനസ് എന്ന ഗോളിയുടെ സൂപ്പർ സേവുകൾ. ഡീ മിരയയുടെ സ്വപ്‌ന മുന്നേറ്റങ്ങൾ. ഒടുവിൽ സന്തോഷ കണ്ണീരുമായി ലെയണൽ മെസ്സി ആ കിരീടം ഏറ്റുവാങ്ങി. മറഡോണയുടെ യഥാർത്ഥ പിൻഗാമിയായി. ഇപ്പോഴിതാ ലോകം ആഗ്രഹിച്ച പ്രഖ്യാപനവും എത്തുന്നു. 2022 ഫുട്ബോൾ ലോകകപ്പിൽ അർജന്റീനാ ജേതാക്കളായതിന് പിന്നാലെ തന്റെ വിരമിക്കലിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സി. ലോകജേതാക്കളായ ജേഴ്സിയിൽ തുടരണമെന്നും അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കാനൊരുങ്ങുന്നില്ലെന്നും മെസ്സി മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാൻസിനെതിരായ ഫൈനൽ മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അഞ്ചാം ലോകകപ്പാണ് മെസ്സി ഖത്തറിൽ പൂർത്തിയാക്കിയത്. അതായത് ആറാം ലോകകപ്പിൽ മെസ്സി കളിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
വർഷങ്ങളായി മുന്നിൽ കണ്ട സ്വപ്നം. വിശ്വസിക്കാനാകുന്നില്ല. മെസ്സി പറഞ്ഞു. ദൈവം എനിക്ക് ഈ വിജയം സമ്മാനിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ വിജയത്തോടെ ഇത് തന്റെ അവസാനത്തെ ലോകകപ്പായിര്ക്കുമെന്ന് മെസ്സി വ്യക്തമാക്കിയിരുന്നു. അത് മാറ്റി പറയുകയാണ് മെസ്സി. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2 ന് തകർത്താണ് അർജന്റീന കിരീടത്തിൽ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.36 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് അർജന്റീന ലോകകിരീടം നേടുന്നത്. അർജന്റീനയയ്ക്ക് വേണ്ടി മെസ്സി ഇരട്ട ഗോൾ നേടിയപ്പോൾ എയ്ഞ്ജൽ ഡി മരിയയും വലകുലുക്കി. ഫ്രാൻസിനായി എംബാപ്പെ ഹാട്രിക്ക് നേടി. ഇതിനിടെയിലും മെസ്സിയുടെ മാജിക്ക് തന്നെയാണ് ദോഹയിൽ താരമായത്.
മെസ്സിയുടെ കരിയറിലെ ആദ്യ ലോകകപ്പ് കിരീടമാണിത്. 36 വർഷത്തിന് ശേഷം ഖത്തറിലാണ് മെസ്സിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമായത്. 2006, 2010, 2014, 2018 ലോകകപ്പുകളിൽ കളിച്ചെങ്കിലും അർജന്റീനയ്ക്ക് കപ്പിൽ മുത്തമിടാൻ സാധിച്ചിരുന്നില്ല. ഈ ലോകകപ്പിലെ മാൻ ഓഫ് ദി മാച്ചും, മാൻ ഓഫ് ദി ടൂർണമെന്റും ലയണൽ മെസ്സിയാണ്. ഗോൾഡൻ ബോളും ലോകകപ്പുമായുമാണ് മെസ്സിയുടെ മടക്കം. ലോകകപ്പ് ഫൈനലിൽ അർജന്റീന ക്യാപ്റ്റൻ പുതിയ റെക്കോഡും സൃഷ്ടിച്ചു. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമെന്ന നേട്ടമാണ് മെസ്സി സ്വന്തമാക്കിയത്. 26 മത്സരങ്ങളാണ് മെസ്സി കളിച്ചത്. 25 മത്സരങ്ങൾ കളിച്ച മുൻ ജർമൻ ക്യാപ്റ്റൻ ലോഥർ മത്തേവൂസിന്റെ റെക്കോഡാണ് മെസ്സി മറികടന്നത്.
നേരത്തേ ക്രൊയേഷ്യയ്ക്കെതിരായ സെമിഫൈനലിലാണ് ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന മത്തേവൂസിന്റെ റെക്കോഡിനൊപ്പം മെസ്സിയെത്തിയത്.1990ൽ ജർമനിക്കുവേണ്ടി ലോകകപ്പ് നേടിയിട്ടുള്ള നായകനാണ് മത്തേവൂസ്. മിറോസ്ലാവ് ക്ലോസെ 24 മത്സരങ്ങളും പൗളോ മാൾഡീനി 23 മത്സരങ്ങളുമാണ് കളിച്ചത്. അതേ സമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 22 ലോകകപ്പ് മത്സരങ്ങൾ കളിച്ചു. ക്ലബ്ബ് ഫുട്ബോളിൽ മുടിചൂടാമന്നനായി വിരാജിക്കുമ്പോഴും രാജ്യത്തിനായി ഒന്നും നേടിക്കൊടുക്കാൻ കഴിയാത്തവനെന്ന ചീത്തപ്പേരും പേറി അയാൾ നടന്നത് നീണ്ട 15 വർഷമാണ്. കൊപ്പ നേടി കൊല്ലമൊന്ന് പിന്നിടുമ്പോൾ ഇതാ ലോകകപ്പ് നേട്ടം. ഒരു പക്ഷേ ഫ്രാൻസിനോട് ഫൈനലിൽ തോറ്റിരുന്നുവെങ്കിൽ ഖത്തറിൽ അയാൾ സെമിഫൈനൽവരെ നടത്തിയ മാസ്മരിക പ്രകടനം പോലും വിസ്മരിക്കപ്പെടുമായിരുന്നു.
അർജന്റീനയിലെ റൊസാരിയോ പട്ടണത്തിൽ പിറന്ന് വീണ് പിന്നീട് ബാഴ്സലോണയെന്ന മഹാനഗരത്തിലേക്ക് കൂടുമാറ്റപ്പെട്ടതും ഇതിഹാസ ഫുട്ബോൾ താരമായി മാറിയതുമെല്ലാം ലോകത്തിന് സുപരിചിതം. ക്ലബ്ബ് ഫുട്ബോളിൽ നേട്ടങ്ങൾ എത്തിപ്പിടിക്കുമ്പോഴും അർജന്റീനയുടെ നീലയും വെള്ളയും കുപ്പായത്തിൽ തലതാഴ്‌ത്തി നിന്നത് നിരവധി തവണ. 2014ലെ ബ്രസീൽ ലോകകപ്പ്. ശരാശരിക്കാരുടെ സംഘത്തേയും കൊണ്ട് ഫൈനൽവരെ അയാൾ അർജന്റീനയെ എത്തിച്ചു. ടൂർണമെന്റിലെ ഏറ്റവും അപകടകാരികളായ ജർമനിക്കെതിരെ മാറക്കാനയിൽ നല്ലപോലെ കളിച്ചിട്ടും റിഡീമർ കുന്നിലെ മിശിഹ കണ്ണടച്ചു...അർജന്റീനയും അവരുടെ മിശിഹായും തോറ്റു മടങ്ങി. 2019ലെ കോപ്പ അമേരിക്ക ഫൈനലിന് എത്തിയത് രൂപത്തിലും ഭാവത്തിലും മാറ്റം സംഭവിച്ച അർജന്റീന. പുതിയ താരങ്ങളായി ലൗട്ടാരോ മാർട്ടീനസും ജുവാൻ ഫൊയ്ത്തും റോഡ്രിഗോ ഡി പോളും ടീമിലെത്തി. സെമിഫൈനലിൽ ചിരവൈരികളായ ബ്രസീലിനോട് 2-0ന് തോറ്റെങ്കിലും അർജന്റൈൻ ഫുട്ബോളിന്റെ ഭാവി ശോഭനമാണെന്ന് ആ ടൂർണമെന്റ് തെളിയിച്ചു. 2020ൽ നടക്കേണ്ട കോപ്പ കോവിഡ് മഹാമാരി കാരണം 2021ലേക്ക് മാറ്റി.
ഫൈനലിൽ ബദ്ധവൈരികളെ മാരക്കാനയിൽ വെച്ച് വീഴ്‌ത്തി മെസി തന്റെ ആദ്യ രാജ്യാന്തര കിരീടത്തിൽ മുത്തമിട്ടു. യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ ഫൈനലിസിമയിൽ മൂന്ന് ഗോളുകൾക്ക് മുക്കിത്താഴ്‌ത്തി. ഇപ്പോൾ ലോകകപ്പും. കപ്പുയർത്താൻ ഖത്തറിലെത്തിയ ആൽബിസെലസ്റ്റുകളെ ലോക ഫുട്‌ബോളിലെ 51ാം റാങ്കുകാരായ സൗദി അറേബ്യ അട്ടിമറിച്ചപ്പോൾ ലോകം ഞെട്ടി. ടൂർണമെന്റിന്റെ ഫേവറിറ്റുകൾ ആദ്യ മത്സരം പരാജയപ്പെട്ടു. പിന്നീടങ്ങോട്ടുള്ള ഓരോ മത്സരവും ഫൈനലിന് തുല്യം. അയാളും അനുചരന്മാരും പതറിയില്ല.
മെക്‌സികോ, പോളണ്ട്, ഓസ്‌ട്രേലിയ, നെതർലൻഡ്‌സ്, ക്രൊയേഷ്യ എന്നിങ്ങനെ ആറ് തുടർജയങ്ങളുമായി കലാശപ്പോരിന് യോഗ്യരായി. അവിശ്വസനീയം അസംഭവ്യം എന്ന് തോന്നിപ്പിക്കുന്ന പല സമയത്തും മെസി ഗോളുകളടിച്ചും ഗോളടിപ്പിച്ചും താരപ്പൊലിമ കൂട്ടി. അവസാനം കിരീടവും ഉയർത്തി.
മറുനാടന് മലയാളി ബ്യൂറോ