- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഖത്തറിന്റെ പ്രത്യേക അതിഥിയായി ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ; പ്രത്യേക ക്ഷണിതാക്കൾക്ക് ഒപ്പം മമ്മൂട്ടിയും റോയൽ ഹയ്യ വി.ഐ.പി ബോക്‌സിൽ എത്തും; കലാശ പോരാട്ടം കാണാൻ മലയാളത്തിന്റെ സൂപ്പർതാരങ്ങൾ; ആവേശമായി ദീപിക പദുകോണും; ഫൈനൽ മത്സരത്തിൽ ട്രോഫി അനാച്ഛാദനം നിർവഹിക്കുന്നത് ദീപിക
ദോഹ: ഖത്തറിലെ ലോകകപ്പ് സംഘാടനത്തിൽ മലയാളികളുടെ പങ്ക് ഇക്കുറി ആർക്കും വിസ്മരിക്കാൻ സാധിക്കില്ല. സ്റ്റേഡിയത്തിൽ ഇന്ന് ലോകകപ്പിനായി മെസിയും എംബാപ്പയും ഏറ്റുമുട്ടുമ്പോൾ മലയാളികളുടെ പ്രിയതാരങ്ങളും വേദിയിൽ ഉണ്ടാകും. അർജന്റീന-ഫ്രാൻസ് കലാശ പോരാട്ടം കാണാൻ മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും എത്തും. മത്സരത്തിന് സാക്ഷിയാകുന്നതിന് ഇരുവരും ഖത്തറിൽ എത്തിയിട്ടുണ്ട്.
പ്രത്യേക ക്ഷണിതാക്കൾക്ക് ഒപ്പമാവും മമ്മൂട്ടി ഫൈനൽ കാണുക. റോയൽ ഹയ്യ വി.ഐ.പി ബോക്‌സിൽ ഇരുന്നാവും നടൻ മത്സരം കാണുക. ആവേശത്തിരയിളക്കുന്ന മത്സരം കാണാൻ മോഹൻലാലും സ്റ്റേഡിയത്തിലെത്തും. ഖത്തറിന്റെ പ്രത്യേക അതിഥിയായാണ് മോഹൻലാൽ അവസാന അങ്കം കാണാൻ എത്തുന്നത്. ഖത്തർ ദേശീയ ദിനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ഖത്തറിലെത്തിയത്. മൊറോക്കയിൽ നിന്നാണ് മോഹൻലാൽ ഫൈനൽ കാണാൻ എത്തിയത്. മത്സരം കഴിഞ്ഞാൽ ഉടൻ തിരിച്ചുപോവും.
അതിനിടെ ഇന്നത്തെ ഫൈനൽ പോരാട്ടത്തിന് മാറ്റുരക്കുന്ന ഇരു ടീമുകൾക്കും മമ്മൂട്ടി ആശംസകൾ അറിയിച്ചു. ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് നടൻ ആശംസകൾ അറിയിച്ചത്. 'ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ, ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെ. ആശംസകൾ', മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ട്രോഫി അനാച്ഛാദനം ചെയ്യാനായി ബോളിവുഡ് താരം ദീപിക പദുകോൺ ഖത്തറിലേക്ക് പറന്നിട്ടുണ്ട്. ഫൈനലിന് മുന്നോടിയായി ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ട്രോഫി അനാച്ഛാദനം നിർവഹിക്കുന്നത് ദീപികയാണെന്നാണ് റിപ്പോർട്ട്. എന്നാൽ, ദീപിക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. താരം ഖത്തറിലേക്ക് പറക്കുന്ന വിവരം മുംബൈ എയർപോർട്ടിൽനിന്നുള്ള വീഡിയോ ട്വീറ്റ് ചെയ്തതിലൂടെയാണ് അറിഞ്ഞത്.
ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ മുൻ ഫ്രഞ്ച് ക്യാപ്റ്റൻ മാഴ്‌സെൽ ഡിസെയ്ലി ആണ് ലോകകപ്പ് ട്രോഫി സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ താരം ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി നിയോഗിക്കപ്പെടുന്നത്. മുൻകാലങ്ങളിൽ കഴിഞ്ഞ ലോകകപ്പിൽ കിരീടം നേടിയ ടീമിന്റെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേർന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന വേദിയിലെ ഇന്ത്യൻ സാന്നിധ്യമാകുന്ന താരത്തിന് അഭിനന്ദന പ്രവാഹമാണ്.
ഖത്തർ ലോകകപ്പിന്റെ കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് മുൻ ചാമ്പ്യന്മാരായ അർജന്റീനയെ നേരിടും. ലോക ഫുട്‌ബോളിലെ ഗ്ലാമർ താരങ്ങളായ ലയണൽ മെസിയും കിലിയൻ എംബാപ്പെയും നേർക്കുനേർ വരുന്ന ഫൈനൽ പോരാട്ടത്തെ വലിയ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും തങ്ങളുടെ മൂന്നാമത്തെ ലോകകിരീടം തേടിയാണ് ഫൈനലിനിറങ്ങുന്നത്. 1986ലാണ് അർജന്റീന അവസാനമായി ലോകകിരീടം ചൂടുന്നത്. 2018 ലോകകപ്പിൽ ജേതാക്കളായ ഫ്രാൻസിന് ഇത് തുടർച്ചയായ രണ്ടാം ഫൈനലാണ്.
മറുനാടന് മലയാളി ബ്യൂറോ