- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഗോൾ വഴങ്ങാതെ തുടർച്ചയായ ഏഴാം മത്സരം; ഇരട്ടഗോളുകളുമായി ക്യാപ്റ്റൻ; 'മൂന്ന് ഗോളടിച്ചിട്ടും' നായകന് ഹാട്രിക് ഭാഗ്യം കിട്ടാത്തത് നിരാശ; ലോകകപ്പിൽ അഞ്ച് ഗോളുകൾ നേടുന്ന ആദ്യ ഇക്വഡോർ താരമായി വലൻസിയ; ഈ ടീം അത്ഭുതങ്ങളുടെ കൂടാരം തുറക്കുമെന്ന് ബ്രസീൽ പരിശീലകനെ കൊണ്ട് പറയിപ്പിച്ച ഇക്വഡോർ നിരാശരാക്കിയില്ല; ഉദ്ഘാടന മത്സരത്തിൽ തോറ്റ ആദ്യ ആതിഥേയരായി ഖത്തർ
ദോഹ: ഇരട്ടഗോളുകളുമായി മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ എന്നർ വലൻസിയയുടെ മികവിൽ ആതിഥേയർക്കെതിരെ ഇക്വഡോറിന് തകർപ്പൻ വിജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇക്വഡോർ ഖത്തറിനെ വീഴ്‌ത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ പരാജയപ്പെടുന്നത് ചരിത്രത്തിൽ ആദ്യമാണ്. ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഏകപക്ഷീയമായിരുന്നു ഇക്വഡോറിന്റെ വിജയം
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 16, 31 മിനിറ്റുകളിലായിരുന്നു വലൻസിയയുടെ ഗോളുകൾ. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ വിവാദപരമായ തീരുമാനത്തിലൂടെ റഫറി നിഷേധിച്ച ഗോളും ചർച്ചകളിലുണ്ട്. അതു സംഭവിച്ചെങ്കിൽ ഇക്വഡോർ നായകന് ആദ്യ പകുതിയിൽത്തന്നെ ഹാട്രിക് തികയ്ക്കാനാകുമായിരുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും എന്നർ വലൻസിയയുടെ കളിയാണ് ഉദ്ഘാടനത്തിൽ കണ്ടത്. ഇതോടെ ലോകകപ്പിൽ അഞ്ച് ഗോളുകൾ നേടുന്ന ആദ്യ ഇക്വഡോർ താരമെന്ന നേട്ടം എന്നർ വലൻസിയ സ്വന്തമാക്കി. ഗൂപ്പ് എയിൽ ഇക്വഡോറിന് മൂന്നു പോയിന്റായി.
ഫിഫ റാങ്കിങ്ങിൽ 50-ാം സ്ഥാനത്താണ് ആതിഥേയരായ ഖത്തർ ഫുട്‌ബോൾ ടീം. ഇക്വഡോർ 44-ാം സ്ഥാനത്തും. ഇനി വെള്ളിയാഴ്ച സെനഗലിനെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം. അന്നു തന്നെ ഇക്വഡോർ നെതർലൻഡ്‌സിനെയും നേരിടും. രണ്ടാം പകുതിയിൽ ആതിഥേയർ കുറച്ചുകൂടി ഒത്തിണക്കം കാട്ടിയെങ്കിലും, ഗോൾ നീക്കങ്ങളൊന്നും സൃഷ്ടിക്കാനായില്ല. ആവേശഭരിതമായ മത്സരത്തിൽ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ആധിപത്യം സ്ഥാപിച്ചാണ് ഇക്വഡോർ വിജയം പിടിച്ചത്.
ഇക്വഡോർ ആദ്യ ഗോൾ: ജെഗ്‌സൻ മെൻഡസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കടന്ന ഇക്വഡോർ ക്യാപ്റ്റൻ വലൻസിയയെ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബ് ബോക്‌സിനുള്ളിൽ വീഴ്‌ത്തിയതിനാണ് 16ാം മിനിറ്റിൽ റഫറി ഇക്വഡോറിന് പെനൽറ്റി അനുവദിച്ചത്. പെനൽറ്റി എടുക്കാനെത്തിയ വലൻസിയ, അനായാസം ലക്ഷ്യം കണ്ടു. 31ാം മിനിറ്റിൽ വലൻസിയ തന്നെ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ വലതുവിങ്ങിൽനിന്ന് എയ്ഞ്ചലോ പ്രസിയാഡോ ഉയർത്തി നൽകിയ പന്തിൽ വലൻസിയ തൊടുത്ത കിടിലൻ ഹെഡർ പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിൽ കയറി.
മൂന്നാം മിനിറ്റിൽ തകർപ്പൻ മുന്നേറ്റത്തിലൂടെ വലൻസിയ തന്നെ ഇക്വഡോറിനായി ലക്ഷ്യം കണ്ടതാണ്. ഫെലിക്‌സ് ടോറസിന്റെ തകർപ്പൻ ഓവർഹെഡ് പാസിനെ വലൻസിയ തലകൊണ്ട് ചെത്തി വലയിലാക്കുകയായിരുന്നു. ആഘോഷം തുടങ്ങി. എന്നാൽ റഫറി ഓഫ് സൈഡ് വിധിച്ചു. കളിയിൽ ഉടനീളം ആക്രമണം തുടർന്ന എക്വഡോർ, ഖത്തർ ബോക്സിൽ അപകടം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. മോയ്സസ് കായ്സെഡോയും ഏയ്ഞ്ചലോ പ്രെസിയാഡോയും ചേർന്ന് നിരന്തരം ഖത്തർ ബോക്സിലേക്ക് പന്തുകൾ എത്തിച്ചുകൊണ്ടേയിരുന്നു.വലൻസിയ ഖത്തർ പ്രതിരോധത്തിന് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു.
എക്വഡോറിന്റെ നിരന്തര ആക്രമണങ്ങൾ പ്രതിരോധിക്കുകയായിരുന്നു ഖത്തർ കളിയുടെ ഏതാണ്ട് മുഴുവൻ സമയവും. അൽമോയസ് അലിയുടെ ഏതാനും ഷോട്ടുകളും മുഹമ്മദ് മുണ്ടാരിയുടെ ഒരു ഷോട്ടും ഒഴിച്ചുനിർത്തിയാൽ എക്വഡോർ ഗോൾകീപ്പറെ പരീക്ഷിക്കുന്ന തരത്തിലുള്ള മുന്നേറ്റങ്ങളൊന്നും ആതിഥേയരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഈ ടീം അത്ഭുതങ്ങളുടെ കൂടാരം തുറക്കുമെന്ന ബ്രസീൽ ടീം പരിശീലകൻ ടിറ്റെയുടെ വാക്കുകളിലുണ്ടായിരുന്നു ഇക്വഡോറിന്റെ വീര്യം.
ഖത്തറിനായി ആർപ്പുവിളിച്ച ആയിരങ്ങളെ നിശബ്ദമാക്കി അവർ കളംവാണു. പരുക്കൻ അടവുകളിലൂടെ ഖത്തർ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കളിയിൽ ഒരുഘട്ടത്തിലും ഖത്തറിന് കളംപിടിക്കാനായില്ല. ഇതിനിടെ ഇബാറയുടെ കരുത്തുറ്റ ഷോട്ട് തടഞ്ഞ് അൽ ഷീബ് അവർക്ക് ആശ്വാസം നൽകി.തുടർച്ചയായ ഏഴാംമത്സരമാണ് ഇക്വഡോർ ഗോൾ വഴങ്ങാതെ അവസാനിപ്പിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ