ബ്യൂണസ് ഐറിസ്: ഖത്തർ ലോകകപ്പിനുള്ള അർജന്റീന ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. ലയണൽ മെസ്സി നായകനായ 26 അംഗ സംഘത്തെയാണ് പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചത്. ഇതിഹാസ താരങ്ങൾക്ക് ഒപ്പം ഒരുപിടി മികച്ച യുവതാരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്.

കരുത്തുറ്റ ടീമിനെയാണ് അർജന്റീന ഒരുക്കിയിരിക്കുന്നത്. ഗോൾകീപ്പർമാരായി എമിലിയാനോ മാർട്ടിനെസ്, ജെറോനിമോ റൂലി, ഫ്രാങ്കോ അർമാനി എന്നിവർ ടീമിലിടം നേടി.

പ്രതിരോധത്തിൽ നഹുവേൽ മൊളിന, ഗോൺസാലോ മോണ്ടിയൽ, ക്രിസ്റ്റിയൻ റൊമേറോ, ജെർമൻ പെസ്സെല്ല, നിക്കോളാസ് ഒടാമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, മാർക്കോസ് അക്യുന, നിക്കോളാസ് ടഗ്ലിയാഫിക്കോ, യുവാൻ ഫോയ്ത് എന്നിവർ അണിനിരക്കും.

മധ്യനിരയ്ക്ക് ശക്തിപകരാൻ പരിചയസമ്പന്നനായ റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പാരെഡെസ്, അലെക്സിസ് മാക്ക് അല്ലിസ്റ്റർ, ഗുയ്ഡോ റോഡ്രിഗസ്, അലസാന്ദ്രോ ഗോമസ്, എൻസോ ഫെർണാണ്ടസ്, എസെക്യുയേൽ പലാസിയോസ് എന്നിവരുണ്ട്.

സൂപ്പർതാരം ലയണൽ മെസ്സി നയിക്കുന്ന മുന്നേറ്റനിരയും അതിശക്തമാണ്. എയ്ഞ്ചൽ ഡി മരിയ, ലൗടാരോ മാർട്ടിനെസ്, ജൂലിയൻ ആൽവരെസ്, നിക്കോളാസ് ഗോൺസാലെസ്, ജോക്വിൻ കൊറേയ, പൗളോ ഡിബാല എന്നിവരും മെസ്സിക്കൊപ്പം മുന്നേറ്റനിരയിലുണ്ട്.

അഞ്ചാം ലോകകപ്പിനിറങ്ങുന്ന മെസ്സി കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. തന്ത്രശാലിയായ പരിശീലകൻ ലയണൽ സ്‌കലോണിയുടെ കീഴിൽ തുടർച്ചായി 35 മത്സരങ്ങൾ തോൽക്കാതെയാണ് അർജന്റീനയുടെ വരവ്. കോപ്പ അമരിക്ക കിരീടവും ഫൈനലിസ്സീമയും നേടി മികച്ച ടീം ഗെയിം കാഴ്ചവെച്ച അർജന്റീന ഗ്രൂപ്പ് സിയിലാണ് മാറ്റുരയ്ക്കുന്നത്.

ഗ്രൂപ്പ് സിയിൽ സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നീ ടീമുകളാണ് അർജന്റീനയ്ക്കൊപ്പം മാറ്റുരയ്ക്കുന്നത്. നവംബർ 22 ന് നടക്കുന്ന ആദ്യ മത്സരത്തിൽ അർജന്റീന സൗദി അറേബ്യയെ നേരിടും. രണ്ട് തവണ ലോകകപ്പ് കിരീടം നേടിയ അർജന്റീന 1930-ലും 1990-ലും 2014-ലും ഫൈനലിലെത്തിയിട്ടുണ്ട്.