- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'നമ്മടെ ചെക്കൻ പവിഴപുറ്റുകൾക്കും വർണ്ണമത്സ്യങ്ങൾക്കും ഇടയിൽ നിന്നത് കണ്ടോ..'; മെസിയുടെ കൂറ്റൻ കട്ടൗട്ട് കടലാഴങ്ങളിൽ സ്ഥാപിച്ച് ലക്ഷദ്വീപിലെ അർജന്റീന ആരാധകർ; ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു
കവറത്തി: ലോകകപ്പ് ഫുട്‌ബോളിന് ഖത്തറിൽ അരങ്ങ് ഉണരുംമുമ്പെ കേരളത്തിൽ സൂപ്പർ താരങ്ങളുടെ ഫ്‌ളെക്‌സ് കൊണ്ടുള്ള 'കരയുദ്ധം' ആരാധകർ തുടക്കമിട്ടിരുന്നു. വഴിയോരങ്ങളിൽ നിന്നും പുഴയുടെ തീരങ്ങളിൽ വരെയെത്തിയിരുന്നു ഈ പോരാട്ടം. മെസിയും നെയ്മറും റൊണാൾഡോയും നെഞ്ചുവിരിച്ച് നിറഞ്ഞുനിന്നതോടെ ചിത്രങ്ങൾ കടൽകടന്ന് അങ്ങ് ഫിഫയുടെ വരെ ശ്രദ്ധയിലെത്തി. കേരളത്തിലെ ഫുട്‌ബോൾ ആരാധകർ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ ഖത്തർ ലോകകപ്പ് കലാശപ്പോരാട്ടത്തിന് തയ്യാറെടുക്കവെ അർജന്റീന ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ഒരു കാഴ്ചയാണ് ലക്ഷദ്വീപിൽ നിന്നും എത്തുന്നത്. പ്രിയ താരങ്ങളെ ഏറ്റവും ഉയരത്തിൽ തലയെടുപ്പോടെ നിർത്താൻ മത്സരിക്കുന്ന ആരാധകർക്കിടയിൽ നിന്ന് തങ്ങളുടെ പ്രിയതാരത്തിന്റെ കൂറ്റൻ കട്ടൗട്ട് കടലാഴങ്ങളിൽ സ്ഥാപിച്ച് സ്‌നേഹം പ്രകടിപ്പിക്കുകയാണ് ലക്ഷദ്വീപിലെ അർജന്റീന ഫാൻസ്.
ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ടാണ് കടലിൽ പവിഴപ്പുറ്റുകൾക്കിടയിൽ തിളങ്ങി നിൽക്കുന്നത്. അർജന്റീന ലോകകപ്പ് ഫൈനലിലെത്തിയാൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് കടലിൽ പവിഴപ്പുറ്റുകൾക്കിടയിൽ സ്ഥാപിക്കുമെന്ന് ആരാധകർ വാക്കു നൽകിയിരുന്നു.
ലക്ഷദ്വീപിലെ കവരത്തിയിലെ അർജന്റീന ആരാധകനായ മുഹമ്മദ് സ്വാദിഖ് ക്രൊയേഷ്യയുമായുള്ള സെമി ഫൈനൽ നടക്കുന്നതിനു തൊട്ടു മുൻപ് നടത്തിയ പ്രഖ്യാപനമാണ് ടീം ഫൈനലിൽ എത്തിയതോടെ യാഥാർത്ഥ്യമാക്കിയത്. കളിയിൽ അർജന്റീന ജയിച്ചാൽ ആഹ്ലാദ സൂചകമായി കടലിനടയിലും മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുമെന്നായിരുന്നു വാഗ്ദാനം. മെസിയും സംഘവും ഫൈനലിൽ എത്തിയതോടെ വാക്ക് പാലിച്ചിരിക്കുകയാണ് സ്വാദിഖും സംഘവും.
അറബിക്കടലിനടയിൽ 15 മീറ്റർ താഴ്ചയിൽ ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ കട്ടൗട്ട് അവർ സ്ഥാപിച്ചു കഴിഞ്ഞു. ആഴക്കടലിനു തൊട്ടു മുൻപുള്ള 'അദ്ഭുതമതിൽ' എന്നറിയപ്പെടുന്ന സ്ഥലത്തെ പവിഴപ്പുറ്റുകൾക്കിടയിൽ റൊസാരിയോയിലെ രാജകുമാരൻ തിളങ്ങി നിൽക്കുന്നു. സ്‌കൂബാ ടീമിന്റെ സഹായത്തോടെയാണ് കട്ടൗട്ട് സ്ഥാപിച്ചത്.
കടലിനടയിലെ മെസ്സിയുടെ കട്ടൗട്ട് ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ വൈറലാണ്. ലക്ഷദ്വീപിന്റെ അർജന്റീന സ്‌നേഹം ലോകമറിയട്ടെ എന്ന ലക്ഷ്യത്തോടു കൂടിയാണ് ഇങ്ങനെയൊരു സാഹസത്തിനു മുതിർന്നതെന്ന് സ്വാദിഖ് പറയുന്നു. കവരത്തിയിലെ സർക്കാർ സ്‌കൂളിൽ കായികവിഭാഗത്തിൽ ജീവനക്കാരനാണ് സ്വാദിഖ്. ലക്ഷദ്വീപിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്ന വ്‌ലോഗർ കൂടിയാണ്.
ആർജന്റീന ഫൈനലിലെത്തിയതോടെ, മെസിയുടെ കൂറ്റൻ കട്ടൗട്ട് കടലിലും തല ഉയർത്തി നിൽക്കുന്നതിന്റെ വീഡിയോ ആണ് ലക്ഷദ്വീപിൽ നിന്നുള്ള അർജൻരീന ആരാധകർ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. കട്ടൗട്ട് സ്ഥാപിക്കാനായി തോണിയിൽ കടലിലേക്ക് പോകുന്നുതും കടലിനിടയിൽ പവിഴപ്പുറ്റുകൾക്കിടയിൽ കട്ടൗട്ട് സ്ഥാപിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.
പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ട് അർജന്റീന ഫൈനൽ എത്തിയാൽ മെസ്സിയുടെ കട്ട് ഔട്ട് കടലിനടിയിൽ വെക്കും എന്ന് പറഞ്ഞു വെച്ചു, നമ്മടെ ചെക്കൻ പവിഴ പുറ്റുകൾക്കും വർണ്ണമത്സ്യങ്ങൾക്കും ഇടയിൽ നിന്നത് കണ്ടോ.. എന്നാണ് കടലിനിടയിൽ കട്ടൗട്ട് വെച്ച് മുഹമ്മദ് സ്വാദിഖ് ഫേസ്‌ബുക്കിൽ കുറിച്ചത്.
ഞായറാഴ്ചയാണ് അർജന്റീന-ഫ്രാൻസ് ലോകകപ്പ് ഫൈനൽ പോരാട്ടം. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം തുടങ്ങുക. 1986നുശേഷം ആദ്യ കിരീടമാണ് മെസിയുടെ അർജന്റീന ലക്ഷ്യം വെക്കുന്നതെങ്കിൽ 2018ൽ കിരിടം നേടിയ ഫ്രാൻസ് ലോകകപ്പിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമാവാനാണ് ഒരുങ്ങുന്നത്.
സ്പോർട്സ് ഡെസ്ക്