- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
അന്നു സച്ചിനെങ്കിൽ ഇന്നു മെസി! ക്രിക്കറ്റ് ദൈവത്തിന്റെ ലോക കിരീട നേട്ടത്തിലേക്ക് വഴിയൊരുക്കിയത് എം എസ് ധോണി; കാൽപന്തുകളിയിലെ മിശിഹയ്ക്കായി സ്വപ്ന ഗോളിലൂടെ പോരാട്ടം നയിച്ച എയ്ഞ്ചൽ ഡി മരിയ; ചതിക്കാത്ത കാവലാളായ മാർട്ടീനസ്; അഞ്ചിൽ നേടിയ സച്ചിനും മെസ്സിയും; 2011ൽ തെണ്ടുൽക്കറെ തോളിലേറ്റി; 2022ൽ മെസ്സിയും; ദോഹയിലേത് പ്രതിഭയ്ക്കുള്ള കാവ്യനീതി
ദോഹ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെയും അർജന്റീനിയൻ ഫുട്ബോൾ സൂപ്പർ താരം ലയണൽ മെസിയുടേയും രാജ്യാന്തര കരിയറിൽ ചില സമാനതകളുണ്ട്. വ്യക്തിഗത നേട്ടങ്ങൾ ഓരോന്നോരോന്നായി സ്വന്തം പേരിലാക്കുമ്പോഴും ചൂണ്ടിക്കാണിക്കാൻ ദേശീയ ജേഴ്സിയിൽ ഒരു രാജ്യാന്തര കിരീട നേട്ടമില്ല എന്നതായിരുന്നു ഇരുവരുടേയും ആരാധകരെ ഏറ്റവും വേദനിപ്പിച്ചിരുന്നത്. എന്നാൽ കരിയറിന്റെ പൂർത്തീകരണ കാലഘട്ടത്തിലേക്ക് എത്തുമ്പോൾ ഇരുവരേയും തേടി ആ സ്വപ്നം നേട്ടം കടന്നുവന്നു. അതിനായി ഒറ്റമനസ്സോടെ ഒപ്പം നിന്നതാകട്ടെ സഹതാരങ്ങളും. ഇത് തന്നെയാണ് അർജന്റീനിയൻ ഇതിഹാസം മെസ്സിക്കും സംഭവിക്കുന്നത്. മെസ്സിയും ഒടുവിൽ ലോക ചാമ്പ്യന്മരായി. അതും സച്ചിനെ പോലെ അഞ്ചാം ലോകകപ്പിൽ.
2011 ൽ സച്ചിനായി ഏകദിന ലോകകപ്പ് കിരീടം നേടാനായി ഒത്തിണക്കത്തോടെ ഒറ്റമനസായി തുടക്കം മുതൽ പൊരുതി ഇന്ത്യൻ ടീം അംഗങ്ങൾ. ഒടുവിൽ കലാശപ്പോരിൽ ശ്രീലങ്കയ്ക്കെതിരെ വലിയ വിജയലക്ഷ്യം പിന്തുടരുമ്പോൾ സച്ചിൻ തുടക്കത്തിലെ മടങ്ങിയെങ്കിലും ഗൗതം ഗംഭീറിനെ കൂട്ടുപിടിച്ച് നായകൻ എം എസ് ധോണി നടത്തിയ വീരോചിത പോരാട്ടമാണ് കിരീടനേട്ടത്തിലേക്ക് എത്തിച്ചത്. മുന്നിൽ നിന്നും പട നയിച്ച എം എസ് ധോണി തന്നെയായിരുന്നു കരിയറിലെ അപൂർണതയായി ഏറെക്കാലം നീണ്ടുനിന്ന ആ കിരീടനേട്ടത്തിന് സച്ചിന് വഴിയൊരുക്കിയത്. ഒപ്പം വീറോടെ പൊരുതിയ ഓൾറൗണ്ടർ യുവരാജ് സിങ്, വീരേന്ദർ സേവാഗ് സഹീർ ഖാൻ എന്നിവർ അടക്കമുള്ള സഹതാരങ്ങൾ. 1992 ലോകകപ്പ് മുതൽ നാലു ലോകകപ്പുകളിൽ കിരീടമോഹം പൊലിഞ്ഞപ്പോഴും പ്രതീക്ഷയായിരുന്നത് ഇന്ത്യയിൽ നടന്ന 2011 ലോകകപ്പ് പോരാട്ടമായിരുന്നു. ഒടുവിൽ ആരാധകരുടെ പ്രതീക്ഷ പൂർത്തീകരിച്ച് നേട്ടവും.
ലോകകപ്പ് നേട്ടത്തിനൊടുവിൽ സച്ചിനെ തോളിലേറ്റി സ്റ്റേഡിയം വലംവയ്ക്കുന്ന സഹതാരങ്ങളുടെ ആ ചിത്രം എത്രത്തോളം വിലപ്പെട്ടതായിരുന്നു എന്ന് പിന്നീട് ആരാധകർ തിരിച്ചറിഞ്ഞു. ലോറിയസ് ലോക കായിക പുരസ്കാരത്തിലൂടെ. സച്ചിനുവേണ്ടി ധോണിയാണ് ആ ദൗത്യം ഏറ്റെടുത്തതെങ്കിൽ മെസിക്കുവേണ്ടി കിരീടത്തിലേക്കുള്ള സ്വപ്ന ഗോൾ തന്റെ കരിയറിൽ ഉടനീളം ഒരു നിഴൽ പോലെ ഒപ്പം നിന്ന, എന്നാൽ പ്രതിഭയിൽ ഒട്ടും പിന്നിലല്ലാത്ത എഞ്ചൽ ഡി മരിയ എന്ന പ്രിയ കൂട്ടുകാരൻ. കോപ്പാ അമേരിക്ക ബ്രസീലിൽ നിന്നും തട്ടിയെടുത്തതും ഡീ മരിയയായിരുന്നു. ലോകകപ്പിൽ ആദ്യ ഗോളിലൂടെ ഡീ മരിയ ടീമിനെ മുമ്പിലെത്തിച്ചു. കളിക്കളത്തിൽ നിന്നും കോച്ച് മടക്കി വിളിക്കുവോളം ടീം മുന്നിലെന്ന് ഡീ മരിയ ഉറപ്പിച്ചു. അതിന് ശേഷം പെനാൽട്ടി കിക്ക് പാഴാക്കാതെ മറഡോണയുടെ പിൻഗാമിയായ മെസി ലോക ജേതാവാകുന്നു എന്ന് ഉറപ്പിച്ചു. അങ്ങനെ സച്ചിനെ പോലെ മെസ്സിയും വിശ്വവിജയിയായി.
ലയണൽ മെസ്സിയുടെ ലോകകപ്പ് യാത്രയും തന്റെ ജീവിതവും തമ്മിൽ താരതമ്യപ്പെടുത്തുന്ന ഗ്രാഫിക്സ് പങ്ക് വച്ച് ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ ചർച്ചകൾക്ക് പുതുമാനം നൽകുന്നു. ക്രിക്ക്ട്രാക്കർ പോസ്റ്റ് ചെയ്ത ഗ്രാഫിക്സാണ് സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ പങ്ക് വച്ചത് . മെസ്സിയുടെ 2022 ഫിഫ ലോകകപ്പ് മത്സരവും, സച്ചിൻ ടെണ്ടുൽക്കറുടെ 2011 ലോകകപ്പ് മത്സരവും തമ്മിലുള്ള സമാനതകൾ ഗ്രാഫിക് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്പർ 10 എന്ന ജേഴ്സിയും , സെമിഫൈനലിൽ ഇടം നേടിയതും , ഒടുവിൽ സച്ചിൻ ചാമ്പ്യനായതും ചിത്രത്തിൽ കൊടുത്തിട്ടുണ്ട് . ''2011 ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാർ...2022 മെസ്സി ? നിങ്ങൾ എന്താണ് ചിന്തിക്കുന്നത് സുഹൃത്തുക്കളെ?'' എന്നായിരുന്നു സച്ചിന്റെ കുറിപ്പ് . ആത് അക്ഷരാർത്ഥത്തിൽ മൈതാനത്തും യാഥാർത്ഥ്യമായി. കളി കഴിഞ്ഞ ശേഷം സച്ചിൻ എന്ന ക്രിക്കറ്റ് ദൈവം ഫുട്ബോളിലെ മിശിഹയെ അഭിനന്ദിച്ചു. ഒപ്പം അർജന്റീനിയൻ ഗോളി മാർട്ടീനസ്സിനേയും.
ആറ് ബാലൻദ്യോർ പുരസ്കാരങ്ങളും യൂറോപ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ, ഫിഫ ലോക ഫുട്ബോളർ, ചാമ്പ്യൻസ് ലീഗ്. ക്ലബ്ബ് ലോകകപ്പ് തുടങ്ങിയ നേട്ടങ്ങളെല്ലാമുണ്ടെങ്കിലും കരിയറിൽ അപൂർണമായി ബാക്കിനിന്ന ഒരു രാജ്യാന്തര കിരീടം അർജന്റീന ജേഴ്സിയിൽ മുത്തമിടാൻ മെസിക്ക് ഒടുവിൽ വഴി തുറന്നത് എന്നും ഒപ്പമുണ്ടായിരുന്ന സഹതാരം എഞ്ചൽ ഡി മരിയയാണ്. അത് കഴിഞ്ഞ വർഷം കോപ്പയിലായിരുന്നു. പിന്നീട് ഫൈനലീസീമയിൽ യൂറോപ്യൻ സൗന്ദര്യത്തെ വീഴ്ത്തി മെസി രണ്ടാം കിരീടം നേടി. ഇപ്പോൾ ലോകകപ്പും. ഓരോ ഫൈനൽ കഴിയുമ്പോഴും തല ഒന്നു ഉയർത്താൻ പോലുമുള്ള ശക്തിയില്ലാതെ, ഗ്രൗണ്ടിൽ തല താഴ്ത്തിയിരിക്കുന്ന, സഹതാരങ്ങളുടെ തോളോട് ചേർന്ന് കരയുന്ന, കണ്ണുനീർ ജെഴ്സികൊണ്ട് തുടക്കുന്ന, കപ്പിലേക്ക് ആർത്തിയോടെ നോക്കുന്ന ലയണൽ മെസ്സിയുടെ ചിത്രം ഇനി മനസിൽ നിന്നും മായ്ചു കളയാം.
2014-ലെ ലോകകപ്പ് ഫൈനലിൽ അർജന്റീന ജർമനിയോട് തോറ്റതു മുതൽ തുടങ്ങിയതാണ് മെസ്സിയും കപ്പും തമ്മിലുള്ള ഒളിച്ചുകളി. ക്ലബ്ബ് കരിയറിൽ ബാഴ്സലോണയ്ക്കായി എല്ലാം വെട്ടിപ്പിടിക്കുമ്പോഴും ദേശീയ ജഴ്സിയിയിൽ മെസ്സിയുടെ പ്രകടനം നിറം മങ്ങിക്കൊണ്ടേയിരുന്നു. 2014-ലെ ലോകകപ്പിൽ മരിയോ ഗോഡ്സെ അധിക സമയത്ത് നേടിയ ഒരൊറ്റ ഗോളിൽ അർജന്റീനയ്ക്ക് കിരീടം നഷ്ടപ്പെട്ടപ്പോഴുള്ള മെസ്സിയുടെ മുഖം ആർക്കും മറക്കാനാകില്ല. സമ്മാനദാനച്ചടങ്ങിൽ രണ്ടാം സ്ഥാനക്കാർക്കുള്ള മെഡൽ വാങ്ങാൻ പോകുമ്പോൾ വിശ്വകിരീടത്തിലേക്ക് മെസ്സി തുറിച്ചുനോക്കുന്ന ചിത്രം ആരാധകരുടെ നെഞ്ചിലെ വിങ്ങലായിരുന്നു.
2015, 2016 കോപ്പ അമേരിക്കയിലും ഇതുതന്നെ സംഭവിച്ചു. 2015-ൽ പെനാൽറ്റി ഷൂട്ടൗട്ടിന് ഒടുവിൽ ചിലി 4-1ന് അർജന്റീനയെ തോൽപ്പിച്ച് കിരീടം ചൂടി. മൈതാന മധ്യത്തിൽ അരയിൽ കൈയും കുത്തി നിരാശയോടെ നിൽക്കാനേ അന്ന് മെസ്സിക്ക് കഴിഞ്ഞുള്ളു. 2016-ലും ഇതുതന്നെ ആവർത്തിച്ചു. മെസ്സി അടിച്ച പെനാൽറ്റി കിക്ക് പാഴായപ്പോൾ ഷൂട്ടൗട്ടിൽ അർജന്റീനയുടെ തോൽവി 4-2ന് ആയിരുന്നു. ഈ പരാജയത്തിൽ മെസ്സിക്ക് പിടിച്ചുനിൽക്കാനായില്ല. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു എന്ന ഞെട്ടിക്കുന്ന തീരമാനമാണ് മെസ്സിയിൽ നിന്ന് വന്നത്. തോൽവിയുടെ നിരാശയിൽ നിൽക്കുന്ന ആരാധകർക്ക് ഈ തീരുമാനം ഇരുട്ടടി ആയി. എന്നാൽ പിന്നീട് മെസ്സി അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചുവന്നു. അർജന്റീന ജഴ്സി അണിയാൻ തുടങ്ങി. ഒടുവിൽ ആ വിരമിക്കിൽ തീരുമാനം കഴിഞ്ഞ് അഞ്ചു വർഷം പിന്നിട്ടപ്പോൾ അതേ കോപ്പയിൽ മധുരം നുണഞ്ഞു. 1993-ന് ശേഷം അർജന്റീന നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടം കൂടിയായി കോപ്പ. ഇതോടെ കളർ ടിവി വന്നതിനുശേഷം കപ്പ് നേടിയിട്ടുണ്ടോ എന്ന പരിഹാസം ഇനി അർജന്റീനയ്ക്കും മെസിയുടെ സംഘത്തിനും മറക്കാം. ഇപ്പോൾ ലോകകപ്പിലും ആ പരിഹാസം മായ്്ക്കുന്നു.
പതിറ്റാണ്ടുകളോളം ഇന്ത്യൻ ക്രിക്കറ്റിനെ ചുമലിലേറ്റിയ ഇതിഹാസത്തിന്റെ ലോകകായിക വേദിയിലെ ആഘോഷം പതിറ്റാണ്ടുകളുടെ കായിക മുഹൂർത്തത്തിനുള്ള അംഗീകാരം. 2011 ലോകകപ്പിന് വിജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി സഹതാരങ്ങൾ വാങ്കഡെ വലംവച്ച നിമിഷമാണ് അവിസ്മരണീയ മുഹൂർത്തമായി കായിക ലോകം അന്ന് തിരഞ്ഞെടുത്തത്. പുരസ്കാരം രാജ്യത്തിന് സമർപ്പിക്കുന്നുവെന്ന് സ്റ്റീവ് വോയിൻ നിന്ന് പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് സച്ചിൻ പറഞ്ഞു. അന്നു മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ലയണൽ മെസിയും ലൂയിസ് ഹാമിൾട്ടനുമായിരുന്നു. ക്രിക്കറ്റിലെയും ഫുട്ബോളിലേയും ചില അപൂർവതകളിൽ കൈകോർക്കുകയായിരുന്നു അന്ന് സച്ചിൻ തെൻഡുൽക്കറും ലയണൽ മെസിയും.
സ്പോർട്സ് ഡെസ്ക്