ദോഹ: ലോക കപ്പിലേക്ക് അമേരിക്കയുടെ തിരിച്ചുവരവിനായിരുന്നു ഇന്നലെ ദോഹ സാക്ഷ്യം വഹിച്ചത്. 12000 കിലോമീറ്റർ താണ്ടി ദോഹയിലെത്തിയ അമേരിക്കൻ ആരാധകർക്ക് നിരാശരാകേണ്ടി വന്നില്ല. ഗ്രൂപ്പ് ബി യിലെ ആവേശോജ്ജ്വലമായ മത്സരത്തിൽ ഇടവേളയിൽ, തിമോത്തി വീ സ്‌കോർ ചെയ്ത 1 ഗോളിന് മുന്നിലെത്തിയതോടെ അമേരിക്കൻ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി. ജയം ലക്ഷ്യമാക്കി കളിച്ച അമേരിക്കയ്ക്ക് പക്ഷെ ഒടുവിൽ, വെയിൽസുമായി സമനിലക്ക് വഴങ്ങേണ്ടി വന്നു.

2018-ലെ ലോകകപ്പിൽ അമേരിക്കയ്ക്ക് പങ്കെടുക്കാനായിരുന്നില്ല. നീണ്ട് എട്ട് വർഷങ്ങൾക്ക് ശേഷം, ലോകവേദിയിൽ തങ്ങളുടെ ടീമിന്റെ പ്രകടനം കാണാനെത്തിയ ആരാധകരെ പക്ഷെ ടീം നിരാശരാക്കിയില്ല. വസ്ത്രങ്ങളിൽ പോലും നക്ഷത്രാങ്കിത പതാക പ്രദർശിപ്പിച്ചെത്തിയ അമേരിക്കൻ ആരാധകർ, അക്ഷരാർത്ഥത്തിൽ തന്നെ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം മുഴുവൻ അമേരിക്കയാക്കി മാറ്റിയിരുന്നു. അമേരിക്കൻ പതാകകൾ പാറിക്കളിച്ചപ്പോൾ, പലരും അമേരിക്കൻ ദേശീയ പ്രതീകങ്ങളും പ്രദേർശിപ്പിക്കുന്നുണ്ടായിരുന്നു. അതേസമയം, അമേരിക്കയിലും ആവേശത്തിനു കുറവുണ്ടായില്ല. ജോലി സമയത്തിനിടയിലാണ് അവിടെ മത്സരം സംപ്രേഷണം ചെയ്യപ്പെടുക എങ്കിലും, കടുത്ത ആവേശത്തോടെയായിരുന്നു ആളുകൾ അത് വീക്ഷിച്ചത്. തിരക്ക് പിടിച്ച താങ്ക്സ്ഗിവിങ് ആഴ്‌ച്ചയിലു, തിരക്കുകൾക്കിടയിൽ മത്സരം കാണാൻ ലക്ഷക്കണക്കിന് അർധകർ സമയം കണ്ടെത്തി.

രണ്ടാം പകുതിയിൽ നേടിയ ഗോളിലൂടെ അമേരിക്കയോട് സമനില പിടിച്ച വെയിൽസിന്റെ ആരാധകരും ഏറെ ആഹ്ലാദത്തിലാണ്. അഞ്ച് പതിറ്റാണ്ടിനു ശേഷം ലോകകപ്പ് വേദിയിൽ എത്തുന്ന രാജ്യത്തെ പ്രോത്സാഹിപ്പിക്കാൻ ആയിരക്കണക്കിന് ആരാധകരാണ് ദോഹയിൽ എത്തിയിട്ടുള്ളത്. 1958-ൽ ആയിരുന്നു വെയിൽസ് അവസാനമായി ലോക കപ്പിൽ പങ്കെടുത്തത്. അന്ന് ക്വാർട്ടർ ഫൈനലിൽ അവർ ബ്രസീലിനോടായിരുന്നു പരാജയമടഞ്ഞത്. ദോഹയിലെ നക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് ടീമിനെ പ്രോത്സാഹിപ്പിക്കാൻ എത്തിയ ആരാധകർക്ക് പക്ഷെ ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു വെയിൽസിന്റെ പ്രകടനം. ക്വാളിഫയിങ് മത്സരങ്ങളിൽ ആസ്ട്രിയയേയും യുക്രെയിനേയും പരാജയപ്പെടുത്തിയാണ് വെയിൽസ് അര നൂറ്റാണ്ടിനു ശേഷം ലോക കപ്പിൽ എത്തുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് തങ്ങളുടേ ടീമിന്റെ മുന്നേറ്റം കാത്തിരിക്കുന്നത്.

ആദ്യ പകുതിയിൽ നിറഞ്ഞ് കളിച്ച് യുഎസ്എ. രണ്ടാം പകുതി സ്വന്തമാക്കി വെയ്ൽസ്. ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ നടന്ന യുഎസ്എ - വെയ്ൽസ് മത്സരത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. തിമോത്തി വിയയുടെ ഗോളിന് ഒരു പെനാൽറ്റിയിലൂടെ ഗാരെത് ബെയ്ൽ മറുപടി നൽകിയപ്പോൾ മത്സരം സമനിലയിൽ കലാശിച്ചു.ആദ്യ പകുതിയിൽ വെയ്ൽസിനെ നിലംതൊടീക്കാതെയായിരുന്നു യുഎസ് മുന്നേറ്റങ്ങൾ. ഇതോടെ 64 വർഷങ്ങൾക്കു ശേഷം ലോകകപ്പിൽ പന്തു തട്ടാനെത്തിയ വെയ്ൽസ് താരങ്ങൾ ആദ്യ പകുതിയിൽ പന്ത് കിട്ടാതെ വലഞ്ഞു. മത്സരത്തിന്റെ തുടക്കം മുതൽ പന്തിന്മേൽ ഉണ്ടായിരുന്ന ആധിപത്യം യുഎസ്എ ആദ്യ പകുതിയിലുടനീളം തുടർന്നു.

ലെഫ്റ്റ് ബാക്ക് ആന്റണി റോബിൻസണായിരുന്നു യുഎസ് നിരയിൽ ഏറ്റവും അപകടകാരി. വെയ്ൽസ് പ്രതിരോധത്തെ കബളിപ്പിച്ച് താരം നിരന്തരം ബോക്സിലേക്ക് പന്തെത്തിച്ചുകൊണ്ടിരുന്നു. ഇതിനിടെ 10-ാം മിനിറ്റിൽ ജോഷ് സർജന്റിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു. യുഎസിന്റെ നിരന്തര ആക്രമണങ്ങൾക്ക് 36-ാം മിനിറ്റിൽ ഉദ്ദേശിച്ച ഫലം ലഭിച്ചു. മൈതാനമധ്യത്തു നിന്ന് പന്ത് റാഞ്ചി മുന്നേറിയ ക്രിസ്റ്റ്യൻ പുലിസിച്ച് വെയ്ൽസ് പ്രതിരോധം പിളർന്ന് നൽകിയ കൃത്യതയാർന്ന പാസ് തിമോത്തി വിയ തന്റെ വലംകാൽ ഉപയോഗിച്ച് വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ കണ്ട വെയ്ൽസായിരുന്നില്ല രണ്ടാം പകുതിയിൽ. ഡാനിയൽ ജെയിംസിനെ പിൻവലിച്ച് കിഫെർ മൂറിനെ കളത്തിലിറക്കിയാണ് വെയ്ൽസ് തുടങ്ങിയത്. ആദ്യ പകുതിയിലെ പ്രശ്നങ്ങൾ മാറ്റിവെച്ച് ആത്മവിശ്വാസത്തോടെ രണ്ടാം പകുതിയിലിറങ്ങിയ വെയ്ൽസ് തുടക്കത്തിൽ മികച്ച മുന്നേറ്റങ്ങൾ നടത്തി. 64-ാം മിനിറ്റിൽ ബെൻ ഡേവിസിന്റെ ഗോളെന്നുറച്ച ഹെഡർ യുഎസ്എ ഗോൾകീപ്പർ മാറ്റ് ടർണർ രക്ഷപ്പെടുത്തിയത് വെയ്ൽസിന് തിരിച്ചടിയായി. പിന്നാലെ കോർണറിൽ നിന്നുള്ള മൂറിന്റെ ഹെഡറും പുറത്തേക്ക് പോയി.

80-ാം മിനിറ്റിലെ വെയ്ൽസ് മുന്നേറ്റം തടയാൻ യുഎസ് താരം വാക്കർ സിമ്മെർമാന് ഫൗൾ എടുക്കേണ്ടി വന്നു. ബോക്സിൽ ഗാരെത് ബെയ്ലിനെ വീഴ്‌ത്തിയ താരത്തിന്റെ നടപടിക്ക് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. 82-ാം മിനിറ്റിൽ ബെയ്ലെടുത്ത ആ കിക്ക് ഗോളായി. 64 വർഷങ്ങൾക്കു ശേഷം ലോകകപ്പിന്റെ വേദിയിൽ വെയ്ൽസിന്റെ ഗോൾ.

ഗോൾ നേടിയതോടെ വെയ്ൽസിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂടി. എന്നാൽ ഗോൾകീപ്പർ മാറ്റ് ടർണറിന്റെ മികവ് യുഎസിന് തുണയായി. ഒടുവിൽ നിശ്ചിത സമയത്തിന് റഫറി അനുവദിച്ച ഒമ്പത് മിനിറ്റ് അധിക സമയവും കൂടി അവസാനിച്ചപ്പോൾ ഇരു ടീമും ഓരോ പോയന്റ് വീതം സ്വന്തമാക്കി.