ദോഹ: ഖത്തർ ലോകകപ്പിന്റെ കലാശപ്പോരിലെ ആദ്യ ഗോൾ വിവാദത്തിൽ. അർജന്റീനക്ക് അനുവദിച്ച പെനാലിറ്റിയെ ചൊല്ലിയാണ് സൈബറിടത്തിൽ വാക്‌പോര് നടക്കുന്നത്. 21-ാം മിനുറ്റിൽ ഡിമരിയയെ ഡെംബലെ വീഴ്‌ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചത്. ഡി മരിയ ഇടതു വിങ്ങിലൂടെ ബോക്‌സിലേക്ക് കുതിച്ചപ്പോഴായിരുന്നു ഡെംബാല ഫൗൾ ചെയ്തത്. എന്നാൽ, പെനാലിറ്റി വിധിക്കാൻ മാത്രമുള്ള ഫൗൾ ആയിരുന്നില്ലെന്നാണ് സൈബർ ലോകത്ത് നിരവധി പേർ അഭിപ്രായപ്പെടുന്നത്.

പെനാലിറ്റി എടുത്ത മെസിക്ക് പിഴച്ചതുമില്ല. ലോറിസ് വലത്തോട്ട് ചാടിയപ്പോൾ ഇടത്തോട്ട് അനായാസം പന്ത് വലയിലാക്കി മെസി അർജന്റീനയെ 23-ാം മിനുറ്റിൽ മുന്നിലെത്തിച്ചു. ഈ ലോകകപ്പിൽ മെസിയുടെ ആറാം ഗോളാണിത്. അതേസമയം ഈ ലോകകപ്പിൽ അർജന്റീനക്ക് മാത്രം ഇത്രത്തോളം പെനാലിറ്റികൾ എങ്ങനെ അനുവദിക്കപ്പെടുന്നു എന്നാണ് നെറ്റിസൺസ് ഉയർത്തുന്ന ചോദ്യം. മത്സരം മുറുകും മുമ്പ് ലഭിച്ച പെനാലിറ്റി അർജന്റീനക്ക് ഗുണകരമായി മാറുകയും ചെയ്തു. പിന്നാലെ അർജന്റീന കളം നിറഞ്ഞ് കളിക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്.

36-ാം മിനുറ്റിൽ കൗണ്ടർ അറ്റാക്കിൽ മക്കലിസ്റ്ററിന്റെ അസിസ്റ്റിൽ മരിയ രണ്ടാം ഗോളും കണ്ടെത്തി. സ്റ്റാർട്ടിങ് ഇലവനിൽ ഡി മരിയയെ ഇറക്കിയ സ്‌കലോണിയുടെ തന്ത്രം വിജയിച്ചപ്പോൾ 36-ാം മിനുറ്റിൽ മരിയയിലൂടെ ലാറ്റിനമേരിക്കൻ പട ലീഡ് രണ്ടാക്കിയുയർത്തുകയായിരുന്നു. 4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയെർ ദെഷാം ഫ്രഞ്ച് ടീമിനെ കളത്തിലിറക്കിയത്. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നൽ നൽകി 4-4-2 ശൈലിയിലാണ് അർജന്റീന പരിശീലകൻ ലിയോണൽ സ്‌കലോണി ഇന്ന് ടീമിനെ വിന്യസിക്കുന്നത്.

മെസി-എംബാപ്പെ പോരാട്ടമെന്ന നിലയിൽ മത്സരത്തിന് മുമ്പേ ചർച്ചയായ ഫൈനൽ കിക്കോഫായി ആദ്യ മിനുറ്റുകളിൽ തന്നെ ലുസൈൽ സ്റ്റേഡിയത്തിൽ ആവേശം പടർത്തി. മൂന്നാം മിനുറ്റിൽ അർജന്റീന ആദ്യ മുന്നേറ്റം നടത്തി. അഞ്ചാം മിനുറ്റിൽ മക്കലിസ്റ്ററിന്റെ ലോംഗ് റേഞ്ചർ ശ്രമം ലോറിസിന്റെ കൈകൾ കടന്നില്ല. തൊട്ടുപിന്നാലെ ഡീപോളിന്റെ ഷോട്ട് വരാനെയിൽ തട്ടി പുറത്തേക്ക് തെറിച്ചു.

10 മിനുറ്റിന് ശേഷമാണ് ഫ്രാൻസ് ചിത്രത്തിൽ തെളിയുന്നത്. 14-ാം മിനുറ്റിലാണ് ഫ്രാൻസ് അർജന്റീനൻ ഗോൾമുഖത്തേക്ക് ആദ്യമായി എത്തുന്നത്. 19-ാം മിനുറ്റിൽ ഹെർണാണ്ടസിനെ ഡീപോൾ ഫൗൾ ചെയ്തതതിന് ബോക്സിന് തൊട്ട് പുറത്തുവച്ച് ഫ്രാൻസിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ജിറൂഡിന്റെ പറന്നുള്ള ഹെഡർ ബാറിന് മുകളിലൂടെ പാറി. രണ്ട് ഗോളുകൾക്ക് ശേഷം ഡെംബലെയേയും ജിറൂഡിനേയും 42-ാം മിനുറ്റിൽ പിൻവലിച്ച് മാർക്കസ് തുറാം, കോളോ മൗനി എന്നിവരെ ഇറക്കാൻ ദെഷാം നിർബന്ധിതനായി. എന്നിട്ടും കാര്യമായ ആക്രമണം അഴിച്ചുവിടാൻ ഫ്രഞ്ച് ടീമിനായില്ല. മറുവശത്ത് ആദ്യപകുതിയിൽ പന്തടക്കത്തിലും ആക്രമണത്തിലും ഒരുപോലെ മേധാവിത്തം പുലർത്തി കുതിക്കുകയാണ് അർജന്റീന.