വിവാദമായ വൺ ലവ് ആം ബാൻഡ് ലോക കപ്പിനേയും വിവാദത്തിലാക്കുകയാണ്. ഇറാനെതിരെയുള്ള ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ആം ബാൻഡ് ധരിച്ച് കളിക്കാനിറങ്ങും എന്ന് പ്രഖ്യാപിച്ചതോടെയാണ് വിവാദം ഉയർന്നിരിക്കുന്നത്.

മനുഷ്യാവകാശങ്ങൾക്ക് വില കൊടുക്കാത്ത ഖത്തറിലെ കടുത്ത നിയമങ്ങൾക്കെതിരെ പശ്ചാത്തലമുയരുന്ന സാഹചര്യത്തിൽ സമത്വത്തിന്റെ പ്രതീകമായി കെയ്ൻ ആം ബാൻഡ് ധരിച്ച് കളിക്കിറങ്ങും എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ, അത്തരത്തിലുള്ള പ്രവർത്തനം ഫിഫ നിയമങ്ങൾക്ക് എതിരായതിനാൽ ഒരുപക്ഷെ കെയ്നെതിരെ മഞ്ഞക്കാർഡ് കാണിച്ചേക്കും എന്ന് ചില കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

കളിക്കാർ, കളിക്കുന്ന സമയത്ത് ധരിക്കേണ്ട വസ്ത്രങ്ങളെ കുറിച്ച് ഫിഫയ്ക്ക് വ്യക്തമായ നിയമങ്ങൾ ഉണ്ട്. കെയ്ൻ ആം ബാൻഡ് ധരിച്ചാൽ ഒരുപക്ഷെ അത് ഈ നിയമത്തിന് എതിരായേക്കാം. ഫിഫ നിയമങ്ങൾ ലംഘിച്ചതിന് ഒരുപക്ഷെ പിഴയൊടുക്കേണ്ടി വന്നേക്കാം. എന്നാൽ, അതിനേക്കാൾ ഗുരുതരമായി, കെയ്നിന് സസ്പെൻഷൻ നൽകിയാൽ, അത് ഇംഗ്ലണ്ട് ടീമിന്റെ പ്രകടനത്തെ തന്നെ ബാധിക്കും എന്ന ആശങ്കയിലാണ് ഇംഗ്ലീഷ് ടീം ഗവേണിങ് ബോഡി. ഇംഗ്ലീഷ് ടീമിന് ഒഴിച്ചുകൂടാൻ ആകാത്ത കളിക്കാരനാണ് ഹാരി കെയ്ൻ.

ഇതുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ഫുട്ബോൾ അസ്സോസിയേഷനും ഫിഫയുമായി ചർച്ചകൾ നടക്കുകയാണ്. ഇംഗ്ലണ്ട് ഉൾപ്പടെ ഒൻപത് രാജ്യങ്ങളാണ് വൺ ലവ് ആം ബാൻഡ് ധരിച്ച് കളിക്ക് ഇറങ്ങുമെന്ന് പറഞ്ഞിട്ടുള്ളത്. ജർമ്മനിയും ഹോളണ്ടും ഇതിൽ ഉൾപ്പെടുന്നു. ആം ബാൻഡ് ധരിച്ചതിന് മഞ്ഞക്കാർഡ് ലഭിക്കുകയാണെങ്കിൽ പിന്നീട് കളിക്കണമോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നായിരുന്നു ഹോളണ്ട് ക്യാപ്റ്റൻ പ്രതികരിച്ചത്.

അതിനിടയിൽ, അര നൂറ്റാണ്ടിനിടയിൽ ആദ്യമായി ലോകകപ്പിൽ പ്രവേശനം സിദ്ധിച്ച വെയ്ൽസ് ടീമും ഖത്തർ പോലൊരു രാജ്യത്ത് ഫുട്ബോൾ കളിക്കേണ്ടിവന്നതിലെ വിഷമം പങ്കുവയ്ക്കുകയാണ്. വൺ ലവ് ആം ബാൻഡ് പോലുള്ള നീക്കങ്ങളെ പിന്തുണക്കും എന്നാണ് ടീം മാനേജർ ആയ റോബ് പേജും പറയുന്നത്.

മനുഷ്യാവകാശങ്ങൾ പോലുള്ള വിഷയങ്ങളിൽ കൃത്യമായ നിലപാടുള്ളവരാണ് വെൽഷ് ജനത എന്നു പറഞ്ഞ അദ്ദേഹം തങ്ങളും ആം ബാൻഡ് ധരിക്കുമെന്ന് പറഞ്ഞു.