മഡ്രിഡ്: ഖത്തർ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് മുൻ ചാമ്പ്യന്മാരായ സ്പെയിൻ. 26 അംഗ സംഘത്തെയാണ് പരിശീലകൻ ലൂയിസ് എന്റിക്കെ പ്രഖ്യാപിച്ചത്. ഇതിഹാസതാരം സെർജിയോ റാമോസ്, മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം ഡേവിഡ് ഡി ഹിയ, ലിവർപൂളിന്റെ തിയാഗോ അലകാൻഡ്ര എന്നിവർക്ക് ടീമിൽ ഇടം കണ്ടെത്താനായില്ല.

പെഡ്രി, ഗാവി, ആദ്യ പ്രധാന ടൂർണമെന്റിനിറങ്ങുന്ന ഫോർവേഡ് അൻസു ഫാറ്റി എന്നിങ്ങനെ യുവ താരങ്ങളെയാണ് സ്പെയിൻ കോച്ച് ലൂയിസ് എന്റിഖ് തിരഞ്ഞെടുത്തിട്ടുള്ളത്. ഉനയ് സിമോൺ, റോബർട്ട് സാഞ്ചസ്, ഡേവിഡ് റയ എന്നിവരാണ് ഗോൾകീപ്പർമാർ. ഇക്കൂട്ടത്തിൽ സിമോണാണ് പ്രധാനി.

പാവ് ടോറസ്, ജോർഡി ആൽബ, ഹോസെ ഗയ, ഹ്യൂഗോ ഗ്യുല്ലമോൺ, എറിക് ഗാർഷ്യ, അസ്പെലിക്യൂട്ട, കാർവഹാൽ, ലാപോർട്ടെ എന്നിവരടങ്ങുന്ന പ്രതിരോധമാണ് സ്പെയിനിനുള്ളത്.

ബാഴ്സിലോണയുടെ 'എൻജിനായ' സെർജി ബുസ്‌ക്വറ്റ്സ്, റോഡ്രി, ഗാവി, കാർലോസ് സോളെർ, മാർക്കോസ് ലോറെന്റെ, പെഡ്രി, കൊകെ എന്നിവർ മധ്യനിരയിൽ കളിക്കും. യെറേമി പിനോ, ഫെറാൻ ടോറസ്, നികോ വില്യംസ്, അൽവാരോ മൊറാട്ട, മാർകോ അസൻഷ്യോ, പബ്ലോ സെറാബിയ, ഡാനി ഒൽമോ, അൻസു ഫാറ്റി എന്നിവരാണ് മുന്നേറ്റനിരയിൽ അണിനിരക്കുക.

2010-ൽ സ്പെയിൻ ലോകകപ്പ് കിരീടം നേടിയിരുന്നു. കഴിഞ്ഞ ലോകകപ്പിൽ സ്പെയിൻ പ്രീ ക്വാർട്ടറിൽ പുറത്തായിരുന്നു. റഷ്യയാണ് സ്പെയിനിനെ അട്ടിമറിച്ചത്. കഴിഞ്ഞ തവണ കളിച്ച ടീമിൽ നിന്ന് നിരവധി മാറ്റങ്ങളുമായാണ് എന്റിക്കെ ഇത്തവണ സ്പെയിനിനെ ഒരുക്കിയിരിക്കുന്നത്.

മരണഗ്രൂപ്പായ ഇ യിലാണ് സ്പെയിൻ മത്സരിക്കുന്നത്. കോസ്റ്റ റീക്ക, ജർമനി, ജപ്പാൻ എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്പെയിൻ കോസ്റ്റ റീക്കയെ നേരിടും. നവംബർ 23 നാണ് മത്സരം.