ബ്യൂണസ് ഐറിസ്: 36 വർഷത്തെ കാത്തിരിപ്പ്.. ഒടുവിൽ ആ നിമിഷമെത്തി. വിശ്വം കീഴടക്കിയ മിശിഹയും സംഘവും അർജന്റീനൻ മണ്ണിൽ പറന്നിറങ്ങി. സംഗീതം അലയടിച്ച അന്തരീക്ഷത്തിൽ വിമാനത്തിന്റെ വാതിൽ തുറന്നു.കാത്തിരുന്ന കപ്പ് അതാ കൺമുന്നിൽ. മെസ്സി കപ്പുയർത്തി നിന്നു.വിമാനത്താവളത്തിൽ തമ്പടിച്ച ജനം ആഹ്ലാദാരവം മുഴക്കി.ഇനി അവർക്ക് ആഘോഷത്തിന്റെ മണിക്കൂറുകൾ.ആഘോഷത്തിന് കൊഴുപ്പേകാൻ രാജ്യത്ത് പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

36 വർഷം കാത്തിരുന്ന കപ്പുമായെത്തുന്ന ടീമിനെ വരവേൽക്കാൻ പുലർച്ചെ രണ്ടരയ്ക്കും ജനം ഉറക്കമിളച്ച് തെരുവിൽ കാത്തുനിൽക്കുകയായിരുന്നു.അക്ഷരാർത്ഥത്തിൽ ജനസമുദ്രമാണ് ബ്യൂണസ് ഐറിസ്.അക്ഷമരായ ജനങ്ങൾക്ക് മുന്നിലേക്ക് പ്രത്യേക വിമാനത്തിൽ പുലർച്ചെ 2.30 ഓടെയാണ് കിരീടവുമായി ചാമ്പ്യന്മാർ വന്നിറങ്ങിയത്. പുറത്തേക്ക് ആദ്യമെത്തിയത് മെസ്സിയും കോച്ച് സ്‌കലോണിയും. പിന്നാലെ ടീമംഗങ്ങൾ ഓരോരുത്തരായി പുറത്തേക്ക്. ചുവപ്പ് പരവതാനി വിരിച്ച് സ്വീകരണം.

ദോഹയിൽ നിന്ന് റോമിലെത്തിയ ശേഷമാണ് അർജന്റൈൻ ടീം ബ്യൂണസ് ഐറിസിലേക്ക് പറന്നത്.എസീസ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയപ്പോൾ തന്നെ വൻ ജനക്കൂട്ടം ടീമിനെ വളഞ്ഞു.വിജയ പരേഡിനായി ജനങ്ങൾ അക്ഷമരായി കാത്തിരിക്കുകയാണ്.ലിയോണൽ മെസിയുടെയും മറ്റ് താരങ്ങളുടെയും പോസ്റ്ററുകളും ബാനറുകളും ഉയർത്തി ലക്ഷക്കണക്കിനാളുകളാണ് ഒത്തുകൂടിയത്.

വിജയത്തിന് പിന്നാലെ ബ്യൂണസ് ഐറിസിലെ പ്രസിദ്ധമായ ഒബലിക്സ് സ്തൂപത്തിന് സമീപം എതാണ്ട് 20 ലക്ഷത്തോളം ആളുകളാണ് തടിച്ചുകൂടിയതെന്നാണ് റിപ്പോർട്ടുകൾ. പാട്ട് പാടിയും ചാന്റുകൾ മുഴക്കിയും നൃത്തം വച്ചും അവർ ലോകകപ്പ് നേട്ടം ആഘോഷമാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു.

ജയപരാജയങ്ങൾ മാറിമറിഞ്ഞ ഉജ്ജ്വലമായ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ മറികടന്നപ്പോൾ തന്നെ അർജന്റീനയിൽ ആഘോഷം തുടങ്ങിയിരുന്നു.ലോകകപ്പിൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയ അർജന്റീന പിന്നീട് വൻ കുതിപ്പാണ് നടത്തിയത്.

മെക്‌സിക്കോയെയും പോളണ്ടിനെയും തകർത്ത് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി തന്നെ ടീം പ്രീ ക്വാർട്ടറിൽ എത്തി. ഓസ്‌ട്രേലിയൻ വെല്ലുവിളി പ്രീ ക്വാർട്ടറിലും നെതർലാൻഡ്‌സ് ഭീഷണി ക്വാർട്ടറിലും കടന്നാണ് ടീം സെമിയിലേക്ക് കുതിച്ചത്. അവസാന നാലിൽ ക്രൊയേഷ്യയെ തകർത്ത മെസിയും കൂട്ടരും കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെയാണ് തകർത്തത്.