വിവാദമായ ഖത്തർ ലോകകപ്പിൽ ഒരുപക്ഷെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് അതിന്റെ സ്പോൺസർമാരായ ബഡ്വൈസർക്കായിരിക്കും. സ്പോൺസർ എന്ന നിലയിൽ, സ്റ്റേഡിയത്തിനകത്തും പരിസരത്തും ബിയർ വിൽപനയുടെ കുത്തകാവകാശം നേടിയ ബഡ്വൈസർ കണ്ടത് വലിയൊരു വിപണി സാധ്യതയായിരുന്നു. അതുകൊണ്ടു തന്നെ ലക്ഷക്കണക്കിന് ബിയർ ക്യാനുകളായിരുന്നു തയ്യാറാക്കിയതും. പതിനൊന്നാം മണിക്കൂറിൽ ബിയർ വിൽപന നിരോധിച്ചുകൊണ്ട് ഖത്തർ അധികൃതർ ഉത്തരവിട്ടതോടെവെയർഹൗസുകളിൽ ഇപ്പോൾ അതെല്ലാം കുമിഞ്ഞുകൂടി കിടക്കുകയാണ്.

സ്പോൺസർമാരിൽ ഒരാൾ എന്ന നിലയിൽ, നേരത്തേ സ്റ്റേഡിയത്തിനകത്തും പരിസരത്തും ബിയർ വിൽക്കുന്നതിനുള്ള കുത്തകാവകാശം ഇവർക്ക് ലഭിച്ചിരുന്നു. ഇപ്പോൾ പുതിയ നിയന്തണങ്ങൾ പ്രകാരം അവർക്ക് ആൽക്കഹോൾ ഇല്ലാത്ത ബിയർ മാത്രമെ വിൽക്കാൻ സാധിക്കുകയുള്ളു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ചയായിരുന്നു ബിയർ നിരോധിച്ചുകൊണ്ടുള്ള തീരുമാനം വന്നത്. തുടർന്ന് നിരവധി ഫുട്ബോൾ ആരാധകർ ടിക്കറ്റിന്റെ പണം മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

എന്നാൽ, തീർത്തും കുഴപ്പത്തിലായത് ബഡ്വൈസർ കമ്പനി തന്നെയായിരുന്നു. ലോകകപ്പ് മുന്നിൽ കണ്ട് നിർമ്മിച്ച ലക്ഷക്കണക്കിന് ബിയർ ക്യാനുകൾ വിറ്റഴിക്കാനാകാത്ത സ്ഥിതിയായി അവർക്ക്. ഏതായാലും, ലോകകപ്പിനായി പ്രത്യേകം നിർമ്മിച്ച ബിയർ മുഴുവനായി കപ്പ് നേടുന്ന രാജ്യത്തിന് നൽകും എന്ന് അവർ പ്രഖ്യാപിച്ചു കഴിഞ്ഞു. ലണ്ടനിലേയും ലങ്കാഷയറിലേയും വെയിൽസിലേയും ബ്രൂവറികളിൽ നിന്നും 8000 മൈൽ യാത്ര ചെയ്താണ് ബിയർ ക്യാനുകൾ ഖത്തറിൽ എത്തിച്ചത്. അതെല്ലാം ഇപ്പോൾ ഗോഡൗണിൽ കുന്നു കൂടിയിരിക്കുകയാണ്.

നേരത്തേ ലോകകപ്പിനായി, ഖത്തർ നിയന്ത്രണങ്ങളിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. അതുവഴി ചില പ്രത്യേക ഫാൻ സോണുകളിലും സ്റ്റേഡിയത്തിലും ബിയർ കഴിക്കാമായിരുന്നു. എന്നാൽ, ഇത് അവസാന നിമിഷം തിരുത്തുകയായിരുന്നു ഖത്തർ. ഇപ്പോൾ ഫാൻ സോണുകളിൽ മാത്രമാണ് ബിയർ ഉപയോഗിക്കാൻ കഴിയുക. 12 പൗണ്ടിന് ഒരു പൈന്റ് ലഭ്യമാകും. എന്നാൽ, ഒരു വ്യക്തിക്ക് പരമാവധി നാലെണ്ണം മാത്രമെ ലഭിക്കുകയുള്ളു.

കളിക്കാരുടെ ഭാര്യമാർ തങ്ങുക ആഡംബര കപ്പലിൽ

ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിലെ കളിക്കാരുടെ ഭാര്യമാരും കാമുകിമാരുമിന്നലെവൈകിട്ട് ഖത്തറിൽ എത്തി. മാഞ്ചസ്റ്ററിൽ നിന്നും വിമാനത്തിൽ ലണ്ടനിലെത്തിയ അവർ ലണ്ടനിൽ നിന്നായിരുന്നു ഖത്തറിലേക്ക് തിരിച്ചത്. കളിക്കാർക്ക് മത്സരം കഴിയുന്നത് വരെ കർശനമായ കോവിഡ് ബബിൽ നിയന്ത്രണങ്ങൾ പാലിക്കേണ്ടി വരും, അതേസമയം അവരുടെ പങ്കാളികൾ ആഡംബര നൗകയിലായിരിക്കും ഇക്കാലയളവിൽ താമസിക്കുക.

ഫുട്ബോൾ താരങ്ങളുടെ ഭാര്യമാരും കാമുകിമാരും അടങ്ങുന്ന വാഗ്സ് എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പ് എക്കാലത്തെ ലോകകപ്പിലും പ്രത്യേകം ശ്രദ്ധയാകർഷിച്ചിരുന്ന ഒരു വിഭാഗമായിരുന്നു. ആഡംബര ജീവിത ശൈലിയും, ആധുനിക ഫാഷൻ വസ്ത്രങ്ങളുമായി അവർ എന്നും മഞ്ഞവെളിച്ചത്തിൽ കത്തിനിന്നിരുന്നു.

ലോകകപ്പിനെ ഒരു ഉത്സവമാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന വാഗ്സിനും ഈ വർഷത്തെ ലോകകപ്പ് ഒരു ബോറൻ പരിപാടിയായി മാറിയേക്കും. വസ്ത്രധാരണത്തിലും മറ്റുമുള്ള നിയന്ത്രണങ്ങൾ തന്നെയാണ് അതിനു പ്രധാന കാരണം.