ദോഹ: ഖത്തറിലെ ലോകകപ്പ് ഏറെ വിവാദത്തിലായപോലെ ആദ്യ മാച്ച് കാണാനെത്തിയ കാണികൾ ബി ബി സിയേയും കുറ്റപ്പെടുത്തുകയാണ്. ഞായറാഴ്‌ച്ച ദോഹയിലെ സ്റ്റേഡിയത്തിൽ നിന്നും കളിയുടെ തത്സമയ സംപ്രേഷണത്തിനിടെ മനുഷ്യാവകാശങ്ങളെ കുറിച്ച് ദീർഘ പ്രഭാഷണങ്ങൾ നൽകിയ കമന്റേറ്റർമാരുടെ കാപട്യത്തെ ചോദ്യം ചെയ്ത് പലരും രംഗത്തെത്തിയിട്ടുണ്ട്. ലോക കപ്പിനുള്ള ബി ബി സിയുടെ അവതാരകയായി ഗാരി ലിനേക്കറുടെ നീണ്ട പ്രസംഗത്തിൽ ഉടനീളം മുഴച്ചു നിന്നത് ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങളായിരുന്നെന്ന് പലരും കുറ്റപ്പെടുത്തുന്നുണ്ട്.

സ്വവർഗ്ഗാനുരാഗം പോലുള്ള വിഷയങ്ങളിൽ അതീവ യാഥാസിഥിക നിലപാട് പുലർത്തുന്ന ഖത്തർ പോലൊരു രാജ്യത്ത് ലോകകപ്പിൽ പങ്കെടുക്കാൻ പ്രതിഫലം വാങ്ങിയ മറ്റ് ഫുട്ബോൾ കമന്റേറ്റർമാരും മാധ്യമ പ്രവർത്തകരുമൊക്കെ ഇപ്പോൾ സാധാരണക്കാരുടെ വിമർശനങ്ങൾക്ക് വിധേയരാവുകയാണ്. ഇത്തരക്കാരാണ് ഇപ്പോൾ ഖത്തറിലെ മനുഷ്യാവകാശങ്ങൾ ഉച്ചത്തിൽ വിളിച്ചു കൂകുന്നത്. ഇത് തികഞ്ഞ കാപട്യമാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

ആദ്യ മത്സരം സംപ്രേഷണം ചെയ്ത ബി ബി സി, കമന്റേറ്റർമാരുടെ നെടുനീളൻ പ്രസംഗങ്ങളിലൂടെ കാണികളെ വെറുപ്പിക്കുകയായിരുന്നു. ഫുട്ബോൾ കളി കാണാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ കാണികൾ, മനുഷ്യാവകാശ ലംഘനത്തെ എതിർക്കുന്നെങ്കിൽ, അങ്ങോട്ട് പറന്നു ചെന്ന് മാധ്യമ പ്രവർത്തനം നടത്തി പ്രതിഫലം സ്വീകരിക്കാതിരിക്കാമായിരുന്നു എന്ന അഭിപ്രായക്കാരാണ്.

അതേസമയം, ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ ഒരു ബ്രിട്ടീഷ് ചാനലും സംപ്രേഷണം ചെയ്യാത്തതിലും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. 20 മിനിറ്റ് മാത്രം നീണ്ടു നിന്ന ചടങ്ങ് എന്തുകൊണ്ടാണ് ബി ബി സി സംപ്രേഷണം ചെയ്യാത്തത് എന്ന ചോദ്യം ഉയരുന്നുണ്ട്. ചെൽസിയും ടോട്ടൻഹാം ഹോട്സ്പറും തമ്മിലുള്ള വിമൻസ് സൂപ്പർ ലീഗ് മത്സരം സംപ്രേഷണം ചെയ്യുന്നത് തടസ്സപ്പെടരുത് എന്നതിനാൽ ബി ബി സി വൺ ഉദ്ഘാടന ചടങ്ങുകളുടെ ആദ്യഭാഗം സംപ്രേഷണം ചെയ്തിരുന്നില്ല.

ആ മത്സരം അവസാനിച്ച ഉടൻ ബി ബി സി ദോഹയിലേക്ക് തിരിഞ്ഞെങ്കിലും ഉദ്ഘാടന ചടങ്ങുകളുടെ ബാക്കി ഭാഗം തത്സമയ സംപ്രേഷണം ചെയ്യാൻ ഒരുങ്ങിയില്ല. അതിനു പകരം ഖത്തറിലെ മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ഒരു റിപ്പോർട്ടായിരുന്നു നൽകിയത്.