- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഒരു സമനിലയെങ്കിലും നേടാമെന്ന ആതിഥേയരുടെ മോഹം പൊലിഞ്ഞു; മൂന്നു പരാജയവുമായി ലോകകപ്പിനോട് വിട പറഞ്ഞ് ഖത്തർ; അവസാന മത്സരത്തിൽ 2 ഗോളിന് നെതർലാന്റസിനോട് തോൽവി; മൂന്നു കളികളിൽ 7 പോയന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് മാർച്ച് ചെയ്ത് നെതർലൻഡ്സ്
ദോഹ: ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിലും തോൽക്കുന്ന ആദ്യ ആതിഥേയരെന്ന മോശം റെക്കോർഡ് ഇനി ഖത്തറിന് സ്വന്തം.സ്വന്തം കാണികൾക്ക് മുന്നിൽ ഒരു ആശ്വാസജയമെന്ന ടീമിന്റെ അവസാനലക്ഷ്യവും നെതർലാന്റസിന് മുന്നിൽ തട്ടി വീണു.ഒടുവിൽ ആതിഥേയർക്ക് കണ്ണീരോടെ മടക്കം.ഏഷ്യൻ ചാംപ്യന്മാരെങ്കിലും സമീപകാലത്ത് പ്രകടനത്തിൽ വലിയ തിരിച്ചടിയാണ് ഖത്തർ നേരിട്ടത്.
ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് നെതർലൻഡ്സ് പ്രീ ക്വാർട്ടറിൽ. കോഡി ഗാക്പോയും ഫ്രെങ്കി ഡിയോങ്ങും സ്‌കോർ ചെയ്ത മത്സരത്തിൽ ഖത്തറിനെ തകർത്ത് മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നെതർലൻഡ്സിന്റെ പ്രീ ക്വാർട്ടർ പ്രവേശനം.
ജയം മാത്രം ലക്ഷ്യമിട്ടാണ് ഡച്ച് ടീം ഖത്തറിനെതിരേ പന്ത് തട്ടാനിറങ്ങിയത്. തുടർച്ചയായ അവസര നഷ്ടങ്ങൾക്കൊടുവിൽ 26-ാം മിനിറ്റിൽ കോഡി ഗാക്പോയിലൂടെ നെതർലൻഡ്സ് മുന്നിലെത്തി. ഡേവി ക്ലാസൻ നൽകിയ പാസ് ഖത്തർ പ്രതിരോധ താരങ്ങളുടെ സമ്മർദം മറികടന്ന് ഗാക്പോ പോസ്റ്റിന്റെ വലതുമൂലയിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പിൽ ഗാക്പോയുടെ മൂന്നാം ഗോൾ.
ജയിച്ചാൽ നോക്കൗട്ടിലെത്താമെന്നതിനാൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഖത്തർ ബോക്സിലേക്ക് ഡച്ച് ടീം ആക്രമണം അഴിച്ചുവിട്ടു. നാലാം മിനിറ്റിൽ തന്നെ അവർ ഗോളിനടുത്തെത്തി. ക്ലാസൻ ബോക്സിലേക്ക് നൽകിയ പന്തിൽ മെംഫിസ് ഡീപേയുടെ ഷോട്ട് ഖത്തർ ഗോൾകീപ്പർ മെഷാൽ ബർഷാം തട്ടിയകറ്റി.
പിന്നാലെ റീബൗണ്ട് ചെയ്ത് വന്ന പന്തിൽ നിന്നുള്ള ഡാലെ ബ്ലിന്റിന്റെ ഷോട്ട് പുറത്തേക്ക് പോയി. പിന്നാലെ 14, 15, 19 മിനിറ്റുകളിൽ ക്ലാസനും ഡംഫ്രിസിനും അവസരങ്ങൾ ലഭിച്ചെങ്കിലും അവർക്കാർക്കും ലക്ഷ്യം കാണാനായില്ല.ഡച്ച് ടീമിന്റെ ആക്രമണത്തിൽ തീർത്തും പ്രതിരോധത്തിലേക്ക് വലിഞ്ഞ ഖത്തർ പക്ഷേ ഏതാനും മികച്ച അറ്റാക്കിങ് റണ്ണുകൾ നടത്തി. പക്ഷേ ഫൈനൽ തേർഡിൽ സമ്മർദം സൃഷ്ടിക്കുന്ന ഒരു മുന്നേറ്റമൊന്നും അവരിൽ നിന്നുണ്ടായില്ല.
ആദ്യ പകുതി ലീഡിൽ അവസാനിപ്പിച്ച നെതർലൻഡ്സ് രണ്ടാം പകുതിയിലും തുടർച്ചയായ ആക്രമണങ്ങൾ നടത്തി. ഇതോടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നെതർലൻഡ്സ് രണ്ടാം ഗോളും കണ്ടെത്തി. ഇത്തവണ ഫ്രെങ്കി ഡിയോങ്ങാണ് ഗോൾ കണ്ടെത്തിയത്. 49-ാം മിനിറ്റിൽ ക്ലാസൻ നൽകിയ ക്രോസാണ് ഗോളിന് വഴിവെച്ചത്.
താരത്തിന്റെ കൃത്യമായ പാസ് ബോക്സിനുള്ളിൽ വെച്ച് പിടിച്ചെടുത്ത ഡീപേ തൊടുത്ത ഷോട്ട് ഖത്തർ ഗോളി ബർഷാം തട്ടിയകറ്റി. എന്നാൽ റീബൗണ്ട് വന്ന പന്ത് നേരേ ഡിയോങ്ങിനു മുന്നിൽ. ഒട്ടും സമയം കളയാതെ ഡിയോങ് പന്ത് വലതുകാൽ കൊണ്ട് ടാപ് ചെയ്ത് വലയിലെത്തിച്ചു.
പിന്നാലെ 69-ാം മിനിറ്റിൽ സ്റ്റീവൻ ബെർഗ്വിസ് ഡച്ച് ടീമിനായി പന്ത് വലയിലെത്തിച്ചെങ്കിലും ഈ ഗോളിനായുള്ള ബിൽഡ് അപ്പിനിടെ ഗാക്പോയുടെ കൈയിൽ പന്ത് തട്ടിയതിനാൽ ഈ ഗോൾ വാർ പരിശോധിച്ച ശേഷം റഫറി നിഷേധിക്കുകയും ചെയ്തു.
മറുനാടന്‍ മലയാളി ബ്യൂറോ