ദോഹ:വാക്‌പോര് കൊണ്ട് തന്നെ മത്സരത്തിന് മുൻപേ തീയായി മാറിയ പോരാട്ടമായിരുന്നു ലോകകപ്പ് ക്വാർട്ടറിലെ അർജന്റീന-നെതർലൻഡ്സ് മത്സരം.മൈതാനത്ത് ഇഞ്ചോടിഞ്ച് പോരാടിയ ഇരു ടീമുകളും പെനാൽറ്റി ഷൂട്ടൗട്ടിന്റെ അവസാന ഷോട്ട് വരെയും മത്സരത്തിന്റെ ആവേശത്തെ എത്തിച്ച ശേഷമായിരുന്നു ഫുട്‌ബോൾ ആരാധകർക്ക് ശ്വാസം വിടാനുള്ള അവസരം നൽകിയത്.മത്സരത്തിന്റെ വീറും വാശിയും തെളിയുക്കുന്നതായിരുന്നു ഇരു ടീമുകളും മേടിച്ചുകൂട്ടിയ കാർഡുകളുടെ എണ്ണവും.എന്നാൽ മത്സരം വിജയിച്ച ശേഷവും ആ പോരാട്ടവീര്യത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല.

മത്സരശേഷം ഡച്ച് കോച്ചിനോടും താരങ്ങളോടും കയർത്തുകൊണ്ടാണ് സൂപ്പർ താരം ലയണൽ മെസ്സി തന്റെ കലിപ്പ് തീർത്തത്.അർജന്റീനയുടെ ജയത്തിന് ശേഷമായിരുന്നു പൊതുവേ ശാന്തസ്വഭാവക്കാരനായ നായകനിൽ നിന്ന് കലിപ്പനിലേക്ക് മെസ്സിയുടെ മാറ്റം.ഗ്രൗണ്ടിൽ നിന്ന് തന്നെ നെതർലൻഡ്സ് കോച്ച് ലൂയിസ് വാൻ ഗാലിനോടും സപ്പോർട്ടിങ് സ്റ്റാഫിനോടും മെസ്സി ദേഷ്യപ്പെട്ടു.മത്സരത്തിനിടെ റഫറി മാത്യു ലാഹോസ് അനാവശ്യമായി ഇടപെട്ടുകൊണ്ടേയിരുന്നതും മെസ്സിയെ അസ്വസ്ഥനാക്കി.മത്സരശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടെ ഡച്ച് മുന്നേറ്റ താരം വൂട്ട് വെഗോർസ്റ്റിനോടും മെസ്സി കയർത്തു സംസാരിച്ചു.

കളത്തിലിറങ്ങും മുന്നേ തന്നെ നിരവധി വാദ പ്രതിവാദങ്ങൾക്ക് അർജന്റീന-നെതർലൻഡ്സ് മത്സരം ഇടയാക്കിയിരുന്നു. മെസ്സി സാധാരണ മനുഷ്യനാണെന്നും താരത്തെയും അർജന്റീനയെയും ഭയക്കുന്നില്ലെന്നും പറഞ്ഞ് ഡച്ച് ഗോൾകീപ്പർ ആന്ദ്രിസ് നോപ്പർട്ട് രംഗത്തെത്തിയിരുന്നു. പ്രീ മാച്ച് പ്രസ്സ് കോൺഫറൻസിൽ മെസ്സിയെയും അർജന്റീന ടീമിനെയും നെതർലൻഡ്സ് കോച്ച് വാൻ ഗാൽ കളിയാക്കിയിരുന്നു. മെസ്സി അപകടകാരിയാണെന്നും പക്ഷേ പന്ത് നഷ്ടപ്പെട്ടാൽ അയാൾക്ക് ഒന്നും ചെയ്യാനാകില്ലെന്നുമാണ് നെതർലൻഡ്സ് കോച്ച് വാൻ ഗാൽ പറഞ്ഞിരുന്നത്.അതുകൊണ്ടുതന്നെ ക്വാർട്ടർ പോരാട്ടം ചൂടുപിടിക്കുമെന്ന് ഉറപ്പായിരുന്നു.പ്രതീക്ഷകളോട് നൂറു ശതമാനം നീതി പുലർത്തിയതായിരുന്നു ഇന്നലെ അർജന്റീന-നെതർലൻഡ്സ് പോരാട്ടം.

പ്രീ മാച്ച് കോൺഫറൻസിൽ നെതർലൻഡ്സിന്റെ ആരോപണങ്ങൾക്ക് പകരം വീട്ടാനും അർജന്റൈൻ നായകൻ മറന്നില്ല. എതിരാളികളെ ശാരീരികമായി നേരിടുകയാണ് നെതർലൻഡ്സ് കളത്തിൽ ചെയ്തത്, ലോംഗ് ബോൾ കളിക്കുന്നവരാണെന്ന് അവകാശപ്പെടുന്നവരാണെന്നും എന്നാൽ ഉയരമുള്ള കളിക്കാരെ ഉപയോഗിച്ച് എതിർ ടീമംഗങ്ങളെ ഇടിച്ചിടുകയാണെന്നും വാൻ ഗാലിന് മറുപടിയെന്നോണം മെസ്സി പറഞ്ഞു. മത്സരത്തിനു മുന്നേ സംസാരിച്ച് വെല്ലുവിളിക്കുന്നവരെ തനിക്ക് ഇഷ്ടമല്ലെന്നും മെസ്സി കൂട്ടിച്ചേർത്തു.ഇതിനിടെ ഡച്ച് മുന്നേറ്റ താരം വൂട്ട് വെഗോർസ്റ്റിനോട് മെസ്സി കയർത്തു സംസാരിക്കുകയും ചെയ്തിരുന്നു. വാട്ട് ആർ യു ലുക്കിങ് അറ്റ് ഫൂൾ എന്ന് ചോദിച്ചുകൊണ്ടാണ് മെസ്സി വെഗോർസ്റ്റിനോട് തട്ടിക്കയറിയത്.മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്ന വേളയിൽ റഫറി മാത്യു ലാഹോസുമായും മെസ്സി സംസാരിക്കുന്നുണ്ടായിരുന്നു.

ഇന്നലത്തെ മത്സരത്തിൽ 18 യെല്ലോ കാർഡാണ് ലാഹോസ് നൽകിയത്. അർജന്റീനക്കെതിരെ ഫ്രീകിക്ക് നൽകിയതിനെ ചോദ്യം ചെയ്തതിന് മെസ്സിക്കും യെല്ലോ കാർഡ് കാണേണ്ടി വന്നിരുന്നു. 'റഫറിയിങ്ങിനെ കുറിച്ച് സംസാരിക്കാൻ താൽപ്പര്യമില്ല. നിങ്ങൾക്ക് ഒരു പക്ഷേ വിലക്ക് ലഭിച്ചേക്കും. നിലവാരമുള്ള റഫറിമാരെ വെയ്ക്കാൻ ഫിഫ തയ്യാറാകണം' എന്നാണ് മെസ്സി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്.