- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
സാദിയോ മാനെ ഖത്തറിലെത്തും; ലോകകപ്പിനുള്ള സെനഗൽ ടീമിനെ പ്രഖ്യാപിച്ചു; അട്ടിമറി ആവർത്തിക്കുമോ ആഫ്രിക്കൻ ചാമ്പ്യന്മാർ
ദോഹ: ഖത്തർ ലോകകപ്പിനുള്ള സെനഗൽ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലായിരുന്ന ബയേൺ മ്യൂണികിന്റെ സൂപ്പർതാരം സാദിയോ മാനെ ടീമിലിടം നേടി.26 അംഗ സ്‌ക്വാഡിനെ പരിശീലകൻ അലിയോ സിസ്സെയാണ് പ്രഖ്യാപിച്ചത്. മാനെ ലോകകപ്പിൽ നിന്ന് പുറത്താകുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. മാനെ 26-അംഗ സ്‌ക്വാഡിൽ ഇടംപിടിച്ചതോടെ ലോകകപ്പിനിറങ്ങുന്ന സെനഗലിന് വലിയ പ്രതീക്ഷയാണുള്ളത്.
മുന്നേറ്റത്തിൽ മാനെയ്ക്ക് പുറമേ ഷെഫീൽഡ് യുണൈറ്റഡ് താരം ഇലിമാൻ എൻഡ്യായെ, വാട്ട്ഫോർഡിന്റെ വിങ്ങർ ഇസ്മയില സാർ എന്നിവരുണ്ട്. മധ്യനിരയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഒരുപിടി താരങ്ങളുണ്ട്. ക്രിസ്റ്റൽ പാലസിന്റെ ചെയ്കോ കൗയാട്ടെ, ലെസ്റ്റർ സിറ്റിയുടെ നംപാലിസ് മെൻഡി, എവർട്ടൺ താരം ഗാന ഗുയെ എന്നിവരുണ്ട്.
സെനഗലിന്റെ പ്രതിരോധം ശക്തമാണ്. ചെൽസിയുടെ സെന്റർ ബാക്ക് കലിഡോ കൗലിബാലി, ആർ ബി ലെയ്പ്സിഗിന്റെ അബ്ദൗ ഡയാലോ എന്നവരുണ്ട്. ഗോൾകീപ്പർമാരായി സൂപ്പർതാരം എഡ്വാർഡോ മെൻഡി, ആൽഫ്രഡ് ഗോമിസ്, സെനി ഡിയെങ് എന്നിവരാണുള്ളത്.
ആഫ്രിക്കൻ ചാമ്പ്യന്മാരായി തലയെടുപ്പോടെയാണ് സെനഗൽ ലോകകപ്പിനെത്തുന്നത്. മാനെ ടീമിലെത്തിയതോടെ ലോകകപ്പിൽ ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ലോകകപ്പ് ഗ്രൂപ്പ് എ യിൽ നെതർലൻഡ്സ്, ഇക്വഡോർ, ആതിഥേയരായ ഖത്തർ എന്നിവരോടൊപ്പമാണ് സെനഗലുള്ളത്. നവംബർ 21-ന് നെതർലൻഡ്സുമായാണ് ആദ്യ മത്സരം.
ഖത്തറിൽ പന്തുരുളാൻ 9 ദിവസം ബാക്കി നിൽക്കെയാണ് മാനെയെ ടീമിൽ ഉൾപ്പെടുത്തിയ സന്തോഷ വാർത്ത ആരാധകരെ തേടിയെത്തിയിരിക്കുന്നത്.
നെതർലൻഡ്‌സിനെതിരായ സെനഗലിന്റെ ആദ്യ മത്സരം മാനെയ്ക്ക് നഷ്ടമാകാൻ തന്നെയാണ് സാധ്യത. എങ്കിലും തുടർ മത്സരങ്ങളിൽ മാനെയിറങ്ങുമെന്ന് ഉറപ്പ്. സെനഗൽ ടീമിന്റെ നട്ടെല്ലാണ് മാനെ. താരത്തിന്റെ സാന്നിധ്യം പോലും സംഘത്തിന് വലിയ ഊർജമാകും.
കളത്തിലെ നൃത്തച്ചുവടുകൾക്കപ്പുറം സെനഗലിന്റെ സൽപുത്രനാണ് മാനെ. നാടിനും നാട്ടുകാർക്കുമായി നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളിലൂടെയും ജനമനസുകളിൽ ഇടം നേടിയ താരം സെനഗലിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട മനുഷ്യനാണ്.
സ്പോർട്സ് ഡെസ്ക്